പാട്ടുംപാടി ഹൃദയം തുറക്കും ഈ കാർഡിയോളജിസ്റ്റ്
text_fieldsപെരിന്തൽമണ്ണ: അനശ്വര സംഗീതജ്ഞൻ എം.എസ്. ബാബുരാജിന്റെ ഈണവും താളവും ചേർത്ത് യേശുദാസിന്റെ ശബ്ദത്തിൽ വരികൾ ഒഴുകിയെത്തുന്ന കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റിക്ക് കിടക്കുന്ന രോഗിയോടൊപ്പം പാട്ടുംപാടി ഹൃദയം തുറക്കുന്ന ഡോക്ടർ.
പെരിന്തൽമണ്ണ മാനത്തുമംഗലത്തെ ബി.കെ.സി.സി ഹാർട്ട് ആശുപത്രിയിലെ ഡോ. കെ.പി. ബാലകൃഷ്ണന്റെ ചികിത്സയും സേവനങ്ങളും അങ്ങനെയാണ് വിശേഷിപ്പിക്കാറ്. ആൻജിയോപ്ലാസ്റ്റി നടക്കുന്ന തിയറ്ററിനകത്ത് സദാസമയത്തും സംഗീതം ഒഴുകിക്കൊണ്ടിരിക്കും. ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ വന്ന ബ്ലോക്ക് അത്യന്തം സൂക്ഷ്മതയോടെ നീക്കുന്ന ആൻജിയോപ്ലാസ്റ്റി പിരിമുറുക്കമുള്ള ജോലിയാണ്. പക്ഷേ, ഒരു രോഗിക്ക് പൂർണ ബോധത്തിൽ സംഗീതം കേട്ട് ആസ്വദിച്ച് കിടന്നുകൊടുക്കാം. നല്ലൊരു ഗായകൻകൂടിയായ ഡോ. ബാലകൃഷ്ണൻ പൊതുപരിപാടികളിലും പാടാറുണ്ട്. ഹൃദ്രോഗ ചികിത്സയുടെ ഏറ്റവും പുതിയ മാറ്റങ്ങളും രീതികളും കൃത്യമായി പിന്തുടരുന്നതുകൊണ്ടാണ് ഈ വഴക്കം.
92 വയസ്സുള്ളയാൾക്കും ആൻജിയോപ്ലാസ്റ്റി ചെയ്ത് വിജയകരമായി ജീവിതത്തിലേക്ക് നടത്തിക്കൊണ്ടുവന്നതിനാൽ സങ്കീർണമായ ഒട്ടേറെ കേസുകളാണ് അദ്ദേഹത്തിന് മുന്നിലെത്തുന്നത്. ഒ.പി നോക്കിയശേഷം 12 ആൻജിയോപ്ലാസ്റ്റി വരെ ചെയ്ത ദിവസങ്ങളും ഡോ. ബാലകൃഷ്ണനുണ്ടായിട്ടുണ്ട്.
സാധാരണ ആൻജിയോപ്ലാസ്റ്റി നടത്തുന്ന കേന്ദ്രത്തിൽ ഡോക്ടറും സഹായികളും ഏറെ ഗൗരവത്തിലാവും, രോഗിയും കൂടെയുള്ളവരും അതിലേറെ ഭയപ്പാടിലുമാവും. ആ സ്ഥാനത്താണ് പാട്ട് കേൾപ്പിച്ച് പിരിമുറുക്കം കുറച്ചാണ് ഇവിടെ ആൻജിയോപ്ലാസ്റ്റി. എങ്ങനെയാണ് സംഗീതം ഇത്രയേറെ ഇഷ്ടമായതെന്ന് ചോദിച്ചാൽ അദ്ദേഹം പറയുക, ഹൃദയത്തിന്റെ പ്രവർത്തനംതന്നെ പ്രത്യേക താളത്തിലായതിനാൽ സംഗീതവും താളവുമില്ലാതെ പറ്റുമോ എന്നാണ്.
കോഴിക്കോട്ടുകാരി ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. സംഗീതയാണ് സഹധർമിണി. അവരും മക്കളായ ഡോ. നീലിമ (ഒഫ്താൽമോളജിസ്റ്റ്), ഡോ. ഹരിഗോവിന്ദ് എന്നിവരും നല്ല പാട്ടുകാരാണ്. ‘ഹരിനീൽ’ എന്ന പേരിൽ കുടുംബത്തിന് ഒരു ബാൻഡ് തന്നെയുണ്ടായിരുന്നു.
ഹൃദ്രോഗവിഭാഗത്തിനു മാത്രമായി സിംഗ്ൾ സ്പെഷാലിറ്റി ആശുപത്രികൾ കേരളത്തിൽ കുറവാണ്. മലപ്പുറത്ത് വേറെയില്ല. സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുടെ ഭാഗമായി പ്രവർത്തിക്കുന്നവയാണ് അധികം. എല്ലാവിധ ചികിത്സകളും നടക്കുന്നിടങ്ങളിൽ അണുബാധക്ക് ഏറെ സാധ്യതയുണ്ട്.
എന്നാൽ, സിംഗ്ൾ സ്പെഷലിസ്റ്റ് ആശുപത്രിയായതുകൊണ്ടുതന്നെ ബി.കെ.സി.സിയിൽ ഇതുവരെ അത്തരം അണുബാധകളുണ്ടായിട്ടില്ല. കോവിഡ് കാലത്താണ് ഈ ഗുണം ഏറെ ഫലംചെയ്തത്. ജനറൽ മെഡിസിൻ കഴിഞ്ഞ് കഴിവും പരിചയവുമുള്ളതുകൊണ്ട് ഹൃദ്രോഗികൾക്കുള്ള അനുബന്ധ പരിശോധനകളും ഇവിടെ നടക്കും. എല്ലാവിധ ചികിത്സകളുമുള്ള ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ അത്യാഹിതനിലയിലായ ഒരു ഹൃദ്രോഗിയെ എത്തിച്ചാലും കാർഡിയോളജി ചികിത്സക്കും പരിശോധനക്കും പിന്നെയും ഏറെ സമയമെടുക്കും.
എന്നാൽ, സിംഗ്ൾ സ്പെഷാലിറ്റിയായ ബി.കെ.സി.സിയിൽ വരുന്നവരെ ആദ്യമേ നോക്കുന്നത് കാർഡിയോളജിസ്റ്റാവുമെന്നതിനാൽ സമയനഷ്ടമുണ്ടാവാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനാവും. ആശുപത്രി തേടിയല്ല ഡോക്ടറെ തേടിയാണിവിടെ രോഗികളെത്തുന്നത്. ആൻജിയോ പ്ലാസ്റ്റി ചികിത്സ ‘വിഷമുള്ള ഒരു പാമ്പിനെ തൽക്കാലം മയക്കിക്കിടത്തുക’യാണെന്നാണ് അദ്ദേഹം പറയാറ്. അസുഖം ബാക്കി കിടക്കുന്നതിനാൽ കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ നിരീക്ഷണം വേണ്ടതുണ്ട്. അക്കാര്യത്തിൽ അൽപം കണിശത പുലർത്താറുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും ജനറൽ മെഡിസിനിൽ പി.ജിയും കഴിഞ്ഞ് ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് ഡോ. കെ.പി. ബാലകൃഷ്ണൻ കാർഡിയോളജി പൂർത്തിയാക്കിയത്. ആദ്യം കോഴിക്കോട് ജോലി ചെയ്തു. പെരിന്തൽമണ്ണ കിംസ് അൽഷിഫയിലും ഇ.എം.എസ് ആശുപത്രിയിലും സേവനം ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സിംഗ്ൾ സ്പെഷാലിറ്റി കേന്ദ്രമാണ് ബി.കെ.സി.സി ഹാർട്ട് ആശുപത്രി എന്നതിനാൽ ആരൊക്കെയുണ്ടെങ്കിലും ഓടിക്കിതച്ച് എത്തുന്നവർ തേടുക ഡോ. ബാലകൃഷ്ണനെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ മുന്നിൽ വന്നാലും തെരുവിൽനിന്ന് ആളുകൾ താങ്ങിയെടുത്ത് ഒരാളെ കൊണ്ടുവന്നാലും ഒരേ ചികിത്സയേ അദ്ദേഹത്തിന് നൽകാനുള്ളൂ. രോഗിയെ അല്ല, രോഗത്തെയാണ് ചികിത്സിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ തത്ത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.