‘ഡിസീസ് എക്സ്’: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; കോവിഡിനേക്കാൾ മാരകം, നേരിടാൻ രാജ്യങ്ങൾ ഒരുങ്ങണം
text_fieldsജനീവ: കോവിഡിനേക്കാൾ 20 ഇരട്ടി മാരകമായ പകർച്ചവ്യാധി സംബന്ധിച്ച് വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗബ്രിയെസൂസ് അദാനോം. ‘ഡിസീസ് എക്സ്’ എന്നു പേരിട്ട രോഗം കൈകാര്യംചെയ്യാൻ കരാറിലെത്തണമെന്ന് ലോകരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
എങ്ങനെ ചികിത്സിക്കുമെന്നറിയാത്ത, ലോകമാകെ പടരുന്ന പുതിയൊരു വൈറസ്/ബാക്ടീരിയ/ഫംഗസ് രോഗത്തിനാണ് ഡിസീസ് എക്സ് എന്ന് പേര് നൽകിയിരിക്കുന്നത്. എന്ന്, എവിടെ പൊട്ടിമുളക്കുമെന്നോ എന്തൊക്കെയാകും ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും എന്നോ ധാരണയില്ല.
പകർച്ചവ്യാധി ഫണ്ട് തുടങ്ങിയും തദ്ദേശീയമായി വാക്സിൻ ഉൽപാദിപ്പിക്കാൻ പിന്തുണ നൽകുന്ന ടെക്നോളജി ട്രാൻസ്ഫർ ഹബ് ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ചും ലോകാരോഗ്യ സംഘടന മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.
2018ലാണ് ലോകാരോഗ്യസംഘടന ആദ്യമായി ഡിസീസ് എക്സ് എന്ന പദം ഉപയോഗിക്കുന്നത്. ഒരു വർഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്സിനെക്കുറിച്ച് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ജൂണിൽ ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരും ഡിസീസ് എക്സ് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. ലണ്ടനിലെ മലിനജലത്തിൽ നിന്നു ശേഖരിച്ച സാമ്പിളിൽ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തുകയും, മങ്കിപോക്സ്, ലാസ ഫീവർ, പക്ഷിപ്പനി തുടങ്ങിയവ അടുത്ത കാലങ്ങളിലായി കൂടുതൽ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.