പതിനായിരക്കണക്കിന് ടൺ കോവിഡ് മാലിന്യമാണ് ആശുപത്രികൾ പുറംതള്ളുന്നതെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ: ഉപേക്ഷിച്ച സിറിഞ്ചുകൾ, ഉപയോഗിച്ച ടെസ്റ്റ് കിറ്റുകൾ, വാക്സിൻ ബോട്ടിലുകൾ... കോവിഡ് സൃഷ്ടിച്ച ഭീതിയോളം പോന്ന പരിസ്ഥിതി ഭീഷണിയും വെല്ലുവിളിയാകുന്നതായി ലോകാരോഗ്യ സംഘടന. പതിനായിരക്കണക്കിന് ടൺ കോവിഡ് മാലിന്യമാണ് ആശുപത്രികൾ പുറംതള്ളുന്നതെന്നും ഇവ എങ്ങനെ സംസ്കരിക്കുമെന്നത് ആശങ്കയായി തുടരുകയാണെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. പരിശോധന കിറ്റുകൾ ഉൾപ്പെടെ അണുമുക്തമാക്കേണ്ടതില്ലെന്നതിനാൽ ഈ മാലിന്യത്തിൽ ചിലത് ആരോഗ്യ പ്രവർത്തകർക്ക് അപകടകരമാകാം. ഇവ തള്ളുന്ന ഇടങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടുന്നില്ലെങ്കിൽ പരിസരത്ത് വസിക്കുന്നവരിലും ഗുരുതര പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്.
2021 നവംബർ മാസം വരെ യു.എൻ പോർട്ടൽ വഴി മാത്രം 87,000 ടൺ പി.പി.ഇ കിറ്റുകൾക്കാണ് ഓർഡർ ലഭിച്ചത്. ഇവയിലേറെയും മാലിന്യമായിക്കഴിഞ്ഞിട്ടുണ്ടാകുമെന്നുറപ്പ്. ലോകാരോഗ്യ സംഘടന കണക്കുകൾ പ്രകാരം 14 കോടി ടെസ്റ്റ് കിറ്റുകളും സമാനമായി പുറത്തെത്തിക്കഴിഞ്ഞു. ഇവ 2,600 ടൺ മാലിന്യമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും. കണക്കിൽ പെടാത്തവ വേറെ. 800 കോടി വാക്സിൻ ഡോസുകൾ ഇതിനകം ജനങ്ങളിലെത്തിയിട്ടുണ്ട്.
ഇവയാകട്ടെ, 144,000 ടൺ മാലിന്യം ഉൽപാദിപ്പിക്കാൻ ശേഷിയുള്ളവ. ചെറു വാക്സിൻ കുപ്പികൾ, സിറിഞ്ചുകൾ, അവയുടെ സേഫ്റ്റി ബോക്സുകൾ എന്നിവയാകും ഇവ. കോവിഡ് മഹാമാരി എത്തുംമുമ്പു പോലും മാലിന്യ സംസ്കരണം ആശുപത്രികളുടെ ഏറ്റവും വലിയ വെല്ലുവിളിയായി തുടരുമ്പോഴാണ് ഇരട്ടി ഭാരം സൃഷ്ടിച്ച് രോഗം പടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.