Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightപ്രോട്ടീൻ പൗഡർ നല്ലതോ...

പ്രോട്ടീൻ പൗഡർ നല്ലതോ ചീത്തയോ? ഡോക്ടർമാർക്കും രണ്ടഭിപ്രായം, സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ച

text_fields
bookmark_border
protein powder 987986
cancel

പ്രോട്ടീൻ പൗഡർ നല്ലതോ ചീത്തയോ ? ഏറെക്കാലമായി ഈ ചോദ്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നാണിത്. ഡോക്ടർമാർക്കിടയിൽ തന്നെ പ്രോട്ടീൻ പൗഡർ ഉപയോഗം സംബന്ധിച്ച് രണ്ടഭിപ്രായം ഉണ്ടെന്നതാണ് യാഥാർഥ്യം. ജീവിതശൈലിയുമായി ബന്ധപ്പെട്ടും ഫിറ്റ്നസുമായി ബന്ധപ്പെട്ടും പ്രോട്ടീൻ പൗഡർ കഴിക്കുന്നത്, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ, വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ ചർച്ചകൾക്ക് പ്രസക്തിയേറെയാണ്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതാവായ ഡോ. സുൽഫി നൂഹു സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റിന് പിന്നാലെയാണ് പ്രോട്ടീൻ പൗഡർ ഉപയോഗം സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ വീണ്ടുമുയർന്നത്. പ്രോട്ടീൻ പൗഡർ ശരീരത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും തലച്ചോർ മുതൽ വൃക്ക വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയ പ്രോട്ടീൻ പൗഡറുകൾ ഉണ്ടെന്നുമാണ് ഡോ. സുൽഫി നൂഹു ചൂണ്ടിക്കാട്ടിയത്. പ്രോട്ടീൻ പൗഡറിന് പകരം വീട്ടിൽ തന്നെ ലഭ്യമാകുന്ന ഭക്ഷ്യവിഭവങ്ങളിൽ നിന്ന് പ്രോട്ടീൻ കണ്ടെത്തണമെന്നും ഇദ്ദേഹം നിർദേശിക്കുന്നു.

ഡോ. സുൽഫി നൂഹുവിന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

ജിമ്മുകളിലെ പ്രോട്ടീനാദി ചൂർണ്ണം
7000 രൂപയെ! ഇന്നലെ കടന്നുവന്ന രോഗിയുടെ അച്ഛൻറെ പ്രസ്താവന! അദ്ദേഹം അല്പം അഭിമാനത്തോടെ പ്രഖ്യാപിച്ചു. മകൻ ജിമ്മനാണ് ;ഇന്നലെ കൂടി ഞാൻ വാങ്ങിക്കൊടുത്തതേയുള്ളൂ 7000 രൂപയുടെ പ്രോട്ടീൻ പൗഡർ!

ഞാനൊന്നുമറിയാത്ത പോലെ എത്ര പ്രോട്ടീൻ പൗഡറുണ്ടെന്ന് ചോദിച്ചു. "ഒരു ഹോർലിക്സ് കുപ്പിയുടെ അത്രയും." 7000 രൂപയ്ക്ക്. അതും തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയ പ്രോട്ടീൻ പൗഡർ. ജിം ട്രെയിനർ ,ഏതാണ്ട്, പത്താന്തരവും ഗുസ്തിയും നൽകിയ ഉപദേശം സ്വീകരിച്ചത് ഡെന്റൽ കോളേജ് വിദ്യാർത്ഥി. എങ്ങനുണ്ട്. ഈ പ്രോട്ടീനാദി ഘടകത്തിലും ചൂർണ്ണത്തിലും അടങ്ങിയിരിക്കുന്നത്, ഇച്ചിരി പ്രോട്ടീനും ഇച്ചിരി ഹെവി മെറ്റൽസും ഇച്ചിരി പഞ്ചസാരയും ! അങ്ങനെ കൊല്ലാക്കൊലയ്ക്ക് കൊടുക്കുന്ന പല സാധനങ്ങളുമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നു!

ഈ 7000 രൂപയുടെ ചൂർണം വാങ്ങുന്നതിന് പകരം വീട്ടിലെ അടുക്കള, അല്ലെങ്കിൽ തീൻ മേശയിൽ പോയി നോക്കൂ. ഇതിൻറെ രണ്ട് ശതമാനം വിലയിൽ പ്രോട്ടീൻ ചുറ്റുമുണ്ട്. അത്, മുട്ടയിൽ ചിക്കനിൽ മീനിൽ പയറിൽ കപ്പലണ്ടിയിൽ ക്യാഷ്യുനട്ടിൽ പാലിൽ അങ്ങനെ പലതിലും.! അതൊന്നും വേണ്ടാന്ന് വച്ചാണ് ആയിരം കോടിയുടെ പരസ്യം ചെയ്യുന്ന പ്രോട്ടീനാദി ചൂർണം ജിമ്മിലെ ഒരു മണിക്കൂർ വർക്ക് ഔട്ടിനു ശേഷം തട്ടി വിടുന്നത്.

അവരുടെ ഗംഭീര ലേബലിൽ കാണുന്നതല്ല പലതിലെയും ഘടകങ്ങളെന്ന് വ്യക്തമായ തെളിവുകൾ. ഈ പ്രോട്ടീനാധി ചൂർണ്ണം കഴിച്ച് കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന ഹെവി മെറ്റൽ ടോക്സിസിറ്റി വരുന്ന ഡയബറ്റിസ് കൂടുന്ന ധാരാളം പേരെ ദിവസവും ഡോക്ടർമാർ കാണുന്നുണ്ട്. ആ ചൂർണമെടുത്ത് കുപ്പത്തൊട്ടിയിലേറിയൂ. പകരം വീട്ടിലെ മുട്ടയും വീട്ടിലെ പയറും വീട്ടിലെ ചിക്കനും വീട്ടിലെ മീനും കഴിക്കൂ. അച്ഛൻറെ 7000 ,പോക്കറ്റിലിരിക്കട്ടെ!
-ഡോ സുൽഫി നൂഹു.

ഡോ. സുൽഫി നൂഹുവിന്‍റെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങൾ വന്നു. പ്രോട്ടീൻ പൗഡറുകളെല്ലാം അപകടകാരിയാണെന്ന ഡോ. സുൽഫി നൂഹുവിന്‍റെ പോസ്റ്റ് പൂർണമായും ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ രംഗത്തുനിന്നുള്ളവർ തന്നെ രംഗത്തെത്തി. പ്രോട്ടീൻ പൗഡർ എല്ലാം കുഴപ്പമാണെന്ന അഭിപ്രായം ശരിയല്ലെന്നും, നല്ല പ്രോട്ടീൻ പൗഡർ ആവശ്യമായ രീതിയിൽ ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണെന്നും പലരും ചൂണ്ടിക്കാട്ടി. പാലിൽ നിന്നും ഘടകങ്ങൾ ഉപയോഗിച്ച് തയാറാക്കുന്ന വേയ് പ്രോട്ടീൻ (WHEY PROTEIN) ദോഷങ്ങളുണ്ടാക്കുന്നില്ലെന്നാണ് കൂടുതൽ പേർ ഉയർത്തിയ വാദം.

'കിഡ്നി തകർക്കുമോ പ്രോട്ടീൻ പൗഡർ?' എന്ന തലക്കെട്ടിൽ ഡോ. അരുൺ മംഗലത്ത് ഇൻഫോക്ലിനിക്കിൽ എഴുതിയ ലേഖനം ഇങ്ങനെ...

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് വീട്ടിൽ കേബിൾ ടിവി ഇല്ല. ഇംഗ്ലീഷ് സിനിമകളായി ആകെ കണ്ടിട്ടുള്ളത് ടൈറ്റാനിക്കും ജുറാസിക് പാർക്കും മാത്രമാണ്. അങ്ങനെയിരിക്കെയാണ് അർനോൾഡ് ഷ്വാസ്നെഗർ എന്ന ഒരു സിനിമാനടൻ അമേരിക്കയിലെ കാലിഫോർണിയയിൽ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത പത്രത്തിൽ വന്നത്. ഈ വിചിത്ര നാമധാരിയെപ്പറ്റി മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. സ്കൂളിലാണെങ്കിൽ ഇദ്ദേഹമാണ് എല്ലാ ദിവസവും ചർച്ചാവിഷയം. ചിത്രങ്ങളൊക്കെ കണ്ടാൽ അന്തം വിട്ടുപോകും. ഒഴുക്കൻ മട്ടിൽ കിടക്കുന്നതായി മാത്രം ഇതുവരെ കണ്ടിട്ടുള്ള മനുഷ്യ ശരീരത്തിൽ കൊത്തിവച്ച മാതിരി ഇത്രമേൽ മസിലുകളോ?!

അർണോൾഡിന്റെ അദ്ഭുത കഴിവുകളെപ്പറ്റിയുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകൾ ക്ലാസുകളിൽ പാറിനടന്നു. കൈത്തണ്ടയിലെ മസിൽ വല്ലാതെ കൂടിയതുകൊണ്ട് കൈ മടക്കാൻ സാധിക്കാതെ കുറച്ച് എക്സ്റ്റ്രാ മസിൽ അദ്ദേഹം മുറിച്ചു കളഞ്ഞതായിവരെ വാർത്ത ഇറങ്ങി. നാട്ടിലെ ജിമ്മുകളൊക്കെ ഞാനും ശ്രദ്ധിക്കാൻ തുടങ്ങിയത് ഇങ്ങനെയാണ്.

ഇന്നാകട്ടെ ജിമ്മുകൾ കൂണു പോലെയാണ് മുളച്ചു പൊന്തുന്നത്. മലപോലെ മസിലുള്ള ഏതാനും ഭീകരന്മാരുടെ ഫോട്ടോ ഫ്ലക്സ് അടിച്ച് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ടാകും. മേലനങ്ങി ഒരു പണിയും ചെയ്യാൻ വയ്യാത്തവൻപോലും സമയാസമയം ജിമ്മിലെത്തി കൂറ്റൻ തൂക്കു കട്ടകൾ ഉയർത്തുന്നതു കണ്ടാലറിയാം കട്ടയ്ക്കുള്ള സോഷ്യൽ വാല്യൂ. (കുറച്ചൊക്കെ ഞാനും പോയതാണ്. വയറ്റിലുള്ള സിക്സ്പാക്ക് ഉചിതമായ ഒരു അവസരത്തിൽ പുറത്തെടുക്കാൻ വേണ്ടി തൽക്കാലം ഒരു ഫാമിലി പാക്കിൽ ഇട്ടു വച്ചിരിക്കുകയാണ് എന്നേ ഉള്ളൂ ;-)). എന്നാൽ പരമാവധി ഒരു മാസം കഴിഞ്ഞാൽ ഈ ആവേശമൊക്കെ തണുക്കും. ജിമ്മിൽ പോകുന്നതുപോയിട്ട്‌ ഒന്നു മേലനങ്ങി നടക്കാൻപോലും മടിയാകും. അപ്പോഴാണ് മസിൽ വരാൻനുള്ള കുറുക്കുവഴികൾ ആളുകൾ അന്വേഷിച്ചു തുടങ്ങുന്നത്. മിക്കവർക്കും ആ അന്വേഷണം എത്തിനിൽക്കുക പ്രോട്ടീൻ പൗഡറിലാണു താനും.

1. എന്താണ് മസിൽ?

മസിൽ അഥവാ പേശി മനുഷ്യരുൾപ്പെടെയുള്ള മിക്കവാറും ജീവികളിൽ ചലനത്തിന് സഹായിക്കുന്ന ഒരു കലയാണ് (tissue). നാഡികളിൽ നിന്നുള്ള വൈദ്യുതസന്ദേശം എത്തുമ്പോൾ ചുരുങ്ങാനുള്ള കഴിവാണ് മസിലുകളുടെ പ്രത്യേകത. മസിലുകളുടെ ഈ ചുരുങ്ങലിന്റെ ശക്തി എല്ലുകളിലേക്ക് പകർന്നുകൊടുക്കാൻ ഒരു കൂട്ടം വള്ളികളുണ്ട്. ടെണ്ടനുകൾ എന്നാണ് ഇവയുടെ പേര്. മസിലുകൾ ചുരുങ്ങുമ്പോൾ എല്ലുകളിലേക്ക് കൈമാറുന്ന ശക്തി ഉപയോഗിച്ച് സന്ധികളിൽ അനക്കം സാധ്യമാക്കുന്നു. ഇങ്ങനെയാണ് നാം നടക്കുന്നതും ഓടുന്നതും ഭാരം പൊന്തിക്കുന്നതും ഒക്കെ.
ചെറുതും വലുതുമായി നമ്മുടെ ശരീരത്തിൽ 600ലേറെ മസിലുകൾ ഉണ്ട് എന്നാണ് കണക്ക്. നാം ജനിക്കുമ്പോഴേ നമ്മുടെ മസിലുകളിൽ ഒരു നിശ്ചിത എണ്ണം കോശങ്ങളുണ്ട്. ഈ കോശങ്ങളുടെ എണ്ണം ഭാവിയിൽ കൂടുകയില്ല. ഇനി എങ്ങാനും എന്തെങ്കിലും പരിക്കുപറ്റിയോ രക്തയോട്ടം നിലച്ചോ നശിച്ചുപോയാൽ പുനരുജ്ജീവിക്കാനും ഈ കോശങ്ങൾക്കു കഴിവില്ല. ഈ കോശങ്ങൾക്ക് ആകെ സാധിക്കുന്നത് കൂടുതൽ പ്രോട്ടീൻ ആഗിരണം ചെയ്ത് കൂടുതൽ ശക്തിയിൽ സങ്കോചിക്കുന്ന കോശങ്ങളായി മാറാനാണ്. ഇത്തരത്തിൽ പ്രോട്ടീൻ ആഗിരണം ചെയ്യുമ്പോൾ ഓരോ കോശങ്ങളുടെയും വലിപ്പം വർദ്ധിക്കുന്നു. ഹൈപ്പർട്രോഫി എന്നാണ് ഈ പരിപാടിയ്ക്ക് പറയുന്നത്. പുരുഷന്മാരിൽ ശരീരത്തിലെ ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോണിന്റെ അളവ് വർധിക്കുമ്പോൾ പേശികളുടെ വണ്ണവും ഭാരവും കൂടുന്നു. മേലെ പറഞ്ഞ പോലെ പേശികളിലുള്ള കോശങ്ങൾ കൂടുതൽ പ്രോട്ടീൻ ആഗിരണം ചെയ്തത് തടിക്കുന്നതാണ് ഇതിനു കാരണം‌. കൗമാരപ്രായത്തിൽ തുടങ്ങി പുരുഷന്മാർക്ക് കൂടുതൽ ശാരീരികശക്തി ഉണ്ടാകാനുള്ള കാരണവും അവരുടെ പേശികൾ കൂടുതൽ കൃത്യമായി തെളിഞ്ഞു കാണാനുള്ള കാരണവും ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോണിന്റെ സാന്നിധ്യം തന്നെ.

2. അതുകൊണ്ടാണോ ആളുകൾ മസിൽ കൂടാൻ ഹോർമോൺ കുത്തിവച്ചു എന്നൊക്കെ കേൾക്കുന്നത്?

അതെ. മസിലുകളുടെ വലിപ്പം കൂട്ടാൻ കഴിവുള്ള ചില പ്രത്യേക രാസവസ്തുക്കൾ ശരീരത്തിൽ തന്നെ നിർമ്മിക്കുന്നുണ്ട് അത്തരത്തിലൊന്നാണ് ടെസ്റ്റോസ്റ്റിറോൺ. അത്തരത്തിലുള്ള മറ്റ് രാസവസ്തുക്കൾക്ക് അനബോളിക് സ്റ്റിറോയിഡുകൾ എന്നാണു പറയുന്നത്. ഇവ പുറത്തുനിന്ന് ശരീരത്തിൽ കുത്തിവയ്ക്കുകയോ മറ്റേതെങ്കിലും രീതിയിൽ എത്തിക്കുകയോ ചെയ്താൽ പേശികളുടെ വളർച്ച വർദ്ധിക്കുന്നു. പല പ്രശസ്തരായ ബോഡി ബിൽഡർമാരും ഇത്തരത്തിലുള്ള കുറുക്കുവഴികൾ ഉപയോഗിച്ചാണ് അവരുടെ സുന്ദരമായ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഇതുകൊണ്ട് ധാരാളം പാർശ്വഫലങ്ങളുണ്ട്. പുരുഷന്മാരിൽ വൃഷ്ണത്തിലാണ് ടെസ്റ്റോസ്റ്റിറോൺ പ്രധാനമായും നിർമിക്കപ്പെടുന്നത് എന്ന് അറിയാമല്ലോ. തലച്ചോറിലെ പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്ന് ലൂട്ടിനൈസിങ് ഹോർമോൺ എന്ന ഒരു രാസവസ്തു രക്തത്തിൽ കലർന്ന് വൃഷ്ണത്തിൽ എത്തുമ്പോഴാണ് ടെസ്റ്റോസ്റ്റിറോൺ ഉൽപ്പാദനം ആരംഭിക്കുന്നത്. വൃഷ്ണത്തിൽ ആവശ്യത്തിനു ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിച്ചാലേ കുട്ടികൾ ഉണ്ടാകാൻ സഹായിക്കുന്ന ബീജ കോശങ്ങളുടെ നിർമ്മാണം നടക്കൂ. പുറത്തുനിന്ന് കുത്തിവെച്ചും മറ്റും നൽകുന്ന ടെസ്റ്റോസ്റ്റിറോണ് വൃഷ്ണത്തിന്റെ അകത്ത് കടക്കാൻ സാധിക്കാത്തതുകൊണ്ട് അത്തരത്തിൽ ബീജകോശങ്ങളുടെ നിർമ്മാണം ത്വരിതപ്പെടുത്താനാകില്ല. കൂടുതൽ മസിലുണ്ടാകാൻ ടെസ്റ്റോസ്റ്റിറോൺ കുത്തിവയ്ക്കുകയാണെന്നിരിക്കട്ടെ. രക്തത്തിൽ ആവശ്യത്തിന് ടെസ്റ്റോസ്റ്റിറോൺ ഉള്ളതിനാൽ പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്നുള്ള ലൂട്ടിനൈസിങ് ഹോർമോണിന്റെ നിർമ്മാണം നിലയ്ക്കും.

ശരീരത്തിൽ അധികം ഹോർമോൺ നിർമ്മിക്കപ്പെട്ടു തകരാറു സംഭവിക്കാതിരിക്കാനുള്ള ശരീരത്തിന്റെ തന്നെ മുൻകരുതലാണ് ഇത്. (നെഗറ്റീവ് ഫീഡ് ബാക്ക് എന്നാണ് ഈ പ്രതിഭാസത്തെ പറയുന്നത്). ഇങ്ങനെ സംഭവിക്കുമ്പോൾ വൃഷണങ്ങളിൽ നിന്നുള്ള ടെസ്റ്റോസ്റ്റിറോണിന്റെ നിർമ്മാണം കുറയുകയും അവയിൽ ബീജങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യും. ഇത്തരക്കാർക്ക്, അവർ എത്ര മസിൽ ഉള്ളവരായി മാറിയാലും, കുട്ടികൾ ഉണ്ടാകില്ല. ടെസ്റ്റോസ്റ്റിറോൺ കുത്തിവയ്ക്കുന്നതു നിർത്തി ദീർഘകാലം കാത്തിരുന്നാൽ മാത്രമേ പിന്നീട് അവർക്ക് പ്രത്യുല്പാദന ശേഷി വീണ്ടെടുക്കാനാകൂ. സമാനമായ പാർശ്വഫലങ്ങൾ മറ്റ് അനബോളിക് സ്റ്റിറോയ്ഡ് മരുന്നുകൾക്കും ഉണ്ട്. സിൽവസ്റ്റർ സ്റ്റാലനെ പോലെയുള്ള അഭിനേതാക്കളുടെ ആദ്യകാല സിനിമകളിലെ രൂപവും പത്തോ ഇരുപതോ വർഷങ്ങൾക്കു ശേഷമുള്ള രൂപവും താരതമ്യപ്പെടുത്തി നോക്കിയാൽ ഇത്തരത്തിലുള്ള അനബോളിക് സ്റ്റിറോയിഡുകൾ ശരീരത്തിലുണ്ടാകുന്ന മോശം മാറ്റങ്ങളെക്കുറിച്ച് ഒരു ധാരണ പ്രഥമദൃഷ്ട്യാ തന്നെ ലഭിക്കും. ചില രോഗങ്ങളുടെ ചികിത്സയിൽ ഈ മരുന്നുകൾ ഉപയോഗിക്കാമെങ്കിലും പേശികളുടെ വണ്ണം കൂട്ടാൻ ഈ മരുന്നുകളുടെ ഉപയോഗം ഒരിക്കലും ആശാസ്യമല്ല.

3. പ്രോട്ടീൻ പൗഡറുകൾ സ്റ്റിറോയ്ഡ് മരുന്നുകളുടെ കൂട്ടത്തിൽ വരുമോ?

പ്രോട്ടീൻ പൗഡറുകൾ ഒരു മരുന്നല്ല. അവ ഡയറ്ററി സപ്ലിമെന്റുകൾ, അതായത്, പൂരക ഭക്ഷണങ്ങൾ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഭക്ഷ്യവസ്തുക്കളാണ്. വളർച്ചയുടെ ഘട്ടത്തിലും വ്യായാമം ചെയ്ത് മസിലുകൾക്ക് ആയാസം ഉണ്ടാകുന്ന സാഹചര്യങ്ങളിലും മസിലുകൾ സ്വയമേവ ബലംവയ്ക്കുകയും തടിക്കുകയും നല്ല ആകർഷകമായ രൂപം ആർജ്ജിക്കുകയും ചെയ്യും. ഇതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇത്തരത്തിൽ മസിലുകൾക്ക് വളരാൻ ആവശ്യമുള്ള പ്രോട്ടീൻ നമ്മുടെ ഭക്ഷണത്തിൽ നിന്നുതന്നെ ലഭിക്കാമെങ്കിലും ചിലപ്പോഴൊക്കെ സാധാരണ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലാതെ വരും. പ്രത്യേകിച്ചും മലയാളിയുടെ ഭക്ഷണ ശീലത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കുറവാണ്. ആവശ്യത്തിന് പ്രോട്ടീൻ ഭക്ഷണത്തിലില്ലെങ്കിൽ എത്ര വ്യായാമം ചെയ്താലും മസിലുകളുടെ രൂപഭംഗിയോ വലിപ്പമോ വർദ്ധിക്കാത്ത സാഹചര്യമുണ്ടാകും.

4. വ്യായാമം ചെയ്യുന്ന ഒരാൾക്ക് ഒരു ദിവസം എത്ര പ്രോട്ടീനാണ് ലഭിക്കേണ്ടത്?

ആരോഗ്യമുള്ള ഒരു സാധാരണ മനുഷ്യന് ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0.8 ഗ്രാം പ്രോട്ടീൻ ഓരോ ദിവസത്തെ ഭക്ഷണത്തിലും വേണം എന്നാണ് കണക്ക്. അതായത് 60 കിലോഗ്രാം ഭാരമുള്ള ഒരാൾ 48 മുതൽ 50 ഗ്രാം പ്രോട്ടീൻ വരെ ഒരു ദിവസം കഴിക്കേണ്ടത് ശരീരത്തിന്റെ സാധാരണ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. ഇത് 100 ഗ്രാം വരെ ആകുന്നത് നല്ലതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് ഭക്ഷണത്തിലെ ആകെയുള്ള കാലറികളിൽ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലുള്ള ഒരു ഭാഗം പ്രോട്ടീനിൽ നിന്നുമാണ് ലഭിക്കേണ്ടത്. ഒരു ശരാശരി കോഴിമുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ ആണ് അടങ്ങിയിരിക്കുന്നത് എന്ന് ഓർക്കുക. ഏറ്റവും അധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ഒന്നായ സോയാബീനിൽ ആകട്ടെ 100 ഗ്രാമിന് 40 ഗ്രാമോളം പ്രോട്ടീൻ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ മലയാളികളുടെ ഭക്ഷണത്തിൽ നിന്ന് ഓരോ ദിവസവും ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭിക്കണമെങ്കിൽ അത് കൃത്യമായി പ്ലാൻ ചെയ്യുക തന്നെ വേണം. സ്ഥിരമായി വ്യായാമം ചെയ്യുകയും മസിലുകളുടെ വളർച്ച പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഈ പറഞ്ഞതിലും അധികം പ്രോട്ടീൻ ആവശ്യമുണ്ടാവും. പ്രതി കിലോഗ്രാം ശരീരഭാരത്തിന് ചുരുങ്ങിയത് ഒന്നര മുതൽ രണ്ടു ഗ്രാം വരെ പ്രോട്ടീൻ കഴിച്ചാലേ ഏറ്റവും ഫലപ്രദമായി പേശികൾ വികസിപ്പിക്കാൻ സാധിക്കൂ. അതായത് 60 കിലോഗ്രാം ഭാരമുള്ള ഒരാൾ 90 നും 120 നും ഇടയിൽ ഗ്രാം പ്രോട്ടീൻ ഓരോ ദിവസവും കഴിക്കണം. പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചോ പ്രോട്ടീൻ സപ്ലിമെന്റുകൾ ഉപയോഗിച്ചോ ഇതു സാധിക്കാം.

5. പ്രോട്ടീൻ എന്തെല്ലാം ഭക്ഷ്യ വസ്തുക്കളിൽ നിന്നാണ് ലഭിക്കുന്നത്?

സസ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളിലും ജന്തുജന്യമായ ഭക്ഷ്യവസ്തുക്കളിലും പ്രോട്ടീനുണ്ട്. അരി ഗോതമ്പ് പോലെയുള്ള ധാന്യങ്ങളിൽ പോലും അമിനോ ആസിഡുകൾ ഒരു ഘടകമാണ്. എന്നാൽ മസിൽ വളർത്താൻ വ്യായാമം ചെയ്യുന്ന ഒരാൾക്ക് ആവശ്യമായ പ്രോട്ടീൻ ഇവയിൽ നിന്നും ലഭിക്കാൻ സാധ്യത കുറവാണ്. സസ്യങ്ങളിൽ ഏറ്റവും സമ്പന്നമായ പ്രോട്ടീൻ സ്രോതസ്സ് സോയ ബീൻ ആണ്. എന്നാൽ സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനും ശരീരത്തിന് ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ ജന്തുജന്യമായ പ്രോട്ടീനാണ് സാധാരണഗതിയിൽ ബോഡി ബിൽഡേഴ്സ് ഉപയോഗിച്ചു വരാറ്. ഇതിലേറ്റവും സാമാന്യമായി ഉപയോഗിക്കുന്നത് മുട്ടയിൽ നിന്നുള്ള പ്രോട്ടീനാണ്. ഒരു ശരാശരി മുട്ടയ്ക്ക് 60 ഗ്രാം ഭാരമുണ്ടാകും ഇതിൽ ആറു ഗ്രാം പ്രോട്ടീൻ ഉണ്ട്. ഇത്തരത്തിൽ 5 മുട്ട കഴിച്ചാൽ 30 ഗ്രാം പ്രോട്ടീൻ ലഭിക്കും. മുട്ടയിലെ പ്രോട്ടീനിൽ ഉള്ള അമിനോ ആസിഡുകൾ ഏതാണ്ട് മുഴുവനായി ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും മുട്ടയിൽ നിന്നുള്ള പ്രോട്ടീനിലുണ്ട്. മുട്ടയുടെ വെള്ളക്കരുവിലാണ് അമിനോ ആസിഡുകളുടെ സ്രോതസ്സായ ആൽബുമിനുള്ളത്. മുട്ടയിൽ ആകെയുള്ള പ്രോട്ടീനിന്റെ മൂന്നിൽ രണ്ടും വെള്ളക്കരുവിലാണ് ഉള്ളത്. മുട്ടയുടെ മഞ്ഞയിൽ ശരീരത്തിന് ഹാനികരമായ കൊളസ്ട്രോൾ ഉള്ളതിനാൽ ഒരു പരിധിയിലധികം ഇതു കഴിക്കുന്നത് നല്ലതല്ല.

പ്രോട്ടീന്റെ മറ്റൊരു സ്രോതസ്സാണ് പാൽ. മിക്കവാറും പ്രോട്ടീൻ പൗഡറുകളും പാലിൽ നിന്നു വേർതിരിച്ചെടുക്കുന്ന വേ പ്രോട്ടീൻ ഉപയോഗിച്ചാണ് നിർമിക്കപ്പെടുന്നത്. എന്നാൽ പാലിൽ ഭൂരിഭാഗവും വെള്ളം ആയതിനാൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ വേണ്ടത്ര പാൽ കുടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ ശരീരത്തിന് ഹാനികരമായ കൊഴുപ്പും ധാരാളം ഊർജ്ജവും പാലിൽ അടങ്ങിയതിനാൽ പ്രോട്ടീൻ ലഭിക്കുന്നതിന് ഒരു പരിധിയിലധികം പാൽ കുടിക്കുന്നത് ആശാസ്യമല്ല.
പ്രോട്ടീന്റെ മറ്റൊരു സുലഭമായ സ്രോതസ്സാണ് ഇറച്ചി. നൂറു ഗ്രാം ഇറച്ചിയിൽ ഇരുപതിലധികം ഗ്രാം പ്രോട്ടീനും ഉണ്ടാകും. എന്നാൽ മുട്ടയിലെ പ്രോട്ടീൻ പോലെ പൂർണമായും ഉപയോഗപ്പെടുന്നതല്ല ഇറച്ചിയിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ. മുട്ടയേക്കാൾ ദഹിപ്പിക്കാൻ ബുദ്ധിമുട്ടുമാണ് ഇറച്ചി. കൊഴുപ്പും മറ്റും അടങ്ങിയതിനാൽ ഒരു പരിധിയിലധികം ഇറച്ചി കഴിക്കുന്നത് ആരോഗ്യകരമല്ല. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കണക്കാക്കിയ തിനുശേഷം ഭക്ഷ്യ വസ്തുക്കളിൽ നിന്ന് അത് ലഭിക്കുന്നുണ്ടെങ്കിൽ അധിക പ്രോട്ടീൻ കഴിച്ചതു കൊണ്ട് ശരീരത്തിന് കൂടുതൽ ഗുണം ഒന്നും ഉണ്ടാകുന്നില്ല. ശരീരത്തിന്റെ ആവശ്യം കഴിഞ്ഞ് അധികമുള്ള അമിനോ ആസിഡുകൾ കരളിൽ വെച്ച് വിഘടിച്ച് മൂത്രത്തിൽ പുറന്തള്ളപ്പെടുകയാണ് ചെയ്യുക.

6. എന്താണ് പ്രോട്ടീൻ പൗഡർ ?

ഭക്ഷണത്തിലൂടെ പ്രോട്ടീൻ ശരീരത്തിലെത്തിക്കാൻ ഒരുപക്ഷേ ഇഷ്ടമില്ലാത്ത ഭക്ഷണസാധനങ്ങൾ ഒരു പരിധിയിലധികം കഴിക്കേണ്ടി വന്നേക്കാം. ഈ ബുദ്ധിമുട്ടുകൾ പരിഹരിച്ച് കുറഞ്ഞ അളവ് കഴിക്കുമ്പോൾ തന്നെ കൂടുതൽ അളവിൽ പ്രോട്ടീൻ ശരീരത്തിൽ എത്തിക്കാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരു പൂരക ഭക്ഷ്യവസ്തുവാണ് പ്രോട്ടീൻ പൗഡർ. സാധാരണഗതിയിൽ വേ പ്രോട്ടീൻ (Whey protein) എന്ന പേരിലാണ് ഇവ വിപണിയിൽ ലഭ്യമാകുന്നത്. പാൽക്കട്ടി നിർമിക്കുന്നതിനുവേണ്ടി പാൽ പ്രോസസ് ചെയ്തതിനു ശേഷം ബാക്കിവരുന്ന ഉൽപ്പന്നം ഉപയോഗിച്ചു നിർമ്മിക്കുന്ന പൊടിയാണ് വേ പ്രോട്ടീൻ പൗഡർ. ഒരു മൂല്യവർദ്ധിത ഉൽപന്നം എന്ന നിലയിൽ ഉയർന്ന വിലയാണ് ഈ പൗഡറിന് നൽകേണ്ടി വരുന്നത്. ഇതു കൂടാതെ മറ്റ് അവശ്യ വൈറ്റമിനുകളും മിനറലുകളും ചേർത്ത രീതിയിലും പ്രത്യേകതരത്തിലുള്ള രുചി നൽകാനുള്ള വസ്തുക്കൾ ചേർത്ത രീതിയിലും പ്രോട്ടീൻ പൗഡറുകൾ വിപണിയിൽ ലഭ്യമാണ്. ശരാശരി കിലോയ്ക്ക് 1000 രൂപയെങ്കിലും ഇവയ്ക്ക് വിലയുണ്ട് പലപ്പോഴും അതിന്റെ ഇരട്ടി വരെ വില ഈടാക്കാറുണ്ട്.

7. ആശുപത്രിയിൽ നിന്ന് ചില രോഗികൾക്ക് പ്രോട്ടീൻ പൗഡർ പ്രിസ്ക്രൈബ് ചെയ്യുന്നത് കണ്ടു വരുന്നുണ്ടല്ലോ? ഇത് എന്ത് ആവശ്യത്തിനാണ്?

ചില രോഗങ്ങളിൽ നിന്ന് മുക്തി നേടുന്ന സമയത്ത് ശരീരത്തിന് സാമാന്യത്തിലധികം പ്രോട്ടീൻ പോലെയുള്ള നിർമ്മാണവസ്തുക്കളുടെ ആവശ്യം വരാം. രോഗികളുടെ ആരോഗ്യം പൊതുവേതന്നെ മോശമാണെങ്കിൽ ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ പ്രോട്ടീൻ ഭക്ഷണത്തിൽനിന്ന് കണ്ടെത്താൻ ശരീരത്തിന് സാധിച്ചു എന്നുവരില്ല. ഈ അവസരത്തിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും പൊള്ളലേറ്റ രോഗികൾക്കും മറ്റും കൂടിയ അളവിൽ ഭക്ഷണത്തിലൂടെ പ്രോട്ടീൻ ശരീരത്തിൽ എത്തിച്ചേർന്നാൽ രോഗത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടുന്നതിന് അതവരെ സഹായിക്കും. ഈ ആവശ്യത്തിന് ആശുപത്രികളിൽ നിന്ന് രോഗികൾക്ക് പ്രോട്ടീൻ പൗഡറുകൾ നിർദ്ദേശിക്കാറുണ്ട്. ഇവ ബോഡി ബിൽഡേഴ്സ് ഉപയോഗിക്കുന്ന രീതിയിലുള്ള ഉയർന്ന അളവിൽ പ്രോട്ടീനുള്ള പൗഡറുകളല്ല. പ്രോട്ടീന് പുറമേ മറ്റ് അവശ്യ മൂലകങ്ങളും കൂടി ചേർത്ത് പെട്ടെന്ന് ദഹിക്കുന്ന രീതിയിൽ ലഭ്യമായ ഇവ ഭക്ഷണത്തിന് പകരമായോ പൂരകമായോ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

8. പ്രോട്ടീൻ പൗഡറുകൾ കഴിച്ചാൽ കിഡ്നി അടിച്ചു പോകുമോ?

ശരീരത്തിൽ അധികമുള്ള അമിനോ ആസിഡുകൾ വിഘടിപ്പിച്ച് ശേഷം വൃക്കകൾ വഴിയാണ് വിസർജിക്കുന്നത് എന്നു പറഞ്ഞല്ലോ. അതിനാൽ വൃക്കരോഗം ബാധിച്ച ആളുകളിൽ ഇത് വൃക്കയ്ക്ക് അധിക ആയാസം നൽകുകയും വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യും. എന്നാൽ പൂർണ ആരോഗ്യവാൻമാരും പൂർണതോതിൽ വൃക്കയുടെ പ്രവർത്തനം ഉള്ളവരുമായ ആളുകളിൽ. പ്രോട്ടീൻ പൗഡർ കഴിക്കുന്നത് പൂർണമായും സുരക്ഷിതമാണ് എന്നാണു പഠനങ്ങൾ കാണിച്ചിരിക്കുന്നത്. കൃത്യമായ അളവു കണക്കാക്കി ഇടവിട്ട നേരങ്ങളിൽ പ്രോട്ടീൻ പൗഡർ കഴിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ പരിധിയിലധികം പ്രോട്ടീൻ പൗഡർ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. ചുരുക്കിപ്പറഞ്ഞാൽ പേശികളുടെ വളർച്ചയ്ക്ക് അവശ്യം വേണ്ട അമിനോ ആസിഡുകൾ ഭക്ഷണത്തിൽനിന്ന് ലഭിക്കുന്നില്ലെങ്കിൽ അത് ശരീരത്തിൽ എത്തിക്കുകയാണ് പ്രോട്ടീൻ പൗഡറുകൾ ചെയ്യുന്നത്. അതുകൊണ്ടു തന്നെ വേണ്ടത്ര വ്യായാമം ചെയ്യാത്ത ആളുകൾ പ്രോട്ടീൻ പൗഡർ കഴിച്ചതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല. കൃത്യമായ വ്യായാമവും അതിനനുസരിച്ചുള്ള പ്രോട്ടീൻ ഉപയോഗവുമാണ് വേണ്ടത്. പൂർണ ആരോഗ്യവാൻമാരിൽ പ്രോട്ടീൻ പൗഡർ സുരക്ഷിതമാണെങ്കിലും വൃക്ക രോഗമുള്ളവരോ വൃക്കകളുടെ പ്രവർത്തനം പൂർണ്ണ തൃപ്തികരമല്ലാത്ത ആളുകളോ ഇതുപയോഗിക്കുന്നത് സുരക്ഷിതമാകണം എന്നില്ല. വ്യായാമം ചെയ്യുന്ന സമയത്തും അല്ലാത്തപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാനും പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവർ ഓർമിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fitnessprotein powder
News Summary - protein powder good or bad debate in social media
Next Story