Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightറമദാനുമുമ്പ്...

റമദാനുമുമ്പ് പ്രമേഹരോഗികളറിയാൻ

text_fields
bookmark_border
റമദാനുമുമ്പ് പ്രമേഹരോഗികളറിയാൻ
cancel

റമദാൻ മാസം തുടങ്ങാൻ ഇനി പതിനൊന്നോ പന്ത്രണ്ടോ ദിവസമേയുള്ളൂ. ലോകമെമ്പാടുമുള്ള വിശ്വാസികൾ വിശുദ്ധമാസത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ളവർ വിദഗ്ധ ഡോക്ടർമാരെ കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക എന്നതും നോമ്പിനുള്ള ഒരുക്കമായി കാണേണ്ടതുണ്ട്. വിശിഷ്യാ പ്രമേഹരോഗികൾ.പ്രമേഹരോഗികളിൽ അധികവും സ്ഥിരമായി ഗുളിക, ഇൻസുലിൻ ഇൻജക്ഷൻ എന്നിവ രണ്ടും മൂന്നും നേരം ഉപയോഗിക്കുന്നവരാണ്. അവർ നോമ്പിന് ഒരാഴ്ച മുമ്പെങ്കിലും വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധന നടത്തി നിർദേശം സ്വീകരിക്കേണ്ടതാണ്.

പ്രമേഹം നിയന്ത്രണവിധേയമായ ടൈപ്-2 പ്രമേഹരോഗികൾ വ്രതമനുഷ്ഠിക്കുന്നതിൽ കുഴപ്പമില്ല. മരുന്നുകളുടെ സമയക്രമത്തിലുള്ള വ്യത്യാസം, അളവ് എന്നിവയിൽ കൃത്യമായ ധാരണ വരുത്തണം. ടൈപ്-1 പ്രമേഹരോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രണത്തിലായശേഷമേ വ്രതമനുഷ്ഠിക്കാവൂ. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഇൻസുലിൻ, ഗുളിക എന്നിവ നിർത്തരുത്. ടൈപ്-1 രോഗികളിൽ ഇൻസുലിന്റെ അഭാവം രക്തത്തിലെ പഞ്ചസാരയുടെ നില വർധിച്ച് ഡയബറ്റിക് കീറ്റോ അസിഡോസിസ് (DKA) എന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇത് രോഗിയുടെ ജീവൻതന്നെ ആപത്തിലാക്കും.

ഭക്ഷണരീതി

പ്രമേഹരോഗികൾ ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നത് സുഗമമായ വ്രതാനുഷ്ഠാനം സാധ്യമാക്കും. സൂര്യോദയത്തിനു മുമ്പുള്ള അത്താഴം ഒഴിവാക്കരുത്. അത് കുറച്ച് വൈകി കഴിക്കുന്നതാണ് നല്ലത്. അന്നജമടങ്ങിയ ഭക്ഷണമാണ് ഉത്തമം.നോമ്പുതുറ സമയത്ത് ഒന്നോ രണ്ടോ കാരക്കയോ (ഈത്തപ്പഴം) ലഘുഭക്ഷണമോ ആകാം. മധുര പലഹാരങ്ങളും മധുരപാനീയങ്ങളും ജ്യൂസുകളും ഒഴിവാക്കണം. തവിടോടുകൂടിയ അരി, ഗോതമ്പ്, മുത്താറി എന്നിവയോടൊപ്പം പ്രോട്ടീൻ ധാരാളം അടങ്ങിയ പയർ, കടല, ഗ്രീൻപീസ്, മീൻ, മുട്ട, കോഴിയിറച്ചി എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.

ജ്യൂസുകൾക്കു പകരം മധുരം കുറവുള്ള ആപ്പിൾ, പേരക്ക, മുസമ്പി, ഓറഞ്ച്, പപ്പായ എന്നിവ ദിവസം 100 ഗ്രാം വരെ കഴിക്കാം. എണ്ണപലഹാരങ്ങളും മൈദകൊണ്ടുള്ള വിഭവങ്ങളും വർജിക്കണം. മുത്താഴത്തിന് (ഇടത്താഴം) മധുരമില്ലാത്ത തരിക്കഞ്ഞിയോ ഗോതമ്പുകഞ്ഞിയോ ഓട്സ് എന്നിവ പാലിനൊപ്പമോ കഴിക്കാം. ഭക്ഷണം ഒറ്റയിരിപ്പിന് കഴിക്കാതെ ഇടവിട്ട് കഴിക്കുക.

വ്രതമെടുക്കുമ്പോൾ രോഗികൾ കൃത്യമായ ഇടവേളകളിൽ ഗ്ലൂക്കോമീറ്ററിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞുപോകാനുള്ള സാധ്യത വ്രതമനുഷ്ഠിക്കുന്നവരിൽ കൂടുതലാണ്. ടൈപ്-1 പ്രമേഹരോഗികളിലാണ് ഇത് കൂടുതൽ കാണുന്നത്. എന്നാൽ, ഇൻസുലിൻ ഉപയോഗിക്കുന്ന ടൈപ്-2 രോഗികളിലും പ്രവർത്തന ദൈർഘ്യം കൂടിയ ഗുളികകൾ കഴിക്കുന്നവരിലും ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില രോഗികളിൽ ക്ഷീണം, തലകറക്കം, വിറയൽ, കൂടുതൽ വിയർപ്പ്, തണുപ്പ് എന്നിവ അനുഭവപ്പെടും.

രണ്ടു നേരം ഗുളിക/ഇൻസുലിൻ കുത്തിവെക്കുന്ന രോഗികൾ രാവിലത്തെ ഡോസ് നോമ്പ് തുറക്കുമ്പോഴും രാത്രിയിലേത് അത്താഴ സമയത്തും ഉപയോഗിക്കേണ്ടതാണ്.നിർജലീകരണം ഒഴിവാക്കാൻ ദിവസവും രണ്ട്-മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. കഠിനമായ വ്യായാമമുറകൾ ഒഴിവാക്കുക. പുത്തൻ തലമുറയിലെ ചില ഗുളികകളും ഇൻസുലിനും രക്തത്തിലെ പഞ്ചസാര നില തീരെ കുറഞ്ഞുപോകാതെയും കൂടിപ്പോകാതെയും സംരക്ഷിക്കുന്നതാണ്. അവ ഉപയോഗിക്കുന്നതിനു മുമ്പും വിദഗ്ധ ഡോക്ടറുടെ നിർദേശം സ്വീകരിക്കണം.

(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനും ഡയബറ്റിക് എജുക്കേറ്ററുമാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diabeticsRamadan
News Summary - To know diabetics before Ramadan
Next Story