ദിവസവും ഉച്ചഭക്ഷണത്തിനുശേഷം തൈര് കഴിച്ചാൽ എന്തു സംഭവിക്കും?
text_fieldsനൂറ്റാണ്ടുകളായി പല ഇന്ത്യൻ വീടുകളിലും തൈര് ഒരു പ്രധാന ഭക്ഷണ ഇനമാണ്. ആരോഗ്യത്തിന് അനുകൂലമായ ധാരാളം സൂക്ഷ്മാണുക്കൾ (പ്രോബയോട്ടിക്സ്), കാൽസ്യം, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഈ പാലുൽപന്നം ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് വ്യാപകമായി കരുതപ്പെടുന്നു.
തൈര് പതിവായി കഴിക്കുന്നത് മെച്ചപ്പെട്ട ദഹനം, ശക്തമായ അസ്ഥികൾ, മെച്ചപ്പെട്ട പ്രതിരോധശേഷി എന്നിവക്ക് വഴിയൊരുക്കും. എന്നിരുന്നാലും, ഓരോ വ്യക്തിയുടെയും കുടലിന്റെ ആരോഗ്യം, ഭക്ഷണരീതികൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിന്റെ ഫലങ്ങൾ വ്യത്യാസപ്പെടാം. ചിലർ അതിന്റെ ഗുണങ്ങൾ അനുഭവിക്കമ്പോൾ മറ്റുള്ളവർക്ക് അപ്രതീക്ഷിത പ്രതികരണങ്ങളും ഉണ്ടായേക്കാം.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള നിങ്ങളുടെ ദൈനംദിന ദിനചര്യയുടെ ഭാഗമായി തൈര് മാറുമ്പോൾ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? കുടലിലെ സൂക്ഷ്മാണുക്കളുടെ ഘടനയിൽ കാര്യമായ മാറ്റം വരുത്തുമെന്ന് കൺസൾട്ടന്റ് ഡയറ്റീഷ്യ കനിക മൽഹോത്ര പറയുന്നു. ഈ മാറ്റം ഗുണകരമായ ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുകയും സൂക്ഷ്മജീവികളുടെ വൈവിധ്യം മെച്ചപ്പെടുത്തുകയും എന്ററോബാക്ടീരിയേസി, സ്റ്റാഫൈലോകോക്കസ് പോലുള്ള ദോഷകരമായ ബാക്ടീരിയകളെ അടിച്ചമർത്തുകയും ചെയ്യും.
തൈരിലെ ലാക്റ്റിക് ആസിഡ് ബാക്ടീരിയകൾ കുടൽ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും വീക്കം കുറക്കുകയും ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡ് ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇത് വൻകുടലിന്റെ ആരോഗ്യത്തെ പിന്തുണക്കുന്നുവെന്നും അവർ വിശദീകരിക്കുന്നു.
തൈരിന്റെ ‘പ്രോബയോട്ടിക്കുകൾ’ പോഷക ആഗിരണം മെച്ചപ്പെടുത്തും. വയറു വീർക്കൽ, കുടൽ വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുമായി തൈര് ജോടിയാക്കുന്നത് പ്രീബയോട്ടിക്-പ്രോബയോട്ടിക് ഇടപെടലുകളിലൂടെ ഗുണങ്ങൾ വർധിപ്പിക്കും. ദഹനത്തെയും രോഗപ്രതിരോധ ശേഷിയെയും സഹായിക്കും -അവർ നിർദേശിക്കുന്നു.
തൈരിന് തണുപ്പിക്കൽ ഫലമുണ്ടോ?
തൈരിന് തണുപ്പിക്കൽ ഫലമുണ്ടെന്ന് പലരും വിശ്വസിക്കുന്നു. പക്ഷെ, പ്രത്യേകമായി തണുപ്പിക്കൽ പ്രഭാവം ഇല്ലെങ്കിലും തൈരിലെ ഉയർന്ന ജലാംശവും പ്രോബയോട്ടിക്സും ഉന്മേഷദായകവും ജലാംശം നൽകുന്നതുമായ ഫലത്തിന് കാരണമായേക്കാം. ഇത് തണുപ്പിക്കലായി കണക്കാക്കാം. എന്നാൽ, തൈര് നേരിട്ട് ശരീര താപനില കുറക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
ഉച്ചഭക്ഷണത്തിന് ശേഷം ദിവസവും തൈര് കഴിക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമോ?
തൈരിൽ അവശ്യ പോഷകങ്ങൾ ധാരാളമുണ്ടെങ്കിലും അത് എല്ലാവർക്കും അനുയോജ്യമാവണമെന്നില്ല. നിങ്ങൾക്ക് പാലുൽപന്നങ്ങളോട് അലർജി ഉണ്ടെങ്കിൽ ദിവസവും തൈര് കഴിക്കുന്നത് വയറിളക്കം പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകും. അമിതമായി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. കൂടാതെ, തൈരിൽ നിന്നുള്ള അമിതമായ കാൽസ്യം ഇരുമ്പിന്റെയും സിങ്കിന്റെയും ആഗിരണത്തെ കുറക്കും. ദോഷങ്ങളില്ലാതെ തൈരിന്റെ ഗുണങ്ങൾ ആസ്വദിക്കാൻ ആരോഗ്യ വിദഗ്ധർ ഇതിന്റെ മിതമായ ഉപയോഗം നിർദേശിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.