പ്രായത്തെ പിടിച്ചുകെട്ടാമോ?
text_fieldsഎന്നുമുതലാണ് വാർധക്യം തുടങ്ങുന്നത്? ചിലർ 50 വയസ്സിനുശേഷമാണ് വാർധക്യം തുടങ്ങുന്നതെന്നുപറയുമ്പോൾ മറ്റുചിലർ അതിന് 60 മുതൽ 65 വയസ്സുവരെ എങ്കിലും ആകണമെന്ന് പറയുന്നു.
പ്രായത്തെ പിടിച്ചുകെട്ടാൻ സാധിച്ചെങ്കിൽ എന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും. സമയത്തെ നമ്മുടെ വരുതിയിലാക്കാൻ കഴിഞ്ഞാൽ പിന്നെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും! പക്ഷേ, അങ്ങനെയൊന്നും പിടിതരാൻ സമയം തയാറാവില്ല. അപ്പോൾപിന്നെ എന്താണ് വഴി? പ്രായം പോകുന്നതിനനുസരിച്ച് കണ്ടറിഞ്ഞു പ്രവർത്തിക്കുക മാത്രമേ ചെയ്യാനുള്ളൂ.
എന്നുമുതലാണ് വാർധക്യം തുടങ്ങുന്നത്? ചിലർ 50 വയസ്സിനുശേഷമാണ് വാർധക്യം തുടങ്ങുന്നതെന്നുപറയുമ്പോൾ മറ്റുചിലർ അതിന് 60 മുതൽ 65 വയസ്സുവരെ എങ്കിലും ആകണമെന്ന് പറയുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്ന ചില പഠനങ്ങൾ പറയുന്നത് മറ്റു ചിലതാണ്.
45 വയസ്സിലും 60 വയസ്സിലും ആളുകൾ വാർധക്യത്തിന്റെ രണ്ട് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട് എന്നാണ് പഠനം. പ്രായം വെറും സംഖ്യ മാത്രമാണ് എന്നും നമ്മൾ മനസ്സിനെ വരുതിയിലാക്കിയാൽ പ്രായം പ്രശ്നമേ അല്ലാതാകുമെന്നും പറയുന്നുണ്ട്. വാർധക്യം യാഥാർഥ്യമാണെങ്കിലും നമ്മുടെ ശരീരത്തിനെ പ്രായം ബാധിക്കാതെ നോക്കാൻ കഴിയും.
പ്രായമായി എന്ന് നമ്മെയും മറ്റുള്ളവരെയും തോന്നിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് നരയും ചുളിവുകളും. നാച്വർ ഡോട് കോം 27നും 75നും ഇടയിൽ പ്രായമായവർക്കിടയിൽ നടത്തിയ പഠനത്തിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നത് 44നും 60നും വയസ്സിനിടയിലാണത്രെ. ജനിതക ശാസ്ത്രജ്ഞൻ മൈക്കല് സ്നൈഡറിന്റെ പഠനമനുസരിച്ച് 40കളുടെ മധ്യത്തിലും 60കളുടെ തുടക്കത്തിലും ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ പിന്നീടുള്ള ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യും.
40കളുടെ മധ്യത്തിലെത്തുമ്പോൾ ശരീരത്തിലെ മെറ്റാബോളിസത്തിലും സമ്മർദങ്ങളിലുമെല്ലാം വ്യത്യാസമുണ്ടാകും. 60കളിൽ പല കോശങ്ങളും നശിച്ചുപോവുകയും മെറ്റാബോളിസത്തിൽ വ്യത്യാസമുണ്ടാവുകയും പ്രത്യുൽപാദനശേഷി നന്നേ കുറയുകയും ചെയ്യുന്നു.
ജീവിതശൈലിയിലെ മാറ്റങ്ങൾകൊണ്ട് 40ന്റെ മധ്യത്തിലെത്തിയവരിൽ വലിയതോതിൽ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകുന്നുണ്ടെന്നും പഠനം പറയുന്നു. പലരും പ്രമേഹമടക്കമുള്ള രോഗങ്ങളിലേക്ക് കടക്കുന്നതും ഈ ഘട്ടത്തിലാണ്.
ജീവിതശൈലിയിലും ജോലിയിലുമെല്ലാം ഉണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തെ പ്രായമാക്കുന്നതിന് കാരണമാകുന്നുണ്ട്. ഉറക്കക്കുറവ്, ഫാസ്റ്റ്ഫുഡ്, പഞ്ചസാര ഉപയോഗം തുടങ്ങിയവയെല്ലാം പെട്ടെന്ന് വാർധക്യത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും. പേശികളുടെ ബലവും കുറഞ്ഞുതുടങ്ങും.
മാറ്റുക ജീവിതശൈലി
വാർധക്യത്തെ പിടിച്ചുകെട്ടാനാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അതിന് ആദ്യം ചെയ്യേണ്ടത് ജീവിതശൈലി മാറ്റുക തന്നെയാണ്. ജീവിതശൈലിയിലെ മാറ്റംമൂലം നമുക്ക് വാർധക്യത്തിലെ ശരീര മാറ്റങ്ങളും ആരോഗ്യ മാറ്റങ്ങളും തടയാം.
● സ്ഥിരമായി വ്യായാമം ചെയ്യുകയാണ് പ്രധാനപ്പെട്ട മറ്റൊന്ന്. വീട്ടിൽ ഇത് സാധ്യമാവുന്നില്ല എങ്കിൽ ഫിറ്റ്നെസ് സെന്ററുകളെ ആശ്രയിക്കാം. ഫിറ്റ്നസ് സെന്ററുകളിൽ പേഴ്സനൽ ട്രെയിനർമാരുടെ സഹായം തേടുന്നതും നല്ലതാണ്. നിങ്ങളുടെ ശാരീരിക പ്രശ്നങ്ങൾ ഇവരെ ആദ്യംതന്നെ പറഞ്ഞ് ബോധ്യപ്പെടുത്തണം. നിങ്ങളുടെ ഭക്ഷണരീതി കൃത്യമായി പറഞ്ഞ് മനസ്സിലാക്കണം. അവർ പറഞ്ഞുതരുന്ന ഡയറ്റ് നിർബന്ധമായും ശീലിക്കുകയും വേണം.
● ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക വഴി മാനസിക സമ്മർദത്തെ അതിജീവിക്കാൻ സാധിക്കും. അതോടൊപ്പം എപ്പോഴും മനസ്സിനെ ശാന്തമായി നിർത്താൻ ശ്രമിക്കുക. ഇതിനായി സംഗീതം, കായിക വിനോദങ്ങൾ തുടങ്ങിയവയിൽ ഏർപ്പെടുന്നത് ഗുണം ചെയ്യും.
● പുകവലി, മദ്യപാനം തുടങ്ങിയവ പാടേ ഒഴിവാക്കുക. വാർധക്യം ശരീരത്തിൽ പിടിമുറുക്കുന്നത് കുറക്കാൻ ഇതുവഴി സാധിക്കും.
● 60കളോട് അടുക്കുന്നവർ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം. കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തണം.
● എട്ടുമണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കണം. അത് പല സമയത്തായി ഉറങ്ങിയിട്ട് കാര്യമില്ല. രാത്രി തുടർച്ചയായുള്ള ഉറക്കമാണ് ശീലമാക്കേണ്ടത്. എട്ടുമണിക്കൂറില്ലെങ്കിൽ ആറു മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങണം
● വിഷാദമാണ് വാർധക്യകാലത്ത് വരാൻ സാധ്യതയുള്ള മറ്റൊന്ന്. വൈകാരികമായ പിന്തുണ കുടുംബത്തിൽനിന്നും ചുറ്റുമുള്ളവരിൽനിന്നും കിട്ടിയാൽ പെട്ടന്ന് പിടിച്ചുകെട്ടാൻ സാധിക്കുന്ന ഒന്നാണിത്. അതിന് ആദ്യം മനസ്സിനെ കൂൾ ആക്കണം. പരമാവധി ആളുകളോട് ആശയ വിനിമയം നടത്തുകയും സന്തോഷമായി ഇരിക്കാനുള്ള വഴികൾ തേടുകയും വേണം.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം
ആരോഗ്യത്തിന് ഭക്ഷണവുമായി നല്ല ബന്ധമുണ്ട്. രുചിക്കുറവും വിശപ്പില്ലായ്മയുമെല്ലാം ആരോഗ്യത്തെ ബാധിക്കും. അതിനാൽ തവിടുകളയാത്ത ധാന്യങ്ങള്, കിഴങ്ങുവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, പച്ചക്കറികൾ, പയറുകൾ, കൊഴുപ്പുമാറ്റിയ പാൽ, മോര്, ഇലക്കറികൾ, ചെറുമത്സ്യങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ ഇടവിട്ട് ഉൾപ്പെടുത്തുന്നത് ശീലമാക്കണം.
ഉപ്പും കൊഴുപ്പും മധുരവും പരമാവധി കുറക്കാം. നന്നായി വെള്ളം കുടിക്കണം. ഒന്നിച്ച് കഴിക്കാതെ ഇടക്കിടെ ഭക്ഷണം കഴിക്കുന്നത് ഉത്തമം. ഗോതമ്പ്, റാഗി, തിന, ചെറുപയർ, ചോളം, നെല്ലിക്ക, പേരക്ക, പപ്പായ, കോവക്ക, വെള്ളരിക്ക, കാരറ്റ്, ചേന, മുരിങ്ങ, തക്കാളി, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, ഉണക്കമുന്തിരി എന്നിവ പലപ്പോഴായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇലക്കറികൾ നന്നായി കഴിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.