സ്ത്രീകളുടെ കരിയറും പ്രത്യുൽപാദനവും
text_fieldsഇന്ന് സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്ന, സ്ത്രീകളുടെ പ്രത്യുൽപാദന ആരോഗ്യത്തെ സാരമായി ബാധിക്കുന്ന രണ്ട് ഗൈനക്കോളജിക്കല്‍ അവസ്ഥകളാണ് എന്‍ഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പി.സി.ഒ.ഡി എന്നിവ. ഗര്‍ഭപാത്രത്തിനകത്തെ ആവരണമായ എന്‍ഡോമെട്രിയോട്ടിക് കോശങ്ങള്‍ ഗര്ഭപാത്രത്തിന് പുറത്ത് അല്ലെങ്കില്‍ ഫാലോപ്യന്‍ ട്യൂബ്, അണ്ഡാശയം, കുടല്, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങളില്‍ എവിടെയെങ്കിലും വളരുമ്പോഴാണ് എന്‍ഡോമെട്രിയോസിസ് ഉണ്ടാകുന്നത്. ഇത് ആര്‍ത്തവസമയത്തെ കഠിനമായ വേദന (ഡിസ്മെനോറിയ), വേദനാജനകമായ ലൈംഗികബന്ധം (ഡിസ്പാരൂനിയ), മറ്റ് പ്രത്യുല്പാദന പ്രശ്നങ്ങള്‍ തുടങ്ങിയവക്ക് കാരണമാവുകയും ചെയ്യുന്നു.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് പി.സി.ഒ.എസിലേക്ക് നയിക്കുന്നത്. നമുക്കിതിനെ ജീവിതശൈലീ രോഗമായി കണക്കാക്കാം. ഇത് ക്രമരഹിതമായ ആര്‍ത്തവചക്രം, അണ്ഡാശയ സിസ്റ്റുകള്‍, അണ്ഡോൽപാദനത്തിലെ ബുദ്ധിമുട്ടുകള്‍, പ്രത്യുല്‍പാദനക്ഷമതയിലെ കുറവ് തുടങ്ങിയവയിലേക്കും നയിക്കുന്നു.
ഈ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍, അതെന്തുകൊണ്ടാണെന്നും അതിനെ പ്രതിരോധിക്കാന്‍ എന്തു ചെയ്യാനാകുമെന്നും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ആവശ്യമായ ചികിത്സയും ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങളും കൂടി നടപ്പാക്കുമ്പോള്‍ ആശ്വാസം നേടാം.
പ്രത്യുൽപാദന ശേഷിയെ എങ്ങനെ ബാധിക്കുന്നു?
മേൽപറഞ്ഞ രണ്ട് ശാരീരികാവസ്ഥകളും ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. എന്‍ഡോമെട്രിയോസിസ് ഫാലോപ്യന്‍ ട്യൂബുകളെയും ഗര്‍ഭാശയത്തെയും ബാധിക്കുകയും അതുവഴി സ്വാഭാവിക ബീജസങ്കലന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. അണ്ഡങ്ങളുടെ എണ്ണത്തെയും അവയുടെ ഗുണമേന്മയേയും പലപ്പോഴും ഇത് പ്രതികൂലമായി ബാധിക്കാം. എന്‍ഡോമെട്രിയോസിസുള്ള സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാകുന്നതും സ്വാഭാവിക ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കും. എന്‍ഡോമെട്രിയോസിസുള്ള രോഗികളില്‍, ഗര്‍ഭപാത്രവും ഫാലോപ്യന്‍ ട്യൂബും കുടലുകളും തമ്മിലുള്ള ഒട്ടിപ്പിടിത്തത്തിനും അതുകാരണമുണ്ടാകുന്ന നീര്‍വീക്കത്തിനും കാരണമായേക്കാം. സ്വാഭാവികമായുള്ള ബീജസങ്കലനം നടക്കാതിരിക്കാനും വന്ധ്യതയിലേക്ക് നയിക്കാനും ഇതും ഒരു പ്രധാന കാരണമാണ്. പലപ്പോഴും എന്‍ഡോമെട്രിയോസിസ് അസുഖമുള്ള സ്ത്രീകളില്‍ ആരോഗ്യകരമായ അണ്ഡങ്ങളുടെ എണ്ണവും വളരെ പരിമിതമായാണ് കാണപ്പെടാറ്. അണ്ഡോൽപാദനത്തെയും, അണ്ഡങ്ങളുടെ വളര്‍ച്ചയെയും തടസ്സപ്പെടുത്തി ക്രമരഹിതമായ ആര്‍ത്തവ ചക്രത്തിനും വന്ധ്യതക്കും പി.സി.ഒ.ഡി കാരണമാകാം.
അതിജീവനത്തിന്റെ നാള്‍വഴികള്‍
തന്റെ ശാരീരികാവസ്ഥയിലുള്ള വ്യക്തമായ ധാരണയോടും ചിട്ടയായ ജീവിതശൈലിയോടും എന്‍ഡോമെട്രിയോസിസും പി.സി.ഒ.ഡിയും അതീജീവിച്ചവരുടെ കഥകളും നമുക്ക് പറയാനുണ്ട്.
കോർപറേറ്റ് പ്രഫഷനല്‍ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച 29കാരിക്ക് എന്‍ഡോമെട്രിയോസിസ് ഉണ്ടാകുകയും, അതുമൂലം കഠിനമായ വയറുവേദന അനുഭവപ്പെടുകയും ആര്‍ത്തവസമയത്തും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴൊക്കെ വേദന അസഹ്യമാവുകയും ചെയ്തു. ഗര്‍ഭധാരണത്തെപ്പറ്റി അവര്‍ ആ സമയത്ത് ചിന്തിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. വേദന കാരണം അവരും ഭര്‍ത്താവും ഡോക്ടറെ കണ്ട് വിവിധ ചികിത്സാരീതികളെ കുറിച്ച് അന്വേഷിക്കുകയും, IVF, ICSI എന്നീ ഫെര്‍ട്ടിലിറ്റി ചികിത്സകളുമായി മുന്നോട്ടു പോവുകയും ചെയ്തു. അവര്‍ക്ക് അണ്ഡാശയ റിസര്‍വ് കുറവായിരുന്നതുകൊണ്ടാണ് ഡോക്ടര്‍ ഈ ചികിത്സാരീതികള്‍ നിര്‍ദേശിച്ചത്. IVF ന്റെ പ്രാഥമിക ശ്രമത്തില്‍ തന്നെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും ചെയ്തു. പ്രസവശേഷം ആര്‍ത്തവ സമയത്തുള്ള കഠിനമായ വേദനയില്‍ കുറവുണ്ടായി. അതിശയകരമെന്നോണം രണ്ട് വര്‍ഷത്തിന് ശേഷം സങ്കീര്‍ണകളില്ലാതെ, ഒരു ചികിത്സകളുമില്ലാതെ സ്വാഭാവികമായി അവര്‍ വീണ്ടുമൊരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും ചെയ്തു.
ജീവിതശൈലിയില്‍ നടപ്പിലാക്കുന്ന ആരോഗ്യകരമായ മാറ്റങ്ങളിലൂടെയും കൃത്യസമയത്തുള്ള മെഡിക്കല്‍ മാർഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിലൂടെയും ഈ പ്രശ്നങ്ങൾ പരിഹരിക്കാം.
ചികിത്സാരീതികളും ആരോഗ്യ പരിരക്ഷയും
എന്‍ഡോമെട്രിയോസിസ് ചികിത്സിച്ചു ഭേദമാക്കാന്‍ വേദനസംഹാരികളില്‍ തുടങ്ങി, ഹോര്‍മോണ്‍ തെറപ്പി, എന്‍ഡോമെട്രിയല്‍ കോശങ്ങള്‍ നീക്കം ചെയ്യുന്നതിനും പ്രത്യുല്പാദന പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ വരെയുള്ള ചികിത്സാരീതികള്‍ ഇന്നുണ്ട്. ചില സമയങ്ങളില്‍ നേരിട്ടുള്ള IVF/ICSI ചികിത്സകള്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ പി.സി.ഒ.ഡിയുടെ ചികിത്സ പ്രധാനമായും ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണമാണ്. ഭക്ഷണക്രമീകരണങ്ങളും ചിട്ടയായ വ്യായാമവും ജീവിതശൈലി മാറ്റങ്ങളും ഇതില്‍ അനിവാര്യമാണ്. പി.സി.ഒ.ഡിയുടെ ചികിത്സയില്‍ ആര്‍ത്തവചക്രത്തെ ത്വരിതപ്പെടുത്തുന്ന മരുന്നുകള്‍, അണ്ഡോൽപാദനത്തെ ക്രമീകരിക്കുന്ന മരുന്നുകള്‍, ഹോര്‍മോണുകള്‍ എന്നിവയും ആവശ്യമായി വന്നേക്കാം. അപൂര്‍വം സാഹചര്യങ്ങളില്‍ മാത്രമേ പി.സി.ഒ.ഡിക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ ആവശ്യം വരാറുള്ളൂ.
പ്രത്യുല്പാദന ആരോഗ്യവും കരിയറും
എന്‍ഡോമെട്രിയോസിസ്, പി.സി.ഒ.ഡി പോലുള്ള അസുഖങ്ങളെപ്പറ്റി സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയും അറിവും ഉണ്ടാകണം. ചികിത്സാരീതികളെപ്പറ്റി ഡോക്ടറുമായി സംസാരിച്ച് തീരുമാനിക്കണം. ഇതോടൊപ്പം ഗര്‍ഭധാരണ സാധ്യതകളെപ്പറ്റിയും മനസ്സിലാക്കണം. ഗര്‍ഭധാരണം ഉദ്ദേശിച്ചിട്ടില്ലെങ്കില് ഫെര്‍ട്ടിലിറ്റി പ്രിസെര്‍വേഷന്‍ (പ്രത്യുല്പാദന രക്ഷണം) അതായത് അണ്ഡം അല്ലെങ്കില്‍ ഭ്രൂണം ഫ്രീസ് ചെയ്യുന്നതിനെപ്പറ്റിയും സ്ത്രീകള്‍ക്ക് അവബോധമുണ്ടാകണം. ഫെര്‍ട്ടിലിറ്റി അസസ്മെന്റ് ഓരോ സ്ത്രീയും ചെയ്യേണ്ടത് അനിവാര്യമാണ്. വിവാഹിതരല്ലാത്ത, കുട്ടികള്‍ വൈകി മാത്രം മതി എന്ന് താൽപര്യപ്പെടുന്ന സ്ത്രീകള്‍ പ്രത്യേകിച്ചും.
മാനസിക പരിഗണനകള്‍
ശാരീരിക വെല്ലുവിളികള്‍ക്കപ്പുറം, ഗൈനക്കോളജിക്കല്‍ അവസ്ഥകളും ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചേക്കാം. ചികിത്സാ രീതികള്‍, അതുവഴിയുണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങള്‍, ജോലിസ്ഥലത്തുനിന്നുമുണ്ടാകുന്ന തിരിച്ചടികള്‍, പ്രത്യുൽപാദന ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ എന്നിവ ഒരുമിച്ച് നേരിടേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ക്ക് നിരാശ, ഉത്കണ്ഠ തുടങ്ങിയവ അനുഭവപ്പെടാം (Frustration, Anxiety, Depression).
ഈ സമയങ്ങളില്‍ പ്രിയപ്പെട്ടവരുടെ പിന്തുണ, കൗണ്‍സലിങ് സേവനങ്ങള്‍, ബോധവത്കരണം, അസുഖത്തെപ്പറ്റിയുള്ള വ്യക്തമായ ധാരണ തുടങ്ങിയ ഘടകങ്ങളുടെ പങ്ക് വളരെ വലുതാണ്.
ശാരീരികാവസ്ഥകള്‍ മനസ്സിലാക്കി, അതിനുള്ള ചികിത്സകള്‍ കണ്ടെത്തി വിദഗ്ധരില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, കുടുംബാസൂത്രണത്തിലും പ്രഫഷനല്‍ ജീവിതത്തിലും സ്ത്രീകള്‍ക്ക് നിശ്ചയമായും വിജയം കൈവരിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.