തലച്ചോറിനെ അനുസരിക്കാറില്ല; ഹൃദയത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണ്
text_fieldsനമ്മുടെ ശരീരത്തിലെ മിക്ക അവയവങ്ങളും പ്രവർത്തിക്കുന്നത് തലച്ചോറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾക്കനുസരിച്ചാണ്. എന്നാൽ നമ്മുടെ ഹൃദയം അങ്ങനെയല്ലത്രെ. ഹൃദയത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണെന്നാണ് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടും ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനം പറയുന്നത്.
ഹൃദയത്തിന്റെ നാഡീവ്യൂഹം ഒരു റിലേ സിസ്റ്റമായി മാത്രമാണ് കണക്കാക്കിയിരുന്നത്. തലച്ചോറ് കൈമാറുന്ന സിഗ്നലുകള്‍ അനുസരിച്ചാണ് ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതുമെന്നാണ് കരുതിവന്നിരുന്നത്. എന്നാൽ നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഹൃദയത്തിന്റെ നാഡീവ്യൂഹം സ്വതന്ത്രമാണെന്ന് കണ്ടെത്തിയതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഹൃദയത്തിന്റെ ആന്തരിക നാഡീവ്യവസ്ഥ ഇന്‍ട്രാ കാര്‍ഡിയാക് നാഡീവ്യൂഹം എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് സ്വന്തമായി ഹൃദയമിടിപ്പ് സൃഷ്ടിക്കാനും തലച്ചോറിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം സ്വയം നിയന്ത്രിക്കാനും കഴിയും. 'ഹൃദയത്തിന് സ്വന്തമായൊരു തലച്ചോറുള്ള പോലെയാണ്'- എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്റെ എല്ലാ ഭാഗങ്ങളും മസ്തിഷ്‌കം സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നില്ലെന്നും ഗവേഷകർ പറയുന്നു.
ഘടനയിലും പ്രവർത്തനത്തിലും മനുഷ്യ ഹൃദയത്തോട് സാമ്യമുള്ള സീബ്രാഫിഷിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. ഹൃദയത്തിന്റെ പേസ്‌മേക്കറായി പ്രവര്‍ത്തിക്കുന്ന സിനോആട്രിയല്‍ പ്ലെക്‌സസ് (എസ്.എ.പി) എന്ന ഹൃദയത്തിന്റെ പ്രധാന ഭാഗത്തെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ വൈവിധ്യമാര്‍ന്ന ന്യൂറോണുകളും കണ്ടെത്തി. ഈ ന്യൂറോണുകള്‍ അസറ്റൈല്‍കോളിന്‍, ഗ്ലൂട്ടാമേറ്റ്, സെറോടോണിന്‍ തുടങ്ങിയ വിവിധ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നുണ്ടെന്നും പഠനം പറയുന്നു. ഇത് താളാത്മകമായ വൈദ്യുത പാറ്റേണുകള്‍ സൃഷ്ടിക്കുന്നു.
നടത്തം, ശ്വസനം തുടങ്ങിയ ചലനങ്ങളെ മസ്തിഷ്‌കവും സുഷ്മനാ നാഡിയും എങ്ങനെ നിയന്ത്രിക്കുകയും ഏകാപിപ്പിക്കുകയും ചെയ്യുന്നു അതിന് സമാനമാണിതും. ഇത് ഹൃദയത്തിന്റെ നാഡീവ്യൂഹം മസ്തിഷ്‌കത്തിന്റെ നിര്‍ദേശങ്ങള്‍ നിഷ്‌ക്രിയമായി പിന്തുടരുകയല്ലെന്നും ഹൃദയമിടിപ്പ് നിലനിര്‍ത്തുന്നതില്‍ സ്വന്തമായി പ്രവർത്തിക്കുന്നതിന്റെ സൂചനയാണെന്നും ഗവേഷകർ പറഞ്ഞു. ഹൃദയാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിന് ഈ കണ്ടെത്തല്‍ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.