റമദാനിൽ പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsഓരോ നോമ്പ് കാലവും പ്രമേഹ രോഗികളുടെ മനസ്സിൽ പല ആശങ്കകളും ഉണ്ടാക്കാറുണ്ട്. നോമ്പു അനുഷ്ഠിക്കാമോ? ഭക്ഷണ ശീലത്തിലും മറ്റും എങ്ങനെയൊക്കെയാണ് മാറ്റങ്ങൾ വരുത്തേണ്ടത്? എന്തൊക്കെ, എങ്ങനെയൊക്കെ കഴിക്കാം? തുടങ്ങി നിരവധി ചോദ്യങ്ങൾ.
മറ്റുള്ള സമയങ്ങളിലെന്നപോലെ റമദാനിലും പ്രമേഹ രോഗികള്‍ ചില ഭക്ഷണനിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ആഹാരത്തിലും ആഹാര സമയത്തിലും വ്യായാമങ്ങളിലും മറ്റുജീവിത ശൈലികളിലും വളരെയധികം ചിട്ടയും കൃത്യനിഷ്ഠയും പാലിക്കേണ്ടവരാണ് പ്രമേഹ രോഗികള്‍.
ആരോഗ്യമുള്ള ഒരു വ്യക്തി നോമ്പ് അനുഷ്ഠിക്കുമ്പോള്‍ ഉണ്ടാവുന്നതിനേക്കാൾ കൂടുതൽ മാറ്റങ്ങൾ ഒരു പ്രമേഹ രോഗി നോമ്പെടുക്കുമ്പോൾ ഉണ്ടാക്കുന്നുണ്ട്. പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതിലൂടെയും നോമ്പു മുറിക്കുന്ന നേരങ്ങളില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലൂടെയും ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇത്തരം അവസ്ഥകള്‍ പ്രമേഹ രോഗികളില്‍ ഗുരുതരമായ പല പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്നു.
ഗ്ലൂക്കോസ് ലെവല്‍ ഉയരുന്നതിന്റെ ലക്ഷണങ്ങള്‍:
- അമിതമായ ദാഹം
- ഇടക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണത
- അമിതമായ ക്ഷീണം
- അമിതായ വിശപ്പ്
ഇത്തരം സാഹചര്യങ്ങളിലും നോമ്പ് തുടരുന്നത് ഒഴിവാക്കേണ്ടതാണ്. നിര്‍ജ്ജലീകരണവും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴി വെക്കുന്നതാണ്.
താഴെ സൂചിപ്പിച്ച രോഗികകള്‍ നോമ്പ് എടുക്കുന്നത് ഒഴിവാക്കുക:
- പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവര്‍
- കുറച്ച് കാലങ്ങളായി ഗ്ലുക്കോസിന്റെ അളവ് വളരെയധികം ഉയര്‍ന്നു നില്‍ക്കുന്ന രോഗികള്‍
- പെട്ടന്ന് ഗ്ലുക്കോസിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യുന്ന രോഗികള്‍
- വൃക്ക, ഹൃദയ രോഗങ്ങള്‍ ഉള്ളവര്‍
- ദിവസവും രണ്ടില്‍ കൂടുതല്‍ തവണ ഇന്‍സുലിന്‍ എടുക്കുന്ന രോഗികള്‍
- ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍
- പ്രമേഹ രോഗമുള്ള ഗര്‍ഭിണികൾ
പ്രമേഹ രോഗികള്‍ വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍:
1. ദിവസവും ശരീരത്തിന് ആവശ്യമായ കലോറി ഉപഭോഗത്തില്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ 12 തവണ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കാം.
2. ഇഫ്താറിനു ശേഷവും ഭക്ഷണത്തിനിടയിലും പഞ്ചസാര കൂടുതലുള്ള മധുരപലഹാരങ്ങള്‍ ഒഴിവാക്കണം.
3. ഗ്ലൈസമിക് സൂചിക കുറവുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കണം, പ്രത്യേകിച്ച് ഫൈബര്‍ കൂടുതലുള്ളവ. പച്ചക്കറികള്‍ (വേവിച്ചതും അസംസ്‌കൃതവും), പഴങ്ങള്‍, തൈര്, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് നേടുക. പഞ്ചസാര, ഗോതമ്പ് മാവ്, ധാന്യം, വൈറ്റ് റൈസ്, ഉരുളക്കിഴങ്ങ് പോലുള്ള അന്നജം എന്നിവയില്‍ നിന്നുള്ള കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക.
4. ആവശ്യത്തിന് വെള്ളം കുടിക്കുക. ശുദ്ധജലമാണ് ഉത്തമം. പഞ്ചസാര പാനീയങ്ങള്‍, സിറപ്പുകള്‍, ടിന്നിലടച്ച ജ്യൂസുകൾ അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്ത ജ്യൂസുകള്‍ എന്നിവ ഒഴിവാക്കണം. നിര്‍ജ്ജലീകരണത്തിന് കാരണമാകുന്ന ഡൈയൂററ്റിക്‌സായി പ്രവര്‍ത്തിക്കുന്നതിനാല്‍ കഫീന്‍ പാനീയങ്ങളുടെ (കോഫി, ചായ, കോള പാനീയങ്ങള്‍) ഉപഭോഗവും കുറക്കണം.
5. നോമ്പ് തുറക്കുമ്പോൾ ഉപവാസത്തില്‍ നിന്നുള്ള നിര്‍ജ്ജലീകരണം മറികടക്കാന്‍ ധാരാളം വെള്ളം കുടിച്ച ശേഷം മറ്റു ഭക്ഷണങ്ങൾ കഴിക്കുന്നതിലേക്ക് കടക്കണം.
റമദാനില്‍ നോമ്പെടുക്കുന്ന ഡയബറ്റിക് രോഗികള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അത്തരം ആളുകൾ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഉപവസിക്കുന്നതാണ് ഉത്തമം.
ഡോ. ഷെരീഫുൽ ഹസൻ, Internist, Abeer Medical Center, sharafiyah
നിങ്ങളുടെ പ്രമേഹ രോഗ സാധ്യത തിരിച്ചറിഞ്ഞ് സൗജന്യമായി ഡോക്ടറുടെ സേവനം നേടാം. രജിസ്ട്രേഷനായി സന്ദർശിക്കുക: https://abeercampaigns.com/diabetes-risk-calculator
ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.