മരുന്നില്ലാതെയും പ്രമേഹം മാറ്റാം, പക്ഷേ
text_fieldsനിസ്സാരമെന്ന് പൊതുവെ തോന്നുമെങ്കിലും അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കാനിടയുള്ള ഗൗരവതരമായ രോഗാവസ്ഥയാണ് പ്രമേഹം. പാന്‍ക്രിയാസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്റെ ഉൽപാദനത്തില് സംഭവിക്കുന്ന തകരാറോ ഉൽപാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ശരീരത്തിന് ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെവരുന്ന സാഹചര്യമോ ആണ് പ്രമേഹം എന്ന അവസ്ഥ സൃഷ്ടിക്കുന്നത്.
പ്രത്യാഘാത സാധ്യതകള്‍
പ്രമേഹത്തെ കൃത്യമായി തിരിച്ചറിഞ്ഞ് ശരിയായ രീതിയില്‍ പ്രതിരോധിക്കുകയോ ചികിത്സിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ പലതരം പ്രത്യാഘാതങ്ങളിലേക്ക് ഇത് നയിക്കും. ഹൃദയധമനികളെ ബാധിക്കുന്ന അസുഖങ്ങള്‍, ഹൃദയാഘാതം, സ്ട്രോക്ക്, ഞരമ്പുകള്‍ ഇടുങ്ങിപ്പോകുന്ന അവസ്ഥ, വൃക്കയുടെ മാലിന്യം വേര്‍തിരിക്കാനുള്ള ശേഷിയെ ബാധിക്കുക, ദഹനസംബന്ധമായ തകരാറുകള്‍, നേത്രങ്ങളെ ബാധിക്കുന്ന ഡയബറ്റിസ് റെറ്റിനോപ്പതി, കാലിലേക്കുള്ള രക്തപ്രവാഹം കുറയുന്നതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, തൊലിപ്പുറത്തെ പ്രശ്നങ്ങള്‍, വായക്കകത്ത് ബാക്ടീരിയല്‍-ഫംഗസ് അസുഖങ്ങള്‍, കേള്‍വിത്തകരാറുകള്‍, അല്‍ഷൈമേഴ്സ് പോലുള്ള അവസ്ഥകള്‍, ഡിപ്രഷൻ തുടങ്ങി മരണംവരെ സംഭവിക്കാവുന്ന സാഹചര്യങ്ങളിലേക്കാണ് പ്രമേഹം മനുഷ്യനെ നയിക്കുന്നത്.
മരുന്നിന് പകരം മെഡിക്കല്‍ ന്യൂട്രീഷ്യന്‍
പ്രമേഹം നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ അടുത്ത നിമിഷം മുതല്‍ മരുന്നുകള്‍ കഴിച്ചുതുടങ്ങണമെന്നും അവ ജീവിതകാലം മുഴുവന്‍ തുടരണമെന്നുമുള്ള ധാരണയാണ് ഇന്നും മഹാഭൂരിപക്ഷം ആളുകള്‍ക്കുമുള്ളത്. അത് ശരിയല്ല.
അമിതവണ്ണം, തെറ്റായ ഭക്ഷണരീതി, ശാരീരിക വ്യായാമമില്ലായ്മ എന്നിവയാണ് പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. ഇവ തിരുത്താന്‍ തയാറായാല്തന്നെ ഒരുപരിധിവരെ ഈ അവസ്ഥയെ പ്രതിരോധിക്കാം. മരുന്നുകളില്ലാതെതന്നെ കാലങ്ങളോളം പ്രമേഹത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ സ്വയം സ്വീകരിക്കുന്ന ഈ മാറ്റം നമ്മെ പ്രാപ്തരാക്കും. മെഡിക്കല്‍ ന്യൂട്രീഷ്യന്‍ തെറപ്പി എന്നാണ് ഈ ചികിത്സാരീതി അറിയപ്പെടുന്നത്.
ഒരുവ്യക്തി തന്റെ ശരീരഭാരം പത്ത് ശതമാനം കുറയ്ക്കാനും ഡോക്ടര്‍ നിര്‍ദേശിക്കുന്ന വ്യായാമങ്ങള്‍ ദിവസേന 45 മിനിറ്റ് ചെയ്യാനും ഡോക്ടറും ഡയറ്റീഷ്യനും നിര്‍ദേശിക്കുന്ന നിശ്ചിതരീതിയിലെ ഭക്ഷണക്രമീകരണം പിന്തുടരാനും തയാറാവുകയാണെങ്കില്‍ കാലങ്ങളോളം പ്രമേഹത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും. മെഡിക്കല്‍ ന്യൂട്രീഷ്യനില്‍ ഡോക്ടര്‍ നിർദേശിക്കുന്ന രീതികള്‍ പിന്തുടരുന്നതോടൊപ്പംതന്നെ പരിശോധനകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും റിപ്പോര്‍ട്ടുകള്‍ അതത് സമയങ്ങളില്‍ ഡോക്ടറെ കാണിക്കുകയും ചെയ്യേണ്ടതുമുണ്ട്.
പ്രമേഹമരുന്ന് കിഡ്നിയെ തകരാറിലാക്കുമോ?
പ്രമേഹത്തിന് മരുന്നുകള്‍ കഴിക്കുമ്പോഴല്ല, മറിച്ച് മരുന്നുകള്‍ കഴിക്കാതെയോ മെഡിക്കല്‍ ന്യൂട്രീഷ്യന്‍ പോലുള്ള രീതികള്‍ സ്വീകരിക്കുകയോ ചെയ്യാതെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് അമിതമായി വർധിക്കുന്ന അവസ്ഥ വന്നുചേരുന്നതുമൂലമാണ് വൃക്കകള്‍ തകരാറിലാകുന്നത്. മരുന്നുകള്‍ വൃക്ക തകരാറിലാക്കുമെന്ന പ്രചാരണത്തില്‍ വിശ്വസിച്ച് ഡോക്ടര്‍ നിർദേശിക്കുന്ന മരുന്നുകളോ മറ്റ് രീതികളോ പിന്തുടരാതെ അപകടകരമായ ജീവിതസാഹചര്യങ്ങളിലെത്തിച്ചേരുന്ന അനേകം പേരുണ്ട്.
എക്കാലത്തേക്കും ഒറ്റമരുന്ന് പോരാ
നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മറ്റൊരു പ്രധാന പ്രവണതയാണ് ഒരിക്കല്‍ ഡോക്ടറെ കാണിച്ച് ഒരു പ്രിസ്ക്രിപ്ഷന് ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ വര്‍ഷങ്ങളോളം ആ പ്രിസ്ക്രിപ്ഷന് കാണിച്ച് മരുന്ന് തുടരുക എന്നത്. ചിലപ്പോള്‍ ലാബില്‍ പോയി പരിശോധിച്ച് മരുന്നിലെ ഏറ്റക്കുറച്ചിലുകള്‍ സ്വയം തീരുമാനിക്കുന്നവരുമുണ്ട്. എത്രയും പെട്ടെന്ന് തിരുത്തേണ്ട തികച്ചും തെറ്റായ നടപടിക്രമമാണിത്.
യഥാർഥത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നത് മാത്രമല്ല, ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കുക എന്നതും പ്രമേഹചികിത്സയുടെ ലക്ഷ്യമാണ്. അത് നിറവേറണമെങ്കില്‍ ചില പരിശോധനകള്‍ സമയബന്ധിതമായി നിര്‍വഹിക്കേണ്ടതുണ്ട്. ചില പരിശോധനകള്‍ മാസത്തിലൊരിക്കല്‍ നിര്വഹിക്കേണ്ടതായിരിക്കും. മറ്റുചിലത് മൂന്നു മാസം കൂടുമ്പോഴോ വര്‍ഷത്തിലൊരിക്കല്‍ ചെയ്യേണ്ടതോ ഒക്കെ ആയിരിക്കും. ഈ പരിശോധനകള്‍ കൃത്യമായി പിന്തുടരുമ്പോള് മാത്രമേ പ്രമേഹം നമ്മുടെ ശരീരത്തിനുള്ളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെ നേരത്തെ തിരിച്ചറിഞ്ഞാല്‍ പരിപൂർണമായി ഈ പ്രത്യാഘാതങ്ങളെ തരണംചെയ്യാനും സാധിക്കും.
പ്രമേഹരോഗികള്‍ക്ക് ആശ്വാസമായി അവതരിപ്പിക്കപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തലുകളിലൊന്നാണ് ആഴ്ചയില്‍ ഒരിക്കല്‍മാത്രം സ്വീകരിച്ചാല്‍ മതിയാകുന്ന ഇന്‍സുലിന്‍. ദിവസംതന്നെ ഒന്നിലധികം തവണ ഇന്‍സുലിന്‍ സ്വീകരിക്കേണ്ടിവരുന്നവര്ക്ക് ഇത് വലിയ ആശ്വാസമാണ്. ഇതിന് പുറമെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ഷുഗറിനെ തികച്ചും പ്രകൃതിദത്തമായരീതിയില് മൂത്രത്തിലൂടെ ഒഴുക്കിക്കളയുന്നരീതിയും നിലവില്‍വന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ചികിത്സയില്‍ സ്വീകരിക്കണമെങ്കില്‍ രോഗിയുടെ ഫോളോ അപ് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട് എന്ന് ഓര്‍മിക്കുക.
(ആസ്റ്റര്‍ മിംസ് കോട്ടക്കലിൽ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.