ഇന്ന് ലോക മാനസികാരോഗ്യദിനം; കോവിഡിൽ സാന്ത്വനമരുളിയത് 36.46 ലക്ഷം പേര്‍ക്ക്
text_fieldsകൊച്ചി: കോവിഡ് അനന്തര മാനസികപ്രശ്നങ്ങളാൽ ദുരിതംപേറുന്നവർ ഏറെ. കേരളത്തിൽ മാത്രം ഇക്കാലയളവിൽ 24,964 പേരെ പുതിയ രോഗികളായി കണ്ടെത്തി. വിഷാദരോഗവുമായി ബന്ധപ്പെട്ട് 55,339 പേരെ പരിശോധിച്ചതിൽ 10,302 പേർക്ക് രോഗമുണ്ടെന്നും കണ്ടെത്തി. കോവിഡ് പശ്ചാത്തലത്തിൽ 14 ജില്ലയിലും ആരംഭിച്ച 272 മാനസികാരോഗ്യ ക്ലിനിക്കിൽനിന്നുള്ള വിവരമാണിത്. മാനസികസമ്മര്‍ദം, ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് തുടങ്ങി അവസ്ഥകളായിരുന്നു ഏറെപേരിലും.
കൂടാതെ, സ്കൂൾകുട്ടികൾ ഉൾപ്പെടെ 36,46,315 പേർക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സലിങ് സേവനങ്ങളും നൽകി. രോഗാവസ്ഥ, പട്ടിണി, ഒറ്റപ്പെടൽ, മരണങ്ങൾ ഒക്കെ മാനസികനിലയെ മുറിപ്പെടുത്തിയ സംഭവങ്ങളാണെന്നും ഡോക്ടർമാർ വിലയിരുത്തി. ഇൗ ആകുലതകളെ ശ്രദ്ധയോടെ കേൾക്കാൻ കണ്ണും കാതും കൂർപ്പിക്കുകയാണ് മാനസികാരോഗ്യവിദഗ്ധരും. 'എല്ലാവര്ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും' എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിന സന്ദേശം.
ക്വാറൻറീനിലും ഐസൊലേഷനിലും കഴിഞ്ഞ 14.9 ലക്ഷം പേര്‍ക്ക് ഉള്‍പ്പെടെ 36.46 ലക്ഷം ആളുകൾക്കാണ് ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ സാന്ത്വനമരുളിയത്. സൈക്യാട്രിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി 1346 മാനസികാരോഗ്യപ്രവര്‍ത്തകര്‍ 14 ജില്ലയിലും അതിെൻറ ചുക്കാൻപിടിക്കുകയാണ്. സ്കൂള്‍ കുട്ടികൾ നേരിട്ട മാനസിക-സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടു എന്നതും നേട്ടമായി. 3,55,884 കുട്ടികളെ വിളിക്കുകയും 35,523 കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.