എന്റെ ആരോഗ്യം എന്റെ അവകാശം
text_fieldsവംശ, മത, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വ്യത്യാസങ്ങളില്ലാതെ ഉന്നത നിലവാരത്തിലുള്ള ആരോഗ്യം ആസ്വദിക്കാനാവുക എന്നത് ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ് എന്ന് ലോകാരോഗ്യ സംഘടന ഭരണഘടനയിലൂടെ പ്രഖ്യാപിച്ചിട്ട് 75 വർഷത്തിലേറെയായി. അത് പ്രാവർത്തികമാക്കാൻ ലോകരാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ടോ എന്നത് സംശയകരമാണ്. എല്ലാ ജനങ്ങൾക്കും ആരോഗ്യത്തിനുള്ള അവകാശം എന്ന് പറയുമ്പോൾ അർഥമാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടാതെ എല്ലാവർക്കും ആവശ്യമുള്ള ആരോഗ്യ സേവനങ്ങൾ ആവശ്യം വരുന്നിടത്തെല്ലാം ലഭ്യമാക്കുക എന്നതാണ്.
‘എന്റെ ആരോഗ്യം എന്റെ അവകാശം’ എന്നതാണ് ഈ വർഷത്തെ ആരോഗ്യദിന പ്രമേയം. അക്രമവും വിവേചനവും ഇല്ലാതെ സ്വന്തം ആരോഗ്യവും ശരീരവും നിയന്ത്രിക്കാൻ എല്ലാവർക്കും അവകാശം ഉണ്ടായിരിക്കണം എന്നതാണ് ഇതുകൊണ്ടർഥമാക്കുന്നത്. ഓരോ വ്യക്തിയും സ്വകാര്യത അർഹിക്കുന്നു. ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിക്കപ്പെടണം. ഒരു വ്യക്തിയുടെ സമ്മതമില്ലാതെ പരീക്ഷണാർഥമുള്ളതോ അല്ലാതെയോ ഉള്ള പരിശോധനകളോ ചികിത്സകളോ പാടില്ല. അവിടെയാണ് വ്യക്തികേന്ദ്രീകൃത ചികിത്സയുടെയും പരിചരണത്തിന്റെയും പ്രാധാന്യം.
ആളുകൾ പാർശ്വവത്കരിക്കപ്പെടുമ്പോഴും വിവേചനം നേരിടേണ്ടിവരുമ്പോഴും അവരുടെ ശാരീരിക-മാനസികാരോഗ്യം തകരാറിലാകുന്നു. ആരോഗ്യ പരിപാലനത്തിലെ വിവേചനം അസ്വീകാര്യവും വികസനത്തിന് തടസ്സവുമാണ്. മറിച്ച് ആളുകൾക്ക് അവരുടെ സ്വന്തം ആരോഗ്യ പരിചരണത്തിൽ സജീവ പങ്കാളികളാകാൻ അവസരം നൽകുമ്പോഴും അവരുടെ മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുമ്പോഴും ഫലങ്ങൾ മെച്ചപ്പെടുകയും ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ള കോടാനുകോടി ജനങ്ങളുടെ ആരോഗ്യം ഇന്ന് തുലാസ്സിലാണ്. യുദ്ധങ്ങളും മനുഷ്യ നിർമിത ദുരന്തങ്ങളും പട്ടിണിയും രോഗങ്ങളും മാനസിക സംഘർഷവും മരണവും വിതക്കുന്നു. അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനങ്ങളും ശുദ്ധവായു ശ്വസിക്കാനുള്ള മനുഷ്യന്റെ അവകാശം പോലും ഇല്ലാതാക്കുന്നു. വായു മലിനീകരണം കൊണ്ടുമാത്രം അഞ്ച് സെക്കൻഡിൽ ഒരാൾ മരണപ്പെടുന്നു എന്നാണ് ഏകദേശ കണക്ക്, ഇവയെല്ലാം തന്നെ മനുഷ്യന്റെ ആരോഗ്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. പോഷകാഹാരങ്ങളും ശുദ്ധജലവും സുരക്ഷിതമായ പാർപ്പിടവും ആരോഗ്യ പരിചരണവും നിഷേധിക്കപ്പെടുന്നു.
ലോകമെമ്പാടുമുള്ള 140 രാജ്യങ്ങളെങ്കിലും തങ്ങളുടെ ഭരണഘടനയിൽ ആരോഗ്യത്തിനുള്ള അവകാശം മനുഷ്യാവകാശമായി പരാമർശിക്കുന്നുണ്ട്. എന്നാൽ, ഇവയിൽ നാല് രാജ്യങ്ങൾ മാത്രമേ ഇവയെ പ്രാവർത്തികമാക്കുന്നതിനുള്ള ധനസഹായം കണ്ടെത്തണം എന്നത് പ്രതിപാദിക്കുന്നുള്ളൂ. കോവിഡ് ലോകമെമ്പാടും നാശം വിതച്ചപ്പോൾ സർക്കാറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമായതും ചുരുങ്ങിയ സമയം കൊണ്ട് ചികിത്സക്കും പ്രതിരോധത്തിനും വൻതോതിൽ പണം ചെലവഴിച്ചതും നമ്മൾ കണ്ടതാണ്. യുദ്ധങ്ങളും തീവ്രവാദവും പൊതുജനാരോഗ്യത്തിനുനേരെ ഉയർത്തുന്ന വെല്ലുവിളികളെയും സർക്കാറുകൾ ഇതേ ഗൗരവത്തോടെ കാണുകയും ചെറുക്കുകയും വേണം. എങ്കിലേ വ്യക്തികളുടെ ആരോഗ്യത്തിന്മേലുള്ള അവകാശം സംരക്ഷിക്കപ്പെടുകയുള്ളൂ. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. ആരോഗ്യത്തിനുള്ള അവകാശം ഇതിൽ നിക്ഷിപ്തമാണ്, സംസ്ഥാനങ്ങൾ ജനങ്ങളുടെ ആരോഗ്യ പരിരക്ഷണം ഉറപ്പുവരുത്തണമെന്നും നമ്മുടെ ഭരണഘടന അനുശാസിക്കുന്നു.
ആരോഗ്യം എന്നത് രോഗങ്ങളുടെ അഭാവം മാത്രമല്ല. മറിച്ച് പൂർണമായ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിന്റെ അവസ്ഥയാണ്. ആരോഗ്യം അവകാശമാണെന്ന് നമ്മൾ പറയുമ്പോൾ അതിനൊപ്പം ഓരോ വ്യക്തിക്കും കുറേ ഉത്തരവാദിത്തങ്ങളുമുണ്ട് എന്ന് മറക്കരുത്. വ്യായാമം ചെയ്യാതെയും ഭക്ഷണം നിയന്ത്രിക്കാതെയും ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും ആവശ്യമായ ആത്മനിയന്ത്രണമില്ലാതെയും പ്രവർത്തിക്കുമ്പോൾ എങ്ങനെയാണ് നമുക്ക് ആരോഗ്യത്തിനുള്ള അവകാശത്തെക്കുറിച്ച് സംസാരിക്കാനാവുക? നാമോരോരുത്തരും പോഷകാഹാരങ്ങൾ കഴിക്കുകയും കൃത്രിമ ചേരുവകൾ കലർന്ന അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ആത്മനിയന്ത്രണത്തോടെ പ്രവർത്തിക്കുകയും ചെയ്ത ശേഷമേ ആരോഗ്യത്തിനുള്ള അവകാശത്തെക്കുറിച്ച് സംസാരിക്കാവൂ. സർക്കാറുകൾ അനാരോഗ്യകരമായ ഭക്ഷണങ്ങളും പാനീയങ്ങളും പ്രോത്സാഹിപ്പിക്കരുത്. പൊതുജനാരോഗ്യ ശൃംഖലകളെ വളർത്തുകയും സർക്കാർ ആശുപത്രികളെ മികവുറ്റതാക്കി മാറ്റുകയും സമൂഹത്തിൽ നിലനിൽക്കുന്ന ആരോഗ്യ അസമത്വങ്ങൾ നിർമാർജനം ചെയ്യുകയും വേണം.
ഓരോ വ്യക്തിയും സമൂഹവും രാജ്യവും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിലൂടെ മാത്രമേ ജനങ്ങൾക്ക് അവരുടെ ആരോഗ്യത്തിന്മേലുള്ള അവകാശം സ്ഥാപിച്ചെടുക്കാൻ സാധിക്കൂ; അല്ലെങ്കിൽ ഈ അവകാശം ഒരു സ്വപ്നം മാത്രമായിമാറും.
(മെയ്ത്ര ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും ഗാസ്ട്രോ എന്ററോളജി സെന്റർ ഫോർ ഗാസ്ട്രോ സയൻസസിൽ സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.