‘ഒരു കുഞ്ഞിനെ കോടതി എങ്ങിനെയാണ് മരണത്തിലേക്ക് തള്ളിവിടുക?’ - ഗർഭം ഒഴിവാക്കാനുള്ള ഹരജിയിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സ്ത്രീയുടെ സ്വയം നിർണയാവകാശം പ്രധാനമാണ് എന്നതിനൊപ്പം ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങൾ തള്ളാനാവില്ലെന്നും ഇവ രണ്ടിനുമിടയിൽ സന്തുലനം വേണമെന്നും സുപ്രീംകോടതി. സ്ത്രീയുടെ ഭാഗവും സർക്കാറിന്റെ ഭാഗവും വാദിക്കാൻ അഭിഭാഷകരുള്ളപ്പോൾ ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കാൻ ആരാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈച ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് 26 ആഴ്ചയായ തന്റെ മൂന്നാമത്തെ ഗർഭം ഒഴിവാക്കാൻ അനുമതി തേടി എത്തിയ രണ്ട് കുഞ്ഞുങ്ങളുടെ മാതാവിനോട് ചോദിച്ചു. ഗർഭം തുടരുന്ന കാര്യം സ്ത്രീയോട് സംസാരിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തി ഹരജി വെള്ളിയാഴ്ച രാവിലെ 10.30ന് പരിഗണിക്കാനായി ബെഞ്ച് മാറ്റി.
‘ഹൃദയമിടിപ്പ് നിലക്കാത്ത ആ ഭ്രൂണത്തെ ഡോക്ടർ ഇല്ലാതാക്കണമെന്നാണോ താങ്കൾ വാദിക്കുന്നത്?’
വ്യാഴാഴ്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, ഹൃദയമിടിപ്പ് നിലക്കാത്ത ആ ഭ്രൂണത്തെ ഡോക്ടർ ഇല്ലാതാക്കണമെന്നാണോ താങ്കൾ വാദിക്കുന്നതെന്ന് യുവതിയുടെ അഭിഭാഷകനോട് ചോദിച്ചു. ഭ്രൂണം അതിജീവിക്കാൻ സാധ്യതയേറെയുണ്ടെന്നും ഗർഭം അലസിപ്പിക്കുന്നത് ഭ്രൂണഹത്യയായിരിക്കുമെന്നുമാണ് വൈദ്യപരിശോധനാ ഫലം. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ ആവശ്യം അംഗീകരിക്കുന്നതിൽ ആശങ്കകൾ ഏറെയാണെന്ന് ബെഞ്ച് പറഞ്ഞു.
ഗർഭകാലം പൂർത്തിയാക്കാനുള്ള മാനസികാവസ്ഥയിലല്ല യുവതിയെന്നും കഴിഞ്ഞ വർഷം സെപ്റ്റംബറിലെ രണ്ടാംപ്രസവത്തെ തുടർന്നുണ്ടായ വിഷാദ രോഗത്തിലാണെന്നും ഗർഭാവസ്ഥയിൽ തുടർന്നാൽ രോഗം രൂക്ഷമാകുമെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. അതിനാൽ ഭ്രൂണഹത്യ നടത്തണമെന്നല്ല, കുഞ്ഞിനെ പുറത്തെടുത്ത് ഗർഭം അവസാനിപ്പിച്ചാൽ മതിയെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇപ്പോൾ പുറത്തെടുത്താൽ കുഞ്ഞിന് മാനസികവും ശരീരികവുമായ വൈകല്യങ്ങളുണ്ടാകുമെന്നും പൂർണഗർഭിണിയാകാൻ ഏതാനും ആഴ്ചകൾ കൂടി കാത്ത് നിൽക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത അവിവാഹിതകളുടെയും ലൈംഗികാക്രമണത്തിലെ ഇരകളുടെയും കേസുകളിൽ നിന്ന് ഇതിനെ വേർതിരിച്ചു കാണണം. വിവാഹിതയായ ഒരു സ്ത്രീയാണവർ. 26 ആഴ്ച അവർ എന്തെടുക്കുകയായിരുന്നു?. രണ്ട് കുഞ്ഞുങ്ങളുള്ള അവർക്ക് ഇതിന്റെ പ്രത്യാഘാതങ്ങൾ അറിയാം. ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളെ കുറിച്ചും നാമോലിചക്കണമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
‘ഗർഭസ്ഥ ശിശുവിന്റെ ഭാഗം വാദിക്കാൻ കോടതിയിൽ ആരുണ്ട്?’
ഭരണഘടനയുടെ 21-ാം അനുഛേദം അനുസരിച്ച് സ്ത്രീയുടെ സ്വയം നിർണയാവകാശം തീർച്ചയായും പ്രധാനമാണ്. പക്ഷെ, എന്തു ചെയ്താലും ആ ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളെ ബാധിക്കുമെന്ന് നാം തതുല്യമായി മനസിലാക്കണം. സ്ത്രീയുടെ ഭാഗത്ത് താങ്കളും സർക്കാറിന്റെ ഭാഗത്ത് ഐശ്വര്യ ഭാട്ടിയുമുണ്ടെന്ന് യുവതിയുടെ അഭിഭാഷകനോട് പറഞ്ഞ ചീഫ് ജസ്റ്റിസ് ഗർഭസ്ഥ ശിശുവിന്റെ ഭാഗം വാദിക്കാൻ കോടതിയിൽ ആരുണ്ടെന്ന് ചോദിച്ചു.
‘ഗർഭസ്ഥ ശിശുവിന്റെ അവകാശത്തെ എങ്ങിനെ ബാലൻസ് ചെയ്യും? ജീവിക്കുന്ന ഒരു ഭ്രൂണമാണത്. ഇപ്പോൾ പുറത്തെടുത്താൽ ശിശു അതിജീവിച്ചാൽ പോലും വൈകല്യങ്ങളുണ്ടാകും. അപ്പോൾ അതിനെ ആരെങ്കിലും ദത്തെടുക്കാനുള്ള സാധ്യതയും കുറയും. ഒരു രണ്ട് മാസം കൂടി അവർ കാത്തിരുന്നാൽ എന്താണ്? ഒരു കോടതി ഉത്തരവിലൂടെ എങ്ങിനെയാണ് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിടുക’ -ചീഫ് ജസ്റ്റിസ് ചോദിച്ചു.
പ്രസവാനന്തരം അമ്മക്കുണ്ടാകാവുന്ന വിഷാദ രോഗത്തിന്റെ ഗൗരവം കുറച്ചുകാണുന്നില്ല. എന്നാൽ, അത് മനസിലാക്കാൻ 26 ആഴ്ച വേണ്ടി വന്നോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു പാവം സ്ത്രീയാണ് അവരെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു. ഗർഭം തുടരുന്ന കാര്യം സ്ത്രീയോട് സംസാരിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തി ഹരജി വെള്ളിയാഴ്ച രാവിലെ 10.30ന് പരിഗണിക്കാനായി ബെഞ്ച് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.