ഇന്ന് ലോക അർബുദ ദിനം; കൊച്ചിൻ കാൻസർ സെന്റർ പ്രവർത്തനസജ്ജമാകാൻ കടമ്പകളേറെ
text_fieldsകൊച്ചി: ജില്ലയുടെ സ്വപ്നപദ്ധതിയായ കൊച്ചിൻ കാൻസർ സെന്റർ പ്രവർത്തനസജ്ജമാകാൻ കടമ്പകളേറെ. 2014 ആഗസ്റ്റ് 18ന് ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് നിർമാണം അന്തിമഘട്ടത്തിലെത്തിയെങ്കിലും പൂർണതോതിൽ പ്രയോജനം ലഭിക്കണമെങ്കിൽ കാത്തിരിക്കണം. അർബുദബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ പദ്ധതി യാഥാർഥ്യമാക്കുന്നതിലെ മെല്ലെപ്പോക്ക് സാധാരണക്കാരായ രോഗികൾക്ക് തിരിച്ചടിയാണ്.
ഡയറക്ടറില്ലാതെ രണ്ട് വർഷം
കാൻസർ സെന്ററിനായി നിർമാണം നടക്കുന്ന കഴിഞ്ഞ രണ്ട് വർഷവും ഇവിടെ ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മുമ്പ് ഉണ്ടായിരുന്ന ഡയറക്ടറെ മൂന്ന് വർഷ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. നിലവിൽ സൂപ്രണ്ടിനാണ് ഡയറക്ടറുടെ ചുമതല. എന്നാൽ, ജീവനക്കാരുടെ നിയമനം, ഉപകരണങ്ങളുടെ സ്ഥാപനം, അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള കാര്യങ്ങളിൽ ഡയറക്ടർക്ക് നിർണായക സ്ഥാനമാണുള്ളത്. ആശുപത്രിയിലേക്കുള്ള പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.സർക്കാർ അനാസ്ഥയും സാമ്പത്തിക പ്രതിസന്ധിയുമാണ് വില്ലനാകുന്നത്.
ഒമ്പതു വർഷം പിന്നിടുമ്പോഴും യാഥാർഥ്യമാകാതെ പദ്ധതി
അർബുദബാധിതരുടെ എണ്ണം വർധിക്കുകയും ചികിത്സ ചെലവ് കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പ്രഫ. എം.കെ. സാനു എന്നിവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ് എന്ന കൂട്ടായ്മ രൂപവത്കരിച്ച് സെന്ററിനായി പ്രചാരണം ആരംഭിച്ചത്. നിരന്തര ആവശ്യത്തിനൊടുവിലാണ് കേന്ദ്രത്തിന് ശിലയിട്ടത്. 2016ലെ കേരളപ്പിറവി ദിനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് താൽക്കാലികമായി കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഡോക്ടർമാർ അടക്കം 85 ജീവനക്കാരാണ് ഇവിടെയുള്ളത്. കാൻസർ സർജറികൾ മെഡിക്കൽ കോളജിലെ ഓപറേഷൻ തിയറ്റർ കോംപ്ലക്സിലും റേഡിയേഷൻ ചികിത്സ ജനറൽ ആശുപത്രിയിലുമായാണ് നടക്കുന്നത്.
ഇതിനിടെ കാൻസർ സെന്ററിന്റെ കെട്ടിട നിർമാണം പുരോഗമിച്ചു. ഏഴ് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ 90 ശതമാനം നിർമാണം പൂർത്തിയായി. എന്നാൽ, അടിസ്ഥാന സൗകര്യമൊരുക്കലിനും ഉപകരണങ്ങളുടെ സജ്ജീകരണത്തിനുമെല്ലാം ഇനിയും കാത്തിരിക്കണം.
മെഡിക്കൽ ഹബായി മാറ്റണം -ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ്
കളമശ്ശേരിയിലെ നിർദിഷ്ട കാൻസർ സെന്റർ നിർധനരോഗികൾക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന മെഡിക്കൽ ഹബായി മാറ്റണമെന്നാണ് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റിന്റെ ആവശ്യം.
ഇന്ത്യയിലെ മറ്റേതൊരു പ്രമുഖ ആശുപത്രിയോടും കിടപിടിക്കുന്ന രീതിയിലുള്ള സജ്ജീകരണം ഏർപ്പെടുത്തണം. ഇതിനാവശ്യമായ ഭൗതികസൗകര്യം ഒരുക്കണമെന്ന് മൂവ്മെന്റിന് നേതൃത്വം നൽകുന്ന ഡോ. എൻ.കെ. സുനിൽകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.