കൊറോണ വൈറസിന്‍റെ പുതിയ വകഭേദം; നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ: കൊളംബിയയിൽ സ്ഥിരീകരിച്ച കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തിന് 'മ്യു' (Mu) എന്ന് പേരിട്ട് ലോകാരോഗ്യ സംഘടന. ജനുവരിയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത 'മ്യു' വൈറസിനെ നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.
'ബി.1.621' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന 'മ്യു'വിനെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിനിൽ പറയുന്നു.
വൈറസുകൾക്ക് വകഭേദം സംഭവിക്കുന്നതിലൂടെ വാക്സിൻറെ ഫലപ്രാപ്തി സംബന്ധിച്ച ആശങ്കകൾക്ക് ഇടയാക്കുമെന്നും കൂടുതൽ പഠനം ആവശ്യമാണെന്നും ഡബ്ല്യൂ.എച്ച്.ഒ പറഞ്ഞു.
ആഗോളതലത്തിൽ വൈറസ് വ്യാപനം വീണ്ടും കൂടിവരുന്നത് പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. വാക്സിൻ സ്വീകരിക്കാത്തവർക്കിടയിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച പ്രദേശങ്ങളിലുമാണ് വൈറസ് വ്യാപനം കൂടുതൽ.
നിലവിൽ ഡെൽറ്റ, ആൽഫ വകഭേദങ്ങളാണ് നിരവധി രാജ്യങ്ങളിൽ പടർന്നുപിടിക്കുന്നത്. ആൽഫ വകഭേദം 193 രാജ്യങ്ങളിലും ഡെൽറ്റ 170 രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. 'മ്യു' ഉൾപ്പെടെ അഞ്ചു വകഭേദങ്ങളും നിരീക്ഷിക്കുന്നുണ്ട്.
കൊളംബിയയിൽ ജനുവരിയിൽ 'മ്യു' സ്ഥിരീകരിച്ചതിന് ശേഷം സൗത്ത് അമേരിക്കൻ രാജ്യങ്ങളിലും യൂറോപ്പിലും റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.