വീഴാതിരിക്കാൻ
text_fields‘പലകുറി കരയുമ്പോൾ
ചിരിക്കാൻ പഠിക്കും.
പലവട്ടം വീഴുമ്പോൾ
നടക്കാൻ പഠിക്കും’
ഈ വരികൾ കുട്ടിക്കാലത്തെക്കുറിച്ച് എഴുതിയതാണെങ്കിലും വീഴ്ചയെന്നത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. അടി തെറ്റിയാൽ ആനയും വീഴും എന്നാണല്ലോ പ്രമാണം. എന്നിരുന്നാലും പ്രായം കൂടുമ്പോൾ വീഴാനുള്ള സാധ്യതയും വീഴ്ചയുടെ ഫലമായുണ്ടാകുന്ന പരിക്കിന്റെ തീവ്രതയും വർധിക്കും.
മുതിർന്നവരിൽ വീഴ്ചയെന്നത് വാർധക്യസഹജമായ ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ്. ലോകത്താകമാനം പ്രതിവർഷം 3.7 കോടി ജനങ്ങൾക്കാണ് പല കാരണങ്ങളാൽ വീഴ്ചസംഭവിക്കുന്നത്. ഇതിൽ ഏറിയ പേരും 60 വയസ്സിന് മുകളിലുള്ളവരാണ്. ഈ വീഴ്ച സംഭവിക്കുന്നവരിൽ ഏകദേശം 6.8 ലക്ഷം പേർക്ക് ജീവഹാനിയും സംഭവിക്കുന്നു.
വീഴ്ചയുടെ സാധ്യത
മുതിർന്നവരിൽ വീഴ്ചയുടെ സാധ്യത പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിൽ പ്രധാനം മുതിർന്നവരിലെ ആരോഗ്യസ്ഥിതിയും ഒപ്പം അവർ ജീവിക്കുന്ന ചുറ്റുപാടിന്റെ സവിശേഷതകളുമാണ്. അതുകൊണ്ടുതന്നെ മുതിർന്നവരിലെ വീഴ്ചസാധ്യത ജപ്പാനിൽ 13.7 ശതമാനവും ചൈനയിൽ 26.4 ശതമാനവും അമേരിക്കയിൽ 30 ശതമാനവുമാണ്. എന്നാൽ, ഇന്ത്യയിൽ ഇത് 53 ശതമാനമാണ്. പ്രായം വർധിക്കുന്തോറും വീഴ്ചക്കുള്ള സാധ്യതയും വർധിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് വീഴ്ചക്കുള്ള സാധ്യത കൂടുതൽ.
പ്രതിരോധമാർഗങ്ങൾ
എല്ലാ വീഴ്ചകളും നമുക്ക് തടയാൻ കഴിയില്ലെങ്കിലും ഒരു പരിധിവരെ നമുക്കവയെ പ്രതിരോധിക്കാം.
1. മുതിർന്നവർ എല്ലാ വർഷവും ഹൃദയപരിശോധന, പ്രമേഹം, രക്തസമ്മർദം, നേത്രപരിശോധന, ചെവിപരിശോധന എന്നിവ നടത്തുകയും ആവശ്യമായ ചികിത്സ തേടുകയും വേണം.
2. കാൽസ്യം, വിറ്റമിൻ ഡി ഇവ അടങ്ങിയ ആഹാരസാധനങ്ങൾ നിത്യവും കഴിക്കാം. പാൽ, പാലുൽപന്നങ്ങൾ, ചെറുമത്സ്യങ്ങൾ, പച്ചക്കറികൾ, നട്സ് മുതലായവ നല്ലതാണ്. കാത്സ്യവും വിറ്റമിൻ ഡിയും അടങ്ങിയ മരുന്നുകളും ഒപ്പം ദിവസവും കുറച്ചുനേരം ഇളംവെയിൽ കൊള്ളുന്നതും നല്ലതാണ്.
3. പുകവലി, മദ്യപാനം പാടില്ല.
4. വ്യായാമം ശീലമാക്കുക. ശരീരത്തിന് അനുയോജ്യമായ വ്യായാമമുറകളാണ് ചെയ്യേണ്ടത്. ഡോക്ടറുടെ സഹായത്തോടെ ഇവ നിശ്ചയിക്കാം.
5. അനാവശ്യമായി കടയിൽനിന്ന് ഡോക്ടറുടെ നിർദേശമില്ലാത്ത മരുന്നുകൾ വാങ്ങിക്കഴിക്കരുത്.
6. ഒറ്റക്ക് ഉയരങ്ങളിലേക്ക് കയറാൻ ശ്രമിക്കരുത്
7. താമസസ്ഥലത്ത് അധികം ഫർണിച്ചർ അരുത്. രാത്രികാലങ്ങളില ആവശ്യത്തിന് വെളിച്ചം വേണം. കിടപ്പുമുറിയിലും കുളിമുറിയിലും നൈറ്റ് ലാംബ് ഉപയോഗിക്കുക.
8. കുളിമുറിയുടെ നിലത്ത് റബർ ഷീറ്റുകൾ ഉപയോഗിച്ചാൽ തെന്നിവീഴുന്നത് തടയാം. മുറിയുടെ വശങ്ങളിൽ പിടിക്കാൻ സഹായിക്കുന്ന ഗ്രാബ് ബാറുകൾ സ്ഥാപിക്കുക. ചെറിയ സ്റ്റൂളിൽ ഇരുന്ന് കുളിക്കുക.
9. തെന്നാത്ത, പാകമായ പാദരക്ഷകൾ ഉപയോഗിക്കുക.
10. തറയിൽ വെള്ളം, എണ്ണ മുതലായവ വീഴാതെ ശ്രദ്ധിക്കുക. വീണാൽ ഉടൻ തുടച്ച് വൃത്തിയാക്കുക.
11. കുളിമുറിയുടെ തൊട്ടുവെളിയിൽ ഉപയോഗിക്കുന്ന ഫ്ലോർമാറ്റുകൾ തെന്നുന്നവയാകരുത്. കാലിലെ വെള്ളം നല്ലവണ്ണം തുടച്ചിട്ട് വേണം വെളിയിലേക്ക് നടക്കുവാൻ.
12. കാർപെറ്റുകൾ ഉപയോഗിക്കുന്നെങ്കിൽ അവയുടെ അറ്റം തട്ടി വീഴാതിരിക്കാൻ അവ ടേപ്പ് ഉപയോഗിച്ച് തറയോട് ചേർത്ത് ഒട്ടിക്കുക.
ഇനി വീണാൽ
ഇനി അബദ്ധവശാൽ വീണെന്നുതന്നെയിരിക്കട്ടെ. പരിഭ്രമിക്കരുത്. ഉടൻ എണീക്കാൻ ശ്രമിക്കരുത്. പല പ്രാവശ്യം ശ്വാസം വലിച്ചുവീടുക. ശരീരത്തിൽ മുറിവുകളോ അസഹനീയ വേദനയോ ഉണ്ടോ എന്ന് നോക്കുക. രക്തം വാർന്നുപോകുന്നെങ്കിൽ ഒരു കൈകൊണ്ട് അമർത്തിപ്പിടിക്കുക. അടുത്തുള്ള ഒരു മേശയുടെയോ കസേരയുടെയോ സഹായത്തോടെ എഴുന്നേൽക്കാൻ കഴിയുമോ എന്ന് നോക്കുക. കഴിയുന്നില്ലെങ്കിൽ എണീക്കാൻ ശ്രമിക്കരുത്. പരസഹായം തേടുക.
വീഴ്ചയുടെ കാരണങ്ങൾ
ആരോഗ്യപ്രശ്നങ്ങൾ
പലതരം ആരോഗ്യപ്രശ്നങ്ങൾ വീഴ്ചക്ക് കാരണമാകാം. അവയിൽ പ്രധാനമായുള്ളത് കാലുകളിലെ എല്ലുകൾക്കും പേശികൾക്കും ഉണ്ടാകുന്ന ബലഹീനതയാണ്. നടക്കുക എന്നത് സങ്കീർണമായ പ്രക്രിയയാണ്. നൂറിൽപരം പേശികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും ശരീരഭാരം മുഴുവൻ ഒരു കാലിൽനിന്ന് മറ്റു കാലിലേക്ക് വീഴാതെ, മറിയാതെ, ഉലയാതെ മാറ്റപ്പെടുകയും ചെയ്യുന്നു.
തലച്ചോറിലെ സെറിബ്രൽ കോർട്ടക്സ്, സെറിബല്ലം, ബ്രെയിൻ സ്റ്റെം ഇവയുടെ ഏകോപനത്തിലാണ് ഇത് സാധ്യമാകുന്നത്. ഇതിലെ ഏതൊരു തകരാറും വീഴ്ചക്ക് കാരണമാകാം.
എല്ലുകളിലെ ബലക്ഷയമാണ് മറ്റൊരു കാരണം, കാൽസ്യം, വൈറ്റമിൻ ഡി, ഇവയുടെ അപര്യാപ്തത, വ്യായാമക്കുറവ് ഇതെല്ലാം എല്ലുകളുടെ ബലക്ഷയത്തിന് കാരണമാകാം. എല്ലുകളെ ബാധിക്കുന്ന അർബുദങ്ങളാകാം വീഴ്ച സംഭവിക്കുന്നതിനുള്ള മറ്റൊരു കാരണം.
രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകൾ, ഹൃദയമിടിപ്പിലെ ന്യൂനതകൾ, മറവിരോഗം, സന്ധിവാതം, കാഴ്ചപരിമിതി, കേൾവിക്കുറവ് ഇവയെല്ലാം വീഴ്ചയിലേക്ക് നയിക്കാം. അപൂർവമെങ്കിലും പക്ഷാഘാതമാകാം ചിലപ്പോൾ വീഴുവാനുള്ള കാരണം. ചിലപ്പോൾ മറ്റു അസുഖങ്ങൾക്കായി കഴിക്കുന്ന ചില മരുന്നുകളും വീഴ്ചക്ക് ഹേതുവായിമാറുന്നു.
വ്യക്തിഗതമായ കാര്യങ്ങൾ
പാകമല്ലാത്ത പാദരക്ഷകളാകാം ചിലപ്പോൾ ഒരാളെ വീഴ്ത്തുന്നത്. പ്രമേഹരോഗികളിൽ കാലിന്റെ സ്പർശനശേഷിക്കുറവായിരിക്കാം.
വി സ്ട്രാപ്പ് ചെരുപ്പുകൾ ഉപയോഗിക്കുമ്പോൾ അവ അറിയാതെ ഊരിപ്പോവുകയും ആ ചെരിപ്പിൽ തട്ടിത്തന്നെ ചിലപ്പോൾ രോഗി വീഴുകയും ചെയ്യും.
അതുകൊണ്ടുതന്നെ ദീർഘനാൾ പ്രമേഹരോഗമുള്ളവരും കാലിന്റെ ഞരമ്പുകൾക്ക് മറ്റു അസുഖങ്ങൾമൂലം തകരാറുള്ളവരും കാലിൽനിന്ന് ഊരിപ്പോകാത്ത ബാക്സ്ട്രാപ്പുള്ള പാദരക്ഷകൾ ഉപയോഗിക്കുക. നിർജലീകരണം, മദ്യപാനം ഇവയും വീഴ്ചക്ക് വഴിതെളിക്കാം.
പരിസ്ഥിതി ഘടകങ്ങൾ
ജീവിക്കുന്ന ചുറ്റുപാടുകളാണ് വീഴ്ചക്ക് വഴിയൊരുക്കുന്ന മറ്റൊരു ഘടകം. ഭംഗിക്കായി വീടുകളിൽ ഉപയോഗിക്കുന്ന ഫ്ലോർ ടൈലുകൾ ഇപ്പോൾ കണ്ണാടിപോലെ മിനുസമുള്ളവയാണ്. അൽപം വെള്ളമോ എണ്ണയോ മറ്റോ അബദ്ധവശാൽ നിലത്തുവീണാൽ ആരായാലും തെന്നിവീഴും. പ്രായക്കൂടുതലുള്ളവരുടെ കാര്യം പറയുകയും വേണ്ട.
വെളിച്ചക്കുറവാണ് മറ്റൊരു കാരണം. രാത്രി മൂത്രശങ്ക തീർക്കാൻ എഴുന്നേൽക്കുമ്പോൾ വെളിച്ചക്കുറവ് ചിലപ്പോൾ എവിടെയെങ്കിലും തട്ടിവീഴുന്നതിന് കാരണമാകാം. അലക്ഷ്യമായി കുട്ടികൾ വലിച്ചെറിയുന്ന കളിപ്പാട്ടങ്ങളിൽ ചവിട്ടിയും ചിലപ്പോൾ വീഴാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.