രണ്ടാഴ്ചക്കകം കോവിഡ് കുറഞ്ഞുതുടങ്ങും
text_fieldsതിരുവനന്തപുരം: വർധിച്ചുവരുന്ന കോവിഡ് കേസുകൾ രണ്ടാഴ്ചക്കുള്ളിൽ കുറഞ്ഞുതുടങ്ങുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തൽ. ഒരാളിൽനിന്ന് എത്ര പേരിലേക്ക് രോഗം പടരുന്നെന്ന് കണക്കാക്കുന്ന 'ആർ ഘടകം സംസ്ഥാനത്ത് 3.7ൽ നിന്ന് 2.7 ആയി കുറഞ്ഞിട്ടുണ്ട്. സമീപ ദിവസങ്ങളിൽ കേസുകൾ ഉയർന്നാലും ഏഴു ദിവസം പിന്നിടുന്നതോടെ കുറയുന്ന പ്രവണത കണ്ടുതുടങ്ങുമെന്നാണ് കണക്കുകൂട്ടൽ.
മുൻ ആഴ്ചകളിൽ വലിയ തോതിൽ കേസ് റിപ്പോർട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയിൽ ആർ ഘടകം ഇപ്പോൾ ഒന്നാണ്. ഡൽഹിയിൽ 0.6 ഉം. ദേശീയ തലത്തിൽ രണ്ടാഴ്ച മുമ്പ് 6.3 ആയിരുന്ന ആർ ഘടകം ഇപ്പോൾ 1.3 ലേക്ക് താഴ്ന്നിട്ടുണ്ട്. ഇതെല്ലാം നിലവിലെ സാഹചര്യത്തിൽ ശുഭസൂചനയാണ്.
18ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 100 ശതമാനത്തിനും ഒരു ഡോസെങ്കിലും വാക്സിൻ എത്തിക്കാൻ കഴിഞ്ഞത് ഒന്നും രണ്ടും തരംഗകാലത്തെ അപേക്ഷിച്ച് ആശ്വാസമേകുന്നതാണ്. അതുകൊണ്ടുതന്നെ അടച്ചുപൂട്ടലുകളില്ലാതെ മൂന്നാം തരംഗത്തെ അതിജീവിക്കാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. ചികിത്സയോ പ്രോട്ടോകോളോ ഇല്ലാതിരുന്ന ഒന്നാം ഘട്ടത്തെയും 20 ശതമാനം പേർക്ക് മാത്രം വാക്സിൻ ലഭ്യമായ രണ്ടാം തരംഗത്തെയും താരതമ്യം ചെയ്യുമ്പോൾ വലിയ ആശങ്ക വേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധരും വ്യക്തമാക്കുന്നത്.
ആരോഗ്യപ്രവർത്തകരിലെ കോവിഡ് ബാധ പ്രതിസന്ധിയുയർത്തുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശം നൽകി. മൂന്നാം തരംഗം തീവ്രമായ ഒരാഴ്ചക്കിടെ, 1700 ലേറെ ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് ബാധിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിന് ആനുപാതികമായി രോഗികളാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണവും കൂടുകയാണ്. ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുള്ളവരും ഇതിലുൾപ്പെടുന്നു.
ചികിത്സക്കെത്തുന്നവരുടെ എണ്ണം മുൻ തരംഗങ്ങളെ അപേക്ഷിച്ച് കുറവാണെന്നതാണ് അൽപം ആശ്വാസം. എന്നാൽ, കോവിഡ് ഇതര ചികിത്സയെയടക്കം ബാധിക്കാമെന്നതിനാൽ അവശ്യഘട്ടങ്ങളിൽ താൽക്കാലികമായി ആരോഗ്യപ്രവർത്തകരെ നിയമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം കോവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്താനും തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.