ഛർദിയും വയറിളക്കവും പടരുന്നു: കുടിവെള്ളത്തിൽനിന്നെന്ന് സംശയം
text_fieldsആലപ്പുഴ: സ്കൂൾ തുറന്നതിനൊപ്പം നഗരത്തിൽ ഛർദിയും അതിസാരവും പടരുന്നതിൽ ആശങ്ക. കടപ്പുറം വനിത-ശിശു ആശുപത്രി, ജില്ല ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ രോഗം ബാധിച്ച് ഒമ്പതു കുട്ടികൾ കൂടി ചികിത്സ തേടിയതോടെയാണ് ആശങ്ക വർധിച്ചത്.
ഇതോടെ നാലുദിവസത്തിനുള്ളിൽ ചികിത്സതേടിയവരുടെ എണ്ണം 45 ആയി ഉയർന്നു. കുടിവെള്ളത്തിൽനിന്നാണ് രോഗം പടരുന്നതെന്നാണ് സംശയം. ഇതോടെ, വാട്ടർഅതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം സൂപ്പർ കോറിനേഷൻ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ ശുദ്ധജലം സൂപ്പർ ക്ലോറിനേഷൻ നടത്തും.
ചികിത്സതേടിയവരിൽ ഏറെയും രണ്ട് മുതൽ 15വയസ്സുവരെയുള്ള കുട്ടികളാണ്. പുറത്തുനിന്നുള്ള ഭക്ഷണം, ജൂസ് അടക്കമുള്ള പാനീയം എന്നിവയിൽനിന്നാണ് രോഗവ്യാപനത്തിന് സാധ്യതയെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇതിനിടെ, നഗരസഭ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷവകുപ്പിന്റെയും നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി. വൃത്തിയും ശുചിത്വവും ഉറപ്പാക്കാനാണിത്. ഇതിനൊപ്പം പരിശോധനക്കായി കുടിവെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ചു.
നഗരത്തിൽ കുടിവെള്ളംവിതരണം ചെയ്യുന്ന ആർ.ഒ പ്ലാന്ററുകളിലടക്കം പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.
കഴിഞ്ഞവർഷം സമാനരീതയിൽ ഛർദിയും വയറിളക്കവും ബാധിച്ച് 200ലേറെ കുട്ടികളാണ് ചികിത്സ തേടിയത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സ്വകാര്യ ആർ.ഒ പ്ലാൻറിലെ വെള്ളമാണ് വില്ലനായതെന്നായിരുന്നു കണ്ടെത്തൽ. മഴ തുടരുന്ന സാഹചര്യത്തിൽ തിളപ്പിച്ച ആറിയ വെള്ളം ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.