ബീജിങ്ങിലും ഷാങ്ഹായിയിലും സീറോ കോവിഡ്; നേട്ടം ശക്തമായ നിയന്ത്രണങ്ങളിലൂടെ
text_fieldsബീജിങ്: ചൈനയുടെ പ്രധാന സിറ്റികളായ ബീജിങ്ങും ഷാങ്ഹായിയും സീറോ കോവിഡ് സിറ്റികളായി. ഫെബ്രുവരി 19ന് ശേഷം ആദ്യമായാണ് ചൈനയിലെ ഈ രണ്ട് സിറ്റികളിലും പ്രാദേശികമായി കോവിഡ് വ്യാപനം ഇല്ലാതെ സീറോ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ദേശീയ തലത്തിൽ തന്നെ 22 കോവിഡ് കേസുകൾ മാത്രമാണ് ചൈനയിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്.
നാലു മാസം നീണ്ട അതിശക്തമായ പോരാട്ടത്തിനൊടുവിലാണ് കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ ചൈനക്കായത്. ജനങ്ങളെ പൂർണമായും വീട്ടിനുള്ളിൽ അടച്ചിട്ടു, നിരന്തരം പരിശോധനകൾ നടത്തി, ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാണ് രാജ്യത്തെ വീണ്ടും കീഴടക്കിയ രോഗത്തെ ചൈന പിടിച്ചു കെട്ടിയത്.
അതിവേഗം വ്യാപിക്കുന്ന ഒമിക്രോൺ വകഭേദം ഉണ്ടായിട്ടും വൈറസിനെ തുരത്താൻ സാധിക്കുമെന്ന് ചൈന കാണിച്ചു തരുന്നു. വാക്സിനേഷൻ വഴി ലഭിക്കുന്ന പ്രതിരോധ ശേഷിയാൽ ഒമിക്രോണിനെ തടയാനാകും. വൈറസിനെ പിടിച്ചുകെട്ടാനായെങ്കിലും പോരാട്ടം തീർന്നുവെന്ന് അർഥമില്ലെന്ന് അധികൃതർ പറയുന്നു. പുതിയ വകഭേദങ്ങൾ ഏപ്പോൾ വേണമെങ്കിലും ഉത്ഭവിക്കാം.
സീറോ കോവിഡ് സ്ട്രാറ്റജി മറ്റു രാജ്യങ്ങളിൽ നിന്ന് ചൈനയെ മാറ്റി നിർത്തുന്നതാണ്. മറ്റു രാജ്യങ്ങൾ കോവിഡിനൊപ്പം ജീവിക്കാൻ തീരുമാനിച്ചപ്പോഴാണ് കോവിഡിനെ തുടച്ചു നീക്കാൻ ചൈന ശ്രമം തുടരുന്നത്.
നിയന്ത്രണങ്ങളും കടുപ്പമാണ്. വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പോകാൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ജനങ്ങൾ ആരോഗ്യ സംരക്ഷണത്തിനുള്ള മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. അതിൽ അവരുടെ ആരോഗ്യ നില കാണിക്കും. ആപ്പിൽ പച്ച സിഗ്നലാണെങ്കിൽ മാത്രമേ ശുഭസൂചകമായി കാണൂ. ഹോട്ടലുകൾ, ഷോപ്പുകൾ, പൊതു ഗതാഗതം എന്നിങ്ങനെ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ എല്ലാ മൂന്നു ദിവസത്തിലും കോവിഡ് പരിശോധന നടത്തണം. മൂന്നു വയസിനു മുകളിലുള്ള കുട്ടികളെ പോലും കോവിഡ് പരിശോധന നടത്തിയാൽ മാത്രമേ പാർക്കുകളിൽ കളിക്കാൻ അനുവദിക്കുകയുള്ളു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ തന്റെ മൂന്നാം അവസരം ഒന്നു കൂടി ഉറപ്പിക്കുന്നതിനുള്ള പുറപ്പാടിലാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. അതിന്റെ ഭാഗമായാണ് സീറോ കോവിഡ് പോളിസി നടപ്പാക്കുന്നത്. കൂടാതെ, കോവിഡ് നിയന്ത്രണങ്ങളിൽ തകർന്ന സാമ്പത്തിക രംഗത്തെ ഉയർത്തെിക്കൊണ്ടുവരുന്നതിനുള്ള സമ്മർദ്ദവും അധികൃതർക്ക് മേലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.