ഇന്ന് ലോക സാന്ത്വന പരിചരണ ദിനം; സാന്ത്വന പരിചരണത്തിൽ വിരമിക്കാതെ ഇവർ
text_fieldsകൊച്ചി: ''ഭർത്താവ് എൻ.എച്ച്. സീതിക്ക് 2018ൽ സ്ട്രോക്ക് വന്നതാണ്. ഇടവും വലവും തളർന്ന് കിടപ്പായി. അന്ന് വീട്ടിൽ സാന്ത്വന പരിപാലനത്തിന് എത്തിയത് വാഴക്കാല ആൽഫ പാലിയേറ്റിവ് കെയറിലെ വളൻറിയർമാരാണ്. മൂന്നുമാസം കൊണ്ട് അദ്ദേഹം വാക്കർ പിടിച്ച് നടക്കാൻ തുടങ്ങി. പടിപടിയായി മെച്ചപ്പെെട്ടങ്കിലും കോവിഡ്കാലത്ത് ഫിസിയോ തെറപ്പി കാര്യമായി ചെയ്യാൻ കഴിഞ്ഞില്ല. 2020 സെപ്റ്റംബറിൽ അദ്ദേഹം മരിച്ചു. 72 വയസ്സുണ്ടായിരുന്നു അപ്പോൾ. അദ്ദേഹത്തെ പരിപാലിച്ച ഈ പാലിയേറ്റിവ് കെയറിന് ഒപ്പമാകണം ഇനിയുള്ള ജീവിതമെന്ന് പിന്നീട് ഞാനും തീരുമാനിച്ചു''-സാന്ത്വന പരിപാലനയാത്രക്കിടെ സി.വി. സുബൈദയുടെ വാക്കുകൾ.
പൊലീസിലും ക്രൈംബ്രാഞ്ചിലുമായി ഔദ്യോഗികജീവിതം കഴിച്ചുകൂട്ടി 16 വർഷം മുമ്പ് വിരമിച്ചതാണ് സുബൈദ. വാഴക്കാല മൂലേപ്പാടം റോഡിൽ നേരേ വീട്ടിൽ െലയ്നിലാണ് ആൽഫ പാലിയേറ്റിവ് കെയർ.
15 കി.മീ. ചുറ്റളവിൽ അവശരോഗികളെ പരിപാലിക്കുന്നു ഈ സംഘം. ദുബൈ കേന്ദ്രമായി ബിസിനസ് നടത്തുന്ന കെ.എം. നൂറുദ്ദീൻ തുടക്കമിട്ടതാണ് ആൽഫ. എറണാകുളത്ത് സുബൈദ റഹീം പ്രസിഡൻറായും സലീന മോഹൻ സെക്രട്ടറിയായും നേതൃത്വം നൽകുന്നു. സംഘത്തിലെ കൂടുതൽ പേരും സർക്കാർ ഉദ്യോഗങ്ങളിൽനിന്ന് വിരമിച്ചവർ. ഒപ്പം പൊതുപ്രവർത്തകരും.''കാൻസർ ബാധിച്ച് ദേഹം മുഴുവൻ റേഡിയേഷൻ ചികിത്സയുടെ പാടുമായി ദുരിതജീവിതം നയിച്ച ഒരാളെ മറക്കാനാകില്ല''-സുബൈദ റഹീം പറയുന്നു. ''ഇടപ്പള്ളിയിലായിരുന്നു വീട്. ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് ചികിത്സക്കു ശേഷം വീട്ടിൽ എത്തിച്ചതാണ്. ദേഹത്ത് തൊടാൻപോലും കഴിയാത്ത വിധം കടുത്ത വേദന അനുഭവിച്ചിരുന്നു അദ്ദേഹം.
ഞങ്ങൾ സാന്ത്വന പരിചരണം തുടങ്ങിയതോടെ ആളുടെ നില മെച്ചപ്പെട്ടു. മൂത്തമകന് പിതാവിെൻറ അവസ്ഥ അറിയാമായിരുന്നെങ്കിലും അദ്ദേഹത്തിെൻറ ഭാര്യയും ഇളയ മകനും പ്രതീക്ഷയിലായി. സാധാരണജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷ. പേക്ഷ മരിച്ചുപോയി.ആ വേർപാടിൽ വേദനിക്കുന്ന കുടുംബത്തെ സമാധാനിപ്പിക്കാൻ പിന്നീടും അവിടെ പോകേണ്ടി വന്നു''-സുബൈദ ഓർത്തെടുത്തു.
വിദ്യാഭ്യാസ വകുപ്പിൽനിന്ന് വിരമിച്ച കെ.യു. ബാവ, മഹാരാജാസിലെ റിട്ട. പ്രഫ. ജമീല, മായ ഷാജി, സോമസുന്ദരം തുടങ്ങിയവർ നയിക്കുന്ന സംഘത്തിൽ അനേകം വളൻറിയർമാരുമുണ്ട്്. ''കാൻസർ അല്ല ഇപ്പോൾ വലിയ രോഗം. 80 ശതമാനം പേരും കിടപ്പിലാകുന്നത് പക്ഷാഘാതം വന്നാണ്. കൂടിയ രക്തസമ്മർദമാണ് കാരണം''-സാന്ത്വനയാത്രയിൽ കണ്ട അനുഭവങ്ങളിൽനിന്ന് സി.വി. സുബൈദ പറയുന്നു. ഈ മഹാനഗരത്തിൽ കിടപ്പുരോഗികളായ അനേകർക്ക് ആശ്വാസമാണ് ആൽഫ പാലിയേറ്റിവ് കെയർ. ഒരുപാട് പേരിൽ പുഞ്ചിരി പടർത്തി ആ യാത്ര തുടരുന്നു. ആംബുലൻസ് ഒഴിവാക്കി സ്വന്തം വാഹനത്തിൽ. വീട്ടിലേക്ക് ആംബുലൻസ് എത്തുന്നത് കണ്ട് ആരും പേടിക്കരുതല്ലോ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.