സിക വൈറസ്: രോഗഭീതിയിൽ പകച്ച് പൈതൃക നഗരി
text_fieldsതലശ്ശേരി: രോഗഭീതിയിൽ പകച്ച് തലശ്ശേരി നഗരം. ദിവസങ്ങൾക്ക് മുമ്പ് തലശ്ശേരി ജില്ല കോടതിയിലെ ജഡ്ജി ഉൾപ്പെടെ ഒമ്പത് പേർക്ക് സിക വൈറസ് സ്ഥിരീകരിച്ചതിന്റെ ഭീതി മാറും മുമ്പേ നഗരത്തിലെ സ്കൂൾ വിദ്യാർഥിനികളായ 20 പേർക്ക് അലർജി രോഗം റിപ്പോർട്ട് ചെയ്തത് നഗരത്തിൽ ഞെട്ടലുളവാക്കി. തലശ്ശേരി ടൗണിലെ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 20 ഓളം പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് വ്യാഴാഴ്ച രോഗം വന്നത്.
ഇവരിൽ 14 വിദ്യാർഥിനികൾ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ക്ലാസ് തുടങ്ങിയ ശേഷമാണ് കുട്ടികൾക്കിടയിൽ അടിക്കടി രോഗം അനുഭവപ്പെട്ടത്. ചൊറിച്ചിൽ ഉൾപ്പെടെ വ്യത്യസ്ത രീതിയിലാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അലർജിക്ക് സമാനമായ രോഗ ലക്ഷണം പ്രകടമായതോടെ അധ്യാപകർ കുട്ടികളെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ രക്ഷിതാക്കളെത്തി കുട്ടികളെ പിന്നീട് മറ്റ് ആശുപത്രികളിലേക്ക് മാറ്റി. രോഗം വന്ന കുട്ടികളിൽ നിന്ന് രക്തം ശേഖരിച്ച് പരിശോധനക്കയച്ചു.
തലശ്ശേരി കോടതിയിൽ ജഡ്ജി, ജീവനക്കാർ, അഭിഭാഷകർക്കടക്കം അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈഡിസ് കൊതുക് പരത്തുന്ന സിക വൈറസ് ഒമ്പത് പേർക്ക് സ്ഥിരീകരിച്ചത്. ഈ സംഭവത്തിന്റെ ഭീതി മാറി വരുന്നതിനിടയിലാണ് കുട്ടികളെയും അലർജി രോഗം വേട്ടയാടിയത്.
കോടതിയിൽ ജീവനക്കാർക്കിടയിലുണ്ടായ സമാന ലക്ഷണമാണ് കുട്ടികളിലും കാണപ്പെട്ടത്. സ്കൂളിൽ വെളളിയാഴ്ച ശുചീകരണവും ഫോഗിങ്ങും നടത്താൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഈഡിസ് കൊതുകുകളുടെ സാന്നിധ്യം നഗരത്തിൽ രോഗപകർച്ച ഭീതി വളർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.