കൗമാരക്കാർക്കിടയിൽ ഫിറ്റ്‌നസ് വിഡിയോകൾ നിയന്ത്രിക്കാനൊരുങ്ങി യൂ ട്യൂബ്
text_fieldsലണ്ടൻ: ചിലതരം ആരോഗ്യ, ഫിറ്റ്നസ് വിഡിയോകൾ കൗമാരപ്രായത്തിലുള്ളവർ കാണുന്നതിൽ യൂ ട്യൂബ് നിയന്ത്രണം കൊണ്ടുവരുന്നു. നിലവിൽ 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് ഫിറ്റ്നസ് സംബന്ധിയായ ഉള്ളടക്കം തിരയാനും കാണാനും കഴിയും. സമ്പൂർണമായ വിലക്കിനു പകരം ചിലതരം ശരീരങ്ങളെ മാതൃകകളാക്കുന്നവ ഉൾപ്പെടെയുള്ള വിഡിയോകൾ ആവർത്തിച്ച് കാണുന്നതിന് ഇനി യൂ ട്യൂബ് പ്രോത്സാഹിപ്പിക്കില്ല. സവിശേഷതകൾ താരതമ്യം ചെയ്ത് ചില ശരീരങ്ങളെ മറ്റുള്ളവയെക്കാൾ മഹത്വവൽക്കരിക്കുന്നവ, ചില പ്രത്യേക ശരീരങ്ങളെ ചെറുതാക്കി അവതരിപ്പിക്കുന്നവ, നേരിട്ട് സമ്പർക്കമില്ലാത്ത അടിയുടെയും ഭീഷണിയുടെയും രൂപത്തിൽ ആക്രമണോൽസുകത പ്രദർശിപ്പിക്കുന്നവ തുടങ്ങിയ വിഡിയോകൾക്കാണ് നിയന്ത്രണം കൊണ്ടുവരിക.
ഇത്തരം കാര്യങ്ങൾ തുടർച്ചയായി കാണുന്നതിലൂടെ ചെറുപ്രായക്കാരിൽ സ്വന്തത്തെക്കുറിച്ച് തെറ്റായ ധാരണകൾ വളരാൻ ഇടയാക്കുമെന്ന ആശങ്കയാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് യൂ ട്യൂബ് പറയുന്നു. ഓൺലൈനിൽ ഉപയോഗിക്കുന്ന ഉള്ളടക്കത്തിലെ ‘മികച്ച’ മാനദണ്ഡങ്ങൾ കാണിച്ചുകൊണ്ട് ആവർത്തിച്ചുള്ള സന്ദേശങ്ങൾ കാണുമ്പോൾ മുതിർന്നവരേക്കാൾ കൗമാരക്കാരിൽ തങ്ങളെക്കുറിച്ച് നിഷേധാത്മക ധാരണകൾ രൂപപ്പെടാൻ സാധ്യത കൂടുതലാണെന്ന് ‘യൂത്ത് ആൻഡ് ഫാമിൽസ്’ ഉപദേശക സമിതി കണ്ടെത്തിയതായി യൂ ട്യൂബ് അറിയിച്ചു. വിദഗ്ധർ ഈ നടപടിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും കൗമാരക്കാരുടെ ശാരീരികക്ഷമതയെയും ആരോഗ്യത്തെയും കുറിച്ച് വിശാലമായ ചർച്ച നടത്തേണ്ടതുണ്ടെന്ന് അവർ പറയുന്നു.
യൂ ട്യൂബിന്റെ അൽഗോരിതം അനുസരിച്ച് സാധാരണയായി ഉപയോക്താക്കൾ ഒരു പ്രത്യേക വിഡിയോ കണ്ടുകഴിഞ്ഞാൽ സമാനമായ ഉള്ളടക്കമുള്ളവ ശിപാർശ ചെയ്യും. അനുബന്ധ വിഡിയോകൾ സൈഡ്‌ബാറിൽ പ്രദർശിപ്പിക്കും. ഇനി ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കൗമാരക്കാർക്ക് നൽകില്ലെന്ന് പ്ലാറ്റ്ഫോം പറയുന്നു. എന്നാൽ, ഉപയോക്താവ് ഒരു യൂ ട്യൂബ് അക്കൗണ്ടിൽ ലോഗിൻ ചെയ്‌ത് കൃത്യമായ ജനനത്തീയതി രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ വിഡിയോകളുടെ നിയന്ത്രണങ്ങൾ സാധ്യമാകൂ. ഉപയോക്താക്കൾ അവകാശപ്പെടുന്ന പ്രായപരിധി പരിശോധിക്കാൻ പ്ലാറ്റ്‌ഫോമിന് മാർഗമില്ല.
കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗവും അവരുടെ ശരീരത്തെക്കുറിച്ചുള്ള ധാരണകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ‘ബോഡി ഇമേജും സോഷ്യൽ മീഡിയയും’ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തുന്ന സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയിലെ സീനിയർ ലക്ചറർ ഡോ. പെത്യ എക്‌ലർ പറഞ്ഞു. ഇത് കുടുംബങ്ങൾക്കകത്തെ ഫിറ്റ്‌നസ്, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള വിശാലമായ ചർച്ചയുമായി ബന്ധിപ്പിക്കണം. കൂടാതെ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് വ്യായാമം എന്ന ആശയം പ്രോൽസാഹിപ്പിക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.