സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ
text_fieldsതലശ്ശേരി: ഒമ്പത് പേർക്ക് സിക വൈറസ് സ്ഥിരീകരിച്ച തലശ്ശേരി ജില്ല കോടതിയിൽ രോഗ പ്രതിരോധ നടപടികൾ ഊർജിതമാക്കി. വൈറസ് ഭീതി അകറ്റാനുള്ള ബോധവത്കരണമടക്കമുള്ള പ്രവർത്തനങ്ങൾക്കായി എൻഡമോളജി അസി.ഡയറക്ടർ എം.എസ്. ശശിയുടെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരിയിൽ ക്യാമ്പ് ചെയ്ത് പുരോഗതികൾ വിലയിരുത്തുന്നുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) സംഘവും സ്ഥിതി നിരീക്ഷിക്കാനായി ചൊവ്വാഴ്ച തലശ്ശേരിയിലെത്തി. അടുത്തദിവസം ജില്ല കോടതി സന്ദർശിക്കും. അതിനിടെ, രോഗ ലക്ഷണങ്ങളുമായി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ട് കോടതി ജീവനക്കാരുടെ രക്തസാമ്പ്ളുകൾ ഇന്നലെ പരിശോധനക്കായി ശേഖരിച്ചു. സിക പ്രതിരോധത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ കൂടുതൽ പേരെ ജില്ല കോടതി കേന്ദ്രീകരിച്ച് പരിശോധനക്കായി ചുമതലപ്പെടുത്തും.
ചൊവ്വാഴ്ച കോടതിയിൽ ജില്ല ജഡ്ജി നിസാര്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നു. കോടതിയിൽ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ തീരുമാനമായി. കോടതി വളപ്പില്‍ പ്ലാസ്റ്റിക് അലക്ഷ്യമായി തള്ളുന്നതിനാല്‍ കൊതുക് പെരുകുന്നത് നിയന്ത്രിക്കാനാണ് തീരുമാനം.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് കോടതിയില്‍ ആരും കൊണ്ടുവരാന്‍ പാടില്ല. കോടതിയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണമെങ്കില്‍ ജില്ല ജഡ്ജിയുടെ അനുമതി വാങ്ങണം.
യോഗത്തിൽ ജനറൽ ആശുപത്രി സൂപ്രണ്ട് വി.കെ. രാജീവൻ, പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ല കോടതിയുടെ സമീപത്തുള്ള ചേറ്റംകുന്ന്, കൊടുവള്ളി വാര്‍ഡുകളില്‍ ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേയും തുടങ്ങി. കോടതിയില്‍ രോഗ ലക്ഷണമുള്ളവര്‍ക്കായി ബുധനാഴ്ചയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ജഡ്ജി ഉൾപ്പെടെ ഇതുവരെ ജില്ല കോടതിയിൽ ഒമ്പത് പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.
ഭീതിയകലാതെ സിക വൈറസ്
തലശ്ശേരി: പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാകുമ്പോഴും തലശ്ശേരിയിൽ ഈഡിസ് കൊതുകുകൾ പരത്തുന്ന സിക വൈറസ് ഭീതി വിട്ടൊഴിയുന്നില്ല. ജാഗ്രത നടപടികൾ കൂടുതൽ ശക്തമാക്കണമെന്നാണ് ആരോഗ്യ വകുപ്പ് നൽകിയ നിർദേശം. സിക വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയാറാക്കാനും ആരോഗ്യവകുപ്പ് അധികൃതർ നടപടികൾ ആരംഭിച്ചു.
രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തലശ്ശേരി കോടതിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണായി തിരിച്ച് രോഗ പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
അതിനിടെ ചേറ്റംകുന്നിലെ ഒരു കുട്ടി ഉൾപ്പെടെ ആറ് പേർക്ക് കൂടി സമാന രോഗലക്ഷണം കണ്ടതിനാൽ ഇവരുടെ രക്തം സാമ്പിളെടുത്ത് വൈറോളജി ലാബിൽ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സിക വൈറസ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നതിന് തടയിടാൻ പ്രതിരോധ നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചിട്ടുണ്ട്.
കോടതി കെട്ടിട സമുച്ഛയത്തിൽ ആരോഗ്യ വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ ചൊവ്വാഴ്ചയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കൊതുകുകൾ പെരുകാനിടയുള്ള സ്ഥലങ്ങളിൽ ഫോഗിങ്ങും നടത്തി.
കഴിഞ്ഞ ദിവസം കോടതി ജീവനക്കാർക്ക് ബോധവത്കരണ ക്ലാസും നൽകി. പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ദിവസവും വിലയിരുത്തുന്നുണ്ട്. കോടതി, ചേറ്റംകുന്ന്, കൊടുവള്ളി വാർഡുകളിൽ ആശ വർക്കർമാരെ ഉപയോഗപ്പെടുത്തി സർവേയും തുടങ്ങി. ജില്ല കോടതിയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനവും ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.