ലോക ഫിസിയോതെറപ്പി ദിനം ഇന്ന്; കോവിഡിൽ ആമിന ഉമ്മയുടെ കാലുകൾക്ക് ചലനമറ്റു, കിടക്കയിൽനിന്ന് കൈപിടിച്ചുയർത്തി ഫിസിയോതെറപ്പി
text_fieldsആലപ്പുഴ: കോവിഡ് കാലുകൾ തളർത്തിയതോടെ ഇനി നടക്കാൻ കഴിയില്ലെന്ന് കരുതിയ 72കാരി ആമിന ഉമ്മ ജീവിതം തിരിച്ചുപിടിച്ചത് മരുന്നില്ലാത്ത രോഗനിവാരണ മാർഗമായ ഫിസിയോതെറപ്പിയിലൂടെ. രണ്ടാഴ്ചത്തെ ചികിത്സയിലൂടെ വീടിെൻറ മുറിക്കുള്ളിൽ മാത്രം ഒതുങ്ങിയ വ്യായാമത്തിലും പരിചരണത്തിലുമാണ് ആരോഗ്യം വീണ്ടെടുത്തത്. ഇതിനൊപ്പം കൈകാലുകളുടെ പേശിബലവും നാഡീഞരമ്പുകളും ബലപ്പെട്ടതോടെ കിടക്കയിൽനിന്ന് ആദ്യം സ്വയം എഴുേന്നറ്റു. പിന്നെ വാക്കറിൽ പിടിച്ച് മുറിക്കുള്ളിലായിരുന്നു നടത്തം. ഇപ്പോഴത് വീടിെൻറ സിറ്റൗട്ട് വരെ എത്തിനിൽക്കുേമ്പാൾ ആലപ്പുഴ വാടയ്ക്കൽ പുത്തൻചിറ പുത്തൻവീട്ടിൽ സന്തോഷമേറെയാണ്. ഒപ്പം വൈദ്യശാസ്ത്രത്തിന് അദ്ഭുതവും.
കോവിഡ് രണ്ടാംതരംഗം നിറഞ്ഞുനിന്ന ജൂണിൽ നേരിയ പനിയായിട്ടായിരുന്നു രോഗത്തിെൻറ തുടക്കം. ഭേദമാകാതെ വന്നതോടെ നടത്തിയ പരിശോധനയിൽ കോവിഡും ന്യുമോണിയയും കണ്ടെത്തി. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഇവിടുത്തെ 10 ദിവസത്തെ ചികിത്സക്കുശേഷമാണ് ആമിന ഉമ്മയുടെ കാലുകൾക്ക് ചലനമറ്റെന്ന് തിരിച്ചറിഞ്ഞത്.
ഇതിനൊപ്പം വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും വർധിച്ചതോടെ വിദഗ്ധചികിത്സക്ക് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊറോണ വാർഡിൽ ഒരു ദിവസം കിടന്നപ്പോൾതന്നെ മരണത്തെ മുഖാമുഖം കണ്ടു. കൺമുന്നിൽ ഒപ്പംകിടന്ന രണ്ടുപേരെ മരണം കൂട്ടിക്കൊണ്ടുപോയതോടെ ബന്ധുക്കൾക്കും രോഗിക്കും വേവലാതി വർധിച്ചു. പിറ്റേദിവസം ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രിയിലെ കോവിഡ് കെയർ സെൻററിലേക്ക് മാറ്റി. ഇതിനുപിന്നാലെ വീട്ടിലെത്തിയശേഷമാണ് ഫിസിയോതെറപ്പിസ്റ്റ് ആഷിഖിെൻറ സേവനം കിട്ടുന്നത്.
ചികിത്സ തുടങ്ങുേമ്പാൾ അമിതവണ്ണവും പ്രധാന പ്രശ്നമായിരുന്നു. 98 കിലോയുള്ളതിനാൽ കട്ടിലിൽനിന്ന് പൊക്കിയെടുക്കാനും ഒരുവശത്തേക്ക് ചരിച്ച് കിടത്താനും കഴിയില്ലായിരുന്നു. എഴുന്നേറ്റ് നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. മുറിയിൽ ശ്വാസം നല്ലരീതിയിൽ കിട്ടാനുള്ള സാഹചര്യമൊരുക്കിയാണ് ചുമയും ശ്വാസതടസ്സവും മാറ്റിയത്. പിന്നീട് റെസ്പിറോമീറ്റർ ഉപയോഗിച്ചുള്ള വ്യായാമങ്ങളും തെറാബാൻഡിലൂടെയുള്ള നിരന്തരപരിശീലനത്തിലൂടെ കൈകളിലെയും കാലുകളിലെയും പേശികൾ കൂടുതൽ ബലപ്പെടുത്തിയും ആത്മവിശ്വാസം വർധിപ്പിച്ചു.
കിടക്കയുടെ ഉയരം കൂട്ടിയും ഇരിക്കുന്ന പ്രതലത്തിലെ കുഷ്യൻ അടക്കമുള്ളവ സ്ഥാപിച്ചും മുറിയിലെ കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയുന്ന രീതിയിലേക്കാണ് ആദ്യമെത്തിച്ചത്. പിന്നീടാണ് അകത്തേക്കും പുറത്തേക്കും നടക്കാൻ വാക്കറിെൻറ സഹായം തേടിയത്. ഭാരം18 കിലോയോളം കുറക്കാനുമായി. കുറച്ചുകൂടി ഭാരം കുറച്ചാൽ വാക്കറിെൻറ സഹായമില്ലാതെ നടക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് ബാധിക്കുന്നതിന് മുമ്പുണ്ടായിരുന്ന മുട്ടുവേദനക്ക് ആശ്വാസം കെണ്ടത്തിയിരുന്നത് വേദനസംഹാരിയായിരുന്നു. ഫിസിയോതെറപ്പി ചികിത്സക്കുപിന്നാലെ മുട്ടുവേദന പൂർണമായും അകന്നതിനൊപ്പം കിടക്കയിൽനിന്ന് എഴുന്നേൽക്കാനും ആരുടെയും ആശ്രയമില്ലാതെ നടക്കാനും കഴിയുന്നത് ഭാഗ്യമായാണ് കരുതുന്നത്. മൂത്തമകൾ സുനിതയുടെ കൂടെയാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.