കഴുകിയാൽ തീരില്ല ശുചിമുറി മാലിന്യം
text_fieldsമാലിന്യപ്രശ്നങ്ങള്‍ക്ക് 2026 ആകുമ്പോഴേക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി പദ്ധതികളാണ് സംസ്ഥാനത്തിപ്പോള്‍ നടപ്പാക്കിവരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും നേതൃത്വപരമായ പ്രവര്‍ത്തനവും ഇക്കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കുന്നു. ശുചിത്വമുറപ്പാക്കുന്നതില്‍ അതിപ്രധാനം ശുചിമുറിയുടെ ഉപയോഗമാണ്. 2016ല്‍ നമ്മുടെ സംസ്ഥാനം വെളിയിട വിസർജനമുക്ത പദവിയും നേടി. എന്നാല്‍, ശുചിമുറി ഉപയോഗിച്ചതുകൊണ്ടു മാത്രം എല്ലാമായോ?
'തെളിനീര് ഒഴുകും നവകേരളം' കാമ്പയിന്റെ ഭാഗമായി കേരളത്തിലെ ജലാശയങ്ങളെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ ശുചിത്വമിഷന് നടത്തിയ പഠനത്തില്‍ കേരളത്തിലെ പുഴകളും തോടുകളും കുളങ്ങളുമെല്ലാം ഉള്‍പ്പെടുന്ന പൊതു ജലാശയങ്ങളില്‍ 79 ശതമാനത്തിലും മനുഷ്യവിസര്‍ജ്യം കലര്‍ന്നിരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. കക്കൂസ് ഉപയോഗത്തിനുശേഷം ഫ്ലഷ് ചെയ്യുന്നതോടെ (കഴുകിക്കളയുന്നതോടെ) കാര്യം കഴിഞ്ഞു എന്ന് കരുതുന്നവരാണ് നമ്മള്. അത് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കക്കൂസ് മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.
കോളിഫോം എന്ന വില്ലന്‍
കക്കൂസ് മാലിന്യം ജലത്തില്‍ കലരുന്നതുമൂലം ജലത്തില്‍ കോളിഫോം അഥവാ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുന്നു. പഠനങ്ങളനുസരിച്ച് ഇത്തരത്തില്‍ മനുഷ്യവിസര്‍ജ്യത്തിലുള്ള രോഗഹേതുക്കളായ സൂക്ഷ്മജീവികള്‍ തുടര്‍ച്ചയായി കുട്ടികളുടെ ശരീരത്തിലെത്തിയാല്‍ കുടല് അണുബാധയിലേക്കു നയിക്കും. വിശപ്പ് കുറയുന്നതിനും പോഷകങ്ങളുടെ ആഗിരണം നിലക്കുന്നതിനും ഈ അവസ്ഥ കാരണമാകും. സംസ്ഥാനത്തെ ചില അംഗൻവാടികളില്‍ ഈ അടുത്ത കാലത്തുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍പോലും മനുഷ്യവിസര്‍ജ്യ സാന്നിധ്യം കണ്ടെത്തിയിരുന്നു. പൊതുജലാശയങ്ങളിലെ മനുഷ്യവിസര്‍ജ്യ വ്യാപനം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കിണറുകളിലേക്കും ഭൂഗര്‍ഭ ജലത്തിലേക്കുമൊക്കെ കോളിഫോം ബാക്ടീരിയയും അനുബന്ധമായി രോഗഹേതുക്കളായ മറ്റു ബാക്ടീരിയകളും കടന്നുകയറും. മിക്ക വീടുകളിലും ഒറ്റ കുഴികളിലാണ് ശുചിമുറി മാലിന്യം ശേഖരിക്കുന്നത്. ഇത് നേരിട്ട് മണ്ണിലൂടെ ഭൂഗര്‍ഭജലത്തിലേക്കും മറ്റു ജലാശയങ്ങളിലേക്കും കലരാന്‍ സാധ്യത ഏറെയാണ്. ശാസ്ത്രീയമായി ടാങ്കുകള്‍ നിർമിച്ചെങ്കിൽ മാത്രമേ വിസർജ്യം കൃത്യമായി സംസ്കരിക്കപ്പെടുകയുള്ളൂ. ചുരുങ്ങിയത് മൂന്നു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിസര്‍ജ്യാവശിഷ്ടം ശാസ്ത്രീയമായി നീക്കംചെയ്യേണ്ടതുണ്ട്. നിലവില്‍ ടാങ്ക് നിറയുമ്പോഴാണ് നമ്മള് അവശിഷ്ടം നീക്കംചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകപോലും ചെയ്യുന്നത്. അങ്ങനെ നീക്കം ചെയ്യുന്നതാവട്ടെ അശാസ്ത്രീയമായും. കക്കൂസ് മാലിന്യം ജലാശയങ്ങളില്‍ തള്ളി എന്ന വാര്‍ത്ത പതിവ് സംഭവമായി മാറിയിരിക്കുന്നു.
എന്തുകൊണ്ട് 'മലംഭൂതം'?
ഏറെ അപകടകാരിയായ ഒരു ഭൂതത്തെ തുറന്നുവിടുകയാണ് കക്കൂസ് മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 'മലംഭൂതം' എന്ന പേരിൽ വിപുലമായ കാമ്പയിന് ശുചിത്വ മിഷന് രൂപംനല്കിയത്. അല്പം ജാഗ്രത പുലര്‍ത്തിയാല്‍ ഈ ഭൂതത്തെ പിടിച്ചുകെട്ടാന്‍ ഒരു പ്രയാസവുമില്ല. ഇതിനായി മൂന്നു കാര്യങ്ങള്‍ മാത്രം നമ്മള് ശ്രദ്ധിച്ചാല്‍ മതി. സെപ്റ്റിക് ടാങ്കുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രം നിർമിക്കുക, മൂന്നു വര്‍ഷം കൂടുമ്പോള്‍/നിറയുന്നതിനു മുമ്പ് ടാങ്ക് വൃത്തിയാക്കുക, ടാങ്കില്‍നിന്ന് നീക്കംചെയ്ത മാലിന്യങ്ങള്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തുക.
വേണം സംസ്കരണ പ്ലാന്റുകള്‍
ശാസ്ത്രീയമായി ശുചിമുറി അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിന് ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ അഥവാ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ അത്യാവശ്യ ഘടകമാണ്. ജില്ലയില്‍ രണ്ടു പ്ലാന്റുകൾ വീതമെങ്കിലും അടിയന്തരമായി യാഥാർഥ്യമാക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. അതത് സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പ്രകൃതിസൗഹൃദമായാണ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ രൂപകൽപന ചെയ്യുന്നത്. വീടുകളില്‍നിന്നും മറ്റും ശേഖരിക്കുന്ന വിസര്‍ജ്യാവശിഷ്ടങ്ങള്‍ സുരക്ഷിതമായ സംസ്കരണ പ്രക്രിയയിലൂടെ ജലവും വളവുമായി മാറ്റുകയാണ് പ്ലാന്റുകളിലെ പ്രവര്‍ത്തനരീതി. സംസ്കരണശേഷം ബാക്കിയാവുന്ന ജലം ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് പുനരുപയോഗിക്കാനും ഖരവസ്തുക്കള്‍ വളമായി ഉപയോഗിക്കാനും കഴിയും. പ്ലാന്റുകള്‍ സ്ഥാപിക്കുന്ന സ്ഥലത്തെ ഗ്രീന്‍ പാര്‍ക്കാക്കി മാറ്റുകയും ചെയ്യും. ഇത്തരം നൂറിലധികം പ്ലാന്റുകള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലും ഇത്തരം പദ്ധതികളുടെ നടത്തിപ്പിന് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.