പൊതുജനാരോഗ്യ ബിൽ: ആയുഷ് ഡോക്ടർമാർ ഗവർണറെ കണ്ടു
text_fieldsതിരുവനന്തപുരം : പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ വിശ്വ ആയുർവേദ പരിഷത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഗവർണറെ കണ്ടു. നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നാണ് ആയുഷ് ഡോക്ടർമാരുടെ ആക്ഷേപം.
പകർച്ച വ്യാധികൾ ബാധിക്കുന്നവർക്ക് രോഗമുക്തി സിർട്ടിഫിക്കറ്റ് നൽകുവാനുള്ള അധികാരം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്കു നൽകിയെങ്കിലും പകർച്ചവ്യാധി ചികിത്സ ആയുർവേദ, ഹോമിയോ തുടങ്ങിയ ആയുഷ് വിഭാഗങ്ങൾക്ക് നടത്തുവാനുള്ള പൂർണ സ്വാതന്ത്ര്യം ബില്ലിൽ ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. കാരണം, ചികിത്സാ പ്രോട്ടോകോൾ തീരുമാനിക്കുവാനുള്ള അധികാരം അലോപ്പതി ഡോക്ടർമാർ നേതൃത്വം നൽകുന്ന കമ്മറ്റിക്കാണ് .
നിയമം നടപ്പാക്കാനുള്ള സംസ്ഥാന, ജില്ലാ, പ്രാദേശിക സമിതികളിലെല്ലാം അലോപ്പതി ഡോക്ടർമാരായ ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, പ്രാദേശിക മെഡിക്കൽ ഓഫീസർ എന്നിവരാണ് മെമ്പർ സെക്രട്ടറിമാർ. സംസ്ഥാന തലത്തിലുള്ള സമിതിയിൽ ആയുഷ് സെക്രട്ടറിയെ ഉൾപ്പെടുത്തിയിട്ടുപോലുമില്ല. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും സ്ഥാനമില്ല.
ജില്ലാതല സമിതിയിൽ അലോപ്പതി മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരെ ഉൾപ്പെടുത്തിട്ടുണ്ട്. എന്നാൽ ആയുർവേദ, ഹോമിയോ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്കു യാതൊരു പങ്കാളിത്തവുമില്ല. ഈ സമിതിയിൽ വെറ്റിനറി, കൃഷി , ക്ഷീര വകുപ്പുകളിലെ ജില്ലാ ഓഫീസർമാർക്കൊപ്പം ജില്ലാ ആയുർവ്വേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാരെ മെമ്പർമാരായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മാത്രം.
ജില്ലാ , പ്രാദേശിക തലത്തിൽ അലോപ്പതിയ്ക്ക് മാത്രം പ്രാധാന്യം ലഭിക്കുന്ന രീതിയിലാണ് സമിതികളുടെ രൂപകൽപ്പന. പ്രാദേശിക പൊതുജനാരോഗ്യ അധികാരിയായ അലോപ്പതി മെഡിക്കൽ ഓഫീസർക്ക് മുൻകൂർ അറിയിപ്പു കൂടാതെ ആയുഷ് ചികിത്സാ കേന്ദ്രങ്ങളിലും പരിശോധന നടത്തുവാനും രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് റെഫർ ചെയ്യുവാൻപോലും അധികാരം നൽകുന്ന വ്യവസ്ഥയിലും ആയുഷ് ഡോക്ടമാർക്ക് വിയോജിപ്പുണ്ട്.
ആരോഗ്യ മേഖല കൈകാര്യം ചെയ്യുന്ന ആയുഷ് വിഭാഗങ്ങൾക്ക് കൃഷി , വെറ്റിനറി തുടങ്ങിയ മേഖലകൾക്ക് നൽകിയിട്ടുള്ള പ്രാതിനിധ്യം മാത്രമാണ് ബില്ലിൽ ലഭിച്ചിരിക്കുന്നതെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. വിശ്വ ആയുർവേദ പരിഷത്തിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ആദർശ് സി. രവി, വൈസ് പ്രസിഡന്റ് ഡോ. അർജുൻഛന്ദ് എന്നിവരാണ് ഗവർണറെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.