പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷൻ
text_fieldsപ്രസവശേഷം 50 ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും മാനസിക സമ്മർദം അനുഭവപ്പെടാറുണ്ട്. അപകടകരമല്ലാത്ത നേരിയ തോതിലുള്ള ആശങ്കയും ഉള്‍ഭയവുമാണ് ഈ ഘട്ടത്തില്‍ അനുഭവപ്പെടുന്നതെങ്കില്‍ ഇത് പോസ്റ്റ്‌പാര്‍ട്ടം ബ്ലൂസ് എന്നാണ് അറിയപ്പെടുന്നത്.
എന്നാല്‍, ദൈനംദിന ജീവിതത്തെ ബാധിക്കുകയും കുഞ്ഞിന്‍റെ ജീവനുപോലും ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ (Postpartum Depression) അല്ലെങ്കില്‍ പ്രസവാനന്തര വിഷാദം. അകാരണമായ കരച്ചില്‍, ഭയം, ചില സമയങ്ങളില്‍ സന്തോഷം തുടങ്ങിയവ ഇടകലര്‍ന്ന് അനുഭവപ്പെടുന്നതിനാല്‍ കടുത്ത വൈകാരിക അസന്തുലിതാവസ്ഥയിലൂടെയാണ് പല സ്ത്രീകളും ഈ ഘട്ടത്തില്‍ കടന്നുപോകാറുള്ളത്. കുഞ്ഞിന്‍റെ പരിപാലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വലിയ ആശങ്ക ഉണ്ടാകുന്ന അവസ്ഥയാണിത്.
ഗര്‍ഭകാലത്ത് ശരീരത്തിലെ ഹോര്‍മോണ്‍ നിലയില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിക്കും. പ്രത്യുൽപാദന ഹോര്‍മോണുകളായ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയുടെ അളവ് പതിന്മടങ്ങ് വര്‍ധിക്കും. എന്നാല്‍, പ്രസവം നടക്കുന്നതോടെ വളരെപ്പെട്ടെന്നുതന്നെ ഹോര്‍മോണ്‍നില ഗര്‍ഭകാലത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോകുകയും ചെയ്യും.
പ്രസവശേഷമുള്ള ആദ്യ മൂന്നു ദിവസത്തിനുള്ളില്‍തന്നെ ഹോര്‍മോണ്‍നില പഴയ അവസ്ഥയിലേക്ക് തിരികെയെത്തുന്നുവെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ ശരീരത്തില്‍ നടക്കുന്ന മാറ്റം മാനസികാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകും. പ്രസവശേഷമുള്ള ആദ്യ ആറു മാസത്തിനുള്ളിലാണ് പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ സാധാരണ അനുഭവപ്പെടുന്നത്.
ലക്ഷണങ്ങള്‍
അമിതമായ സങ്കടം, ഉത്കണ്ഠ, ആകാംക്ഷ, പ്രത്യാശയില്ലാത്ത ചിന്തകള്‍, എല്ലാ സാഹചര്യങ്ങളില്‍നിന്നും ഉള്‍വലിയല്‍, ഉറക്കക്കുറവ്, ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യം, വളരെപ്പെട്ടെന്ന് ദേഷ്യം, വാശി എന്നിവ അനുഭവപ്പെടുക, നിര്‍ബന്ധബുദ്ധി, ഒരു ജോലിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥ, ആരോടും സംസാരിക്കാതിരിക്കുക തുടങ്ങിയവ തുടര്‍ച്ചയായി അനുഭവപ്പെടുന്നത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചതിന്‍റെ ലക്ഷണമാണ്.
ചില സമയങ്ങളില്‍ ശാരീരിക അസ്വസ്ഥതകളായും ലക്ഷണങ്ങള്‍ അനുഭവപ്പെടാം. തലകറക്കം, തലവേദന, അമിതമായി വിയര്‍ക്കുക, നെഞ്ചില്‍ ഭാരം അനുഭവപ്പെടുക, നെഞ്ചിടിപ്പ്, തരിപ്പ് തുടങ്ങിയവ അനുഭവപ്പെടുക, ശരീരത്തില്‍ വളരെപ്പെട്ടെന്ന് ചൂട് , തണുപ്പ് പോലുള്ളവ മാറി മാറി അനുഭവപ്പെടുക, ശ്വാസംമുട്ടല്‍, ശരീര ഭാഗങ്ങളില്‍ വേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളുടെ രൂപത്തിലും ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
തീവ്രമായ രീതിയില്‍ പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ കടുത്ത മാനസിക വിഭ്രാന്തിയുടെ ഘട്ടത്തിലേക്ക് മാറുകയും കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തുന്ന സാഹചര്യങ്ങള്‍പോലും സംഭവിക്കുകയും ചെയ്യും. കുഞ്ഞ് തന്റേതല്ല എന്ന തോന്നല്‍, കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് സ്വയം കുഞ്ഞിനെ ഇല്ലാതാക്കണം തുടങ്ങിയ ചിന്തകളാണ് ഈ ഘട്ടത്തില്‍ സ്ത്രീകളില്‍ കണ്ടുവരുന്നത്. സ്വന്തം ശരീരത്തില്‍ മുറിവേൽപിക്കുകയും കുഞ്ഞിനെ പരിപാലിക്കാന്‍ സാധിക്കില്ലെന്ന ഭയത്താല്‍ ആത്മഹത്യ ശ്രമങ്ങള്‍പോലും നടത്തുന്നവരുമുണ്ട്.
സാധ്യത കൂടുതല്‍ ഇവരില്‍
ഗര്‍ഭകാലത്തിന് മുമ്പോ ഗര്‍ഭകാലത്തോ ഏതെങ്കിലും തരത്തിലുള്ള വിഷാദ അവസ്ഥകളിലൂടെ കടന്നുപോയവര്‍ക്ക് പ്രസവശേഷം പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഗര്‍ഭിണിയാകുന്ന പ്രായം വളരെ നിര്‍ണായകമാണ്. വളരെ ചെറിയ പ്രായത്തില്‍തന്നെ ഗര്‍ഭം ധരിക്കുന്നവരില്‍ ഈ അവസ്ഥ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. വിഷാദ സംബന്ധമായ പ്രശ്നങ്ങള്‍ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഉണ്ടെങ്കിലും ഈ അവസ്ഥക്ക് സാധ്യത കൂടുതലാണ്. ജോലി നഷ്ടമാകുക, ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവയും കാരണമാകാം.
പ്രത്യേക കരുതല്‍
പ്രത്യേക കരുതല്‍ ആവശ്യമുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിയുള്ള കുഞ്ഞിനെ പ്രസവിക്കുന്നവരില്‍ സാധ്യത വളരെ കൂടുതലാണ്. കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും സമാനമായ അവസ്ഥയുണ്ടാകാം.
ഒറ്റപ്രസവത്തില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നതും പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുന്നതിന് ഒരു കാരണമാകാറുണ്ട്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍, വേണ്ടത്ര മാനസിക പിന്തുണ ലഭിക്കാത്തത് തുടങ്ങിയവയും പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ എന്ന അവസ്ഥയിലേക്ക് അമ്മമാരെ എത്തിക്കും.
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ ബാധിക്കും
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം മെച്ചപ്പെടാന്‍ അമ്മയുടെ സാമീപ്യവും കരുതലും സ്നേഹവും ആദ്യ ദിനം മുതല്‍തന്നെ കുഞ്ഞിന് ലഭിക്കേണ്ടതുണ്ട്. എന്നാല്‍, പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ അനുഭവിക്കുന്ന അമ്മമാര്‍ക്ക് കുഞ്ഞുമായുള്ള ആത്മബന്ധം മികച്ച രീതിയില്‍ രൂപപ്പെടുത്താന്‍ സാധിക്കാറില്ല. ഇത് കുഞ്ഞിന് അമ്മയോട് അടുക്കുന്നതിന് തടസ്സമുണ്ടാക്കുകയും ചെയ്യും.
ജീവിതത്തിലുടനീളമുള്ള അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മള ബന്ധം ദൃഢമാകുന്നതിന് ഈ കാലഘട്ടം പ്രധാനമാണ്. അതുകൊണ്ടുതന്നെ പ്രസവശേഷമുള്ള സാധാരണ പ്രതിഭാസമായി നിസ്സാരവത്കരിക്കുകയോ ചികിത്സ നിഷേധിക്കുകയോ ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.
ചികിത്സ നിര്‍ണായകം
കൃത്യസമയത്ത് തിരിച്ചറിയുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിക്കുന്ന ഒന്നാണ് പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍. എന്നാല്‍, ഈ ഘട്ടത്തില്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ക്ക് ഇത് വഴിവെക്കുകയും ചെയ്യും. പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ക്ക് സ്വയം മനസ്സിന്റെ താളംതെറ്റല്‍ തിരിച്ചറിയാന്‍ പലപ്പോഴും സാധിക്കാറില്ല, അതുകൊണ്ട് തന്നെ വീട്ടിലെ മറ്റുള്ളവരുടെ ഇടപെടല്‍ ഉണ്ടാകണം. ഈ സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും അമ്മയുടെ മാനസികാവസ്ഥയെ ഇത് സാരമായി ബാധിക്കാം.
വിശദമായ പരിശോധന നടത്തിയശേഷം കൗണ്‍സലിങ്, ആന്റി ഡിപ്രസന്റ് മരുന്നുകള്‍ എന്നിവയിലൂടെ ഗുരുതരാവസ്ഥ മറികടക്കാന്‍ സാധിക്കും. എന്നാല്‍, മുലയൂട്ടുന്നതിനാല്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ പാലിലൂടെ മരുന്നിന്‍റെ അംശം എത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതിനാല്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന നിശ്ചിത അളവിലുള്ള മരുന്നുകള്‍ മാത്രമാണ് സ്വീകരിക്കേണ്ടത്. ഗര്‍ഭകാലഘട്ടത്തിലോ അതിന് മുമ്പോ ഏതെങ്കിലും തരത്തിലുള്ള വിഷാദ, മാനസിക അസ്വസ്ഥതകള്‍ അനുഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതും പ്രധാനമാണ്.
ഒരു തവണ പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ അനുഭവിച്ചവരില്‍ അടുത്ത പ്രസവത്തിന് ശേഷവും ഇതിനുള്ള സാധ്യത കൂടുതലാണ്. ചികിത്സക്കൊപ്പം പങ്കാളിയുടെയും ചുറ്റുമുള്ളവരുടെയും മാനസിക പിന്തുണ വളരെ നിര്‍ണായകമാണ്.
ഇങ്ങനെയെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കാം
● രോഗലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നുവെങ്കില്‍
● സ്വന്തം കാര്യങ്ങള്‍പോലും കൃത്യമായി ചെയ്യാന്‍ കഴിയാത്ത അവസ്ഥ
● ദൈനംദിന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത അവസ്ഥ
● സ്വയം മുറിവേൽപിക്കാനോ കുഞ്ഞിനെ വേദനിപ്പിക്കാനോ ഉള്ള മാനസികാവസ്ഥ
● അമിതമായ ഉത്കണ്ഠയും ഭയവും പരിഭ്രാന്തിയും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നുവെങ്കില്‍
പങ്കാളിയുടെ ഇടപെടലും കരുതലും പ്രധാനം
ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന ഓരോ സ്ത്രീകള്‍ക്കും ചുറ്റുമുള്ളവരുടെ പിന്തുണ ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് പങ്കാളിയുടെ സ്നേഹവും കരുതലും ഈ സമയത്ത് അനിവാര്യമായ ഒന്നാണ്. വൈകാരികമായ അസന്തുലിതാവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്ത് അവര്‍ക്കൊപ്പമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നതിന് കുഞ്ഞിനെ പരിപാലിക്കുന്നതിലും മറ്റ് കാര്യങ്ങളിലും പങ്കാളി കഴിയുന്നത്ര കൂടെ നില്‍ക്കണം. ജീവിതത്തിലേക്ക് വന്ന പുതിയ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ ഭര്‍ത്താവ് കൂടെയുണ്ടെന്ന തോന്നല്‍ ഈ ഘട്ടത്തില്‍ വളരെയധികം സഹായകമാകും.
ഡോ. യു. വിവേക്, (MD Psychiatry Consultant Psychiatrist)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.