മനസ്സ് ശാന്തമാവട്ടെ; സൗഖ്യം നിറയട്ടെ
text_fieldsജീവിതം സമാധാനപൂർണമാവുന്നതിലും ആരോഗ്യകരമാവുന്നതിലും മാനസികാരോഗ്യത്തിന്റെ പങ്ക് നിർണായകമാണ്. ഒരു രാജ്യത്തിന്റെ പുരോഗതി എന്ന് പറയുന്നത് ആ രാജ്യത്തെ ജനങ്ങളുടെ സമ്പൂർണ ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാൽ, ലോകമൊട്ടുക്കു തന്നെയും പൊതുജനാരോഗ്യ രംഗത്ത് ഏറ്റവും അവഗണിക്കപ്പെടുകയും നിസ്സാരവത്കരിക്കപ്പെടുകയും ചെയ്യുന്ന മേഖലയാണ് മാനസികാരോഗ്യ രംഗം. നാലിൽ ഒരാൾക്ക് വർഷത്തിൽ ഒരിക്കലെങ്കിലും മാനസികാരോഗ്യ പ്രഫഷനലിന്റെ സഹായം ആവശ്യമായി വരുന്നുണ്ട്. ലോകത്ത് എട്ടു ലക്ഷം പേർ ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നു. അതിന്റെ 20 മടങ്ങ് ആത്മഹത്യശ്രമങ്ങൾ നടക്കുന്നു. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗങ്ങളാണ് ആത്മഹത്യയിൽ കലാശിക്കുന്നത്. കോവിഡ് മഹാമാരിയുടെ വരവിനു ശേഷം വിഷാദവും ഉത്കണ്ഠയും നാലിരട്ടിയായി വർധിച്ചിട്ടുണ്ട്.
യുദ്ധങ്ങൾ, രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം മാനസികാരോഗ്യത്തെ ഗണ്യമാംവിധം ബാധിച്ചിരിക്കുന്നു. വലിയൊരു ശതമാനം മാനസികരോഗങ്ങൾ നിർണയം ചെയ്യപ്പെടുന്നുപോലുമില്ല. രോഗ നിർണയം നടന്നാൽതന്നെ 70 മുതൽ 80 വരെ ശതമാനം പേർക്കും കൃത്യമായ ചികിത്സ ലഭിക്കുന്നില്ല. രോഗങ്ങളെയും ചികിത്സ ലഭിക്കുന്നവരെയും സംബന്ധിച്ച കൃത്യമായ ഡേറ്റ പലപ്പോഴും ലഭ്യമല്ല. ഇതര മെഡിക്കൽ വിഭാഗങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യ രംഗത്ത് ഗവേഷണങ്ങൾ വേണ്ടത്രയില്ല. മിക്ക രാജ്യങ്ങളും ആരോഗ്യ ബജറ്റിന്റെ രണ്ട് ശതമാനത്തിൽ താഴെയാണ് മാനസികാരോഗ്യ വിഭാഗത്തിനായി നീക്കിവെക്കുന്നത്. വേണ്ടത്ര റിസോഴ്സ് പേഴ്സൻസ് ഇല്ലാത്തതും അത്യാവശ്യ മരുന്നുകളുടെ ലഭ്യതക്കുറവും ഈ രംഗത്തെ വലിയ പോരായ്മകളാണ്.
ഇന്ത്യയിൽ 10 ശതമാനം ആളുകൾക്ക് ചികിത്സ ലഭിക്കേണ്ട തരം മാനസിക രോഗങ്ങളുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2015 - 16 ൽ നടത്തിയ ദേശീയ മാനസികാരോഗ്യ സർവേ വ്യക്തമാക്കുന്നു. അതിൽ ഒരു ശതമാനം അടിയന്തര ചികിത്സ ലഭിക്കേണ്ടവരാണ്. മദ്യവും മറ്റ് ലഹരികളും മൂലം മനോനില തെറ്റുന്നവരും നിരവധി. എന്നാൽ, രാജ്യത്തെ ലക്ഷം ആളുകൾക്ക് 0 .7 സൈക്യാട്രിസ്റ്റുകളും അതിന്റെ പകുതിയിൽ താഴെ മാത്രം രജിസ്റ്റേർഡ് സൈക്കോളജിസ്റ്റുകളുമാണുള്ളത്. പഠനങ്ങൾ നിർദേശിക്കുന്നത് ഒരു ലക്ഷം പേർക്ക് കുറഞ്ഞത് മൂന്ന് സൈക്യാട്രിസ്റ്റുകൾ വേണമെന്നാണ്. കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തിനും ഈ അനുപാതത്തിന്റെ അടുത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല. 36,000 സൈക്യാട്രിസ്റ്റുകൾ വേണ്ടിടത്ത് 9,000 പേരാണ് ആകെ രാജ്യത്തുള്ളത്. ഇന്ത്യയിൽ ആകെ ഉള്ള സൈക്യാട്രി പി.ജി സീറ്റുകളുടെ എണ്ണം 700 മാത്രമാണ്. പ്രഫഷനലുകളുടെ അപര്യാപ്തത ഈ രംഗത്ത് വലിയ വെല്ലുവിളിയാണ്. പുതിയ മാനസികാരോഗ്യപരിരക്ഷ നിയമം 2017 മിക്ക സംസ്ഥാനങ്ങളിലും പ്രാബല്യത്തിൽ വരുന്നേയുള്ളൂ.
ലോകാരോഗ്യ സംഘടനയുടെ നിർവചനപ്രകാരം ഒരു വ്യക്തി സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ്, സാധാരണ ജീവിതക്ലേശങ്ങളെ ഫലപ്രദമായി നേരിട്ട്, ജനസമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിക്കുന്നതിനെയാണ് മാനസികാരോഗ്യം എന്ന് പറയുന്നത്. മാനസികരോഗങ്ങൾ ഇല്ലാതിരുന്നത് കൊണ്ടുമാത്രം ഒരാൾക്ക് മാനസികാരോഗ്യം കൈവന്നു എന്നുപറയാനാവില്ല. സർക്കാറുകൾ പ്രധാന മുൻഗണനകളിലൊന്നായി ഇതിനെ കണ്ടാൽ മാത്രമെ മാനസികാരോഗ്യ പരിപാലനം ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന ബോധ്യം രൂപപ്പെടുകയുള്ളൂ.
മാനസികരോഗങ്ങളെ കുറിച്ചും അതിന്റെ ചികിത്സ രീതികളെ കുറിച്ചും ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്കും ജനങ്ങൾക്കും അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് 1992 മുതൽ എല്ലാ വർഷവും ഒക്ടോബർ പത്ത് ലോക മാനസികാരോഗ്യ ദിനമായി ആചരിച്ചു പോരുന്നത്.
Making mental health and well-being for all a global priority- എല്ലാവരുടെയും മാനസികാരോഗ്യവും സൗഖ്യവും ആഗോള മുൻഗണനയാക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം. ഉയർന്ന മാനസികാരോഗ്യത്തോടെ, അർഥപൂർണമായ ജീവിത സംതൃപ്തിയോടെ, തികഞ്ഞ ലാഘവത്തോടെ ജീവിതക്ലേശങ്ങളെ നേരിടാൻ ഓരോ വ്യക്തിയെയും പ്രാപ്തമാക്കുകയാണ് ഈ പ്രമേയം മുന്നോട്ടുവെക്കുന്ന ആശയം. മാനസികാരോഗ്യ രംഗത്തെ പോരായ്മകൾ പരിഹരിച്ച്, വിപുലമായ ബോധവത്കരണവും ഇടപെടലുകളും സാധ്യമാക്കി ഒരു പുതുസമൂഹത്തെ രൂപപ്പെടുത്തിയെടുക്കാൻ നമുക്കാവട്ടെ.
(കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.