കുട്ടികൾക്കെന്താ,വിദ്യാലയങ്ങളിൽ മൂത്രപ്പുര വേണ്ടേ?
text_fieldsവെള്ളമുണ്ട: അധ്യയനവർഷത്തിന് തുടക്കമായിട്ടും വിദ്യാലയങ്ങളിലെ ശുചിമുറികളുടെ അവസ്ഥ ദയനീയം. ആവശ്യത്തിന് പ്രാഥമിക സൗകര്യമില്ലാത്ത വിദ്യാലയങ്ങളിൽ ആരോഗ്യ ഭീഷണി നേരിടുകയാണ് വിദ്യാർഥികൾ. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പല വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരകളും കക്കൂസുകളും ഇല്ല.
ഓരോ അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വിദ്യാലയം സന്ദർശിച്ച് ഭൗതിക സാഹചര്യം ഉറപ്പുവരുത്തി വിദ്യാലയങ്ങൾക്ക് ഫിറ്റ്നസ് നൽകണം. എന്നാൽ, വിദ്യാർഥികളുടെ ആരോഗ്യ പ്രശ്നത്തെ അവഗണിച്ച് പ്രാഥമിക സൗകര്യങ്ങളില്ലാത്ത വിദ്യാലയങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിനു പിന്നിൽ വൻ ക്രമക്കേട് നടക്കുന്നതായി ആക്ഷേപമുണ്ട്.
രാവിലെ വിദ്യാലയത്തിലെത്തുന്ന പെൺകുട്ടികളടക്കം പ്രാഥമിക സൗകര്യമില്ലാത്തതിന്റെ പേരിൽ നേരിടുന്ന ദുരിതങ്ങൾ ഇനി ആരോട് പറഞ്ഞാലാണ് പരിഹാരമാവുക എന്നാണ് രക്ഷിതാക്കളുടെ ചോദ്യം. രാവിലെ മുതൽ വൈകീട്ട് വരെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പ്രയാസപ്പെടുന്ന വിദ്യാർഥികളെ രോഗികളാക്കുന്നതായി കഴിഞ്ഞ വർഷം പരാതിയുയർന്നിരുന്നു. പല സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും ആവശ്യത്തിന് ശുചിമുറികളില്ല.
വെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയുമുണ്ട്. ഇവ വൃത്തിയാക്കുന്നതിന് സൗകര്യമൊരുക്കണമെന്ന നിർദേശമുണ്ടെങ്കിലും പല സ്ഥലത്തും പാലിക്കപ്പെടുന്നില്ല. മൂത്രപ്പുരകളോട് ചേർന്നുള്ള ക്ലാസ് മുറികളിൽ രൂക്ഷഗന്ധം അനുഭവപ്പെടുന്ന അവസ്ഥയും വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.