ദേശീയ അംഗീകാരം നേടിയ ആശുപത്രികളെ അടുത്തറിയാൻ ബീഹാര്‍ ആരോഗ്യ സംഘം എത്തി
text_fieldsതിരുവനന്തപുരം: ബീഹാറില്‍ നിന്നുള്ള ആരോഗ്യ പ്രതിനിധി സംഘം സംസ്ഥാനത്തെ ദേശീയ അംഗീകാരം നേടിയ ആശുപത്രികള്‍ സന്ദര്‍ശിച്ചു. ദേശീയ തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങള്‍ അടുത്തറിയുകയാണ് സന്ദര്‍ശന ലക്ഷ്യം.
കേരളത്തിലെ എന്‍.ക്യു.എ.എസ്. അക്രഡിറ്റേഷന്‍ നേടിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ബീഹാറിലെ ആശുപത്രികളെ സജ്ജമാക്കുന്നതിനാണ് സംഘമെത്തിയത്. ഇതോടൊപ്പം കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച മാതൃകകളും നേരിട്ട് മനസിലാക്കി. സംഘം മന്ത്രി വീണ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി.
സംസ്ഥാനത്ത് ആകെ 157 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 101 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. 9 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. പരിഗണനപ്പട്ടികയിലുമുണ്ട്. ഇതുകൂടാതെ 42 സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചു വരുന്നു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവ സംഘം സന്ദര്‍ശിച്ചു. ബീഹാര്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. സരിത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയതി ശ്രീവാസ്തവ, യുനിസെഫ് സ്റ്റേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. പ്രീതി സിന്‍ഹ, ഡോ. ജഗ്ജീത് സിംഗ്, ഡോ. തുഷാര്‍ കാന്ത് ഉപാധ്യായ, തുടങ്ങയവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്റ്റേറ്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ ഡോ. ജി.ജി. ലക്ഷ്മി, എസ്.എച്ച്.എസ്.ആര്‍.സി. റിസര്‍ച്ച് ഓഫീസര്‍ ഡോ. രേഖ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.