Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightപ​ല്ല്...

പ​ല്ല് പു​ളി​പ്പ്:അ​റി​യേ​ണ്ട​തെ​ല്ലാം

text_fields
bookmark_border
പ​ല്ല് പു​ളി​പ്പ്:അ​റി​യേ​ണ്ട​തെ​ല്ലാം
cancel

പല്ലുവേദന കഴിഞ്ഞാല്‍ ദന്തരോഗവിദഗ്ധനെ ഏറ്റവുമധികം സമീപിക്കുന്നത് പല്ലുപുളിക്കുന്നു എന്ന പരാതിയുമായിട്ടാവും. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടും. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്‍ മധുരമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നതായും പറയാറുണ്ട്. പലരും പരസ്യങ്ങളില്‍ കാണുന്ന സെന്‍സിറ്റിവിറ്റി ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ ശാശ്വതപരിഹാരം ലഭിക്കുന്നുള്ളൂ.

കാരണങ്ങൾ

പല്ലുപുളിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. താപം, മർദം, സ്പര്‍ശനം, രസം തുടങ്ങി പല്ലിനെ ബാധിക്കുന്ന ഉദ്ദീപനങ്ങളെല്ലാം പല്ലുപുളിപ്പുണ്ടാക്കാം. ഇത്തരം ഉദ്ദീപനങ്ങള്‍ പല്ലിന്റെ ഉള്‍ക്കാമ്പായ ദന്തവസ്തുവിനുള്ളിലെ (ഡെന്റിന്‍) സൂക്ഷ്മ ശൃംഖലയായ ദന്തവസ്തു വ്യൂഹം അഥവാ ഡെന്റിനല്‍ ട്യൂബൂള്‍സിനെ ബാധിക്കുന്നു. ഇത് ട്യൂബൂള്‍സിന്റെ വ്യാസം വർധിപ്പിക്കുകയും കൂടുതല്‍ ഉദ്ദീപനവസ്തുക്കള്‍ പല്ലിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വേദനയുണ്ടാക്കുന്ന നാഡീവ്യൂഹം ഒരു പ്രത്യേകതരം വേദന പുറപ്പെടുവിക്കുന്നു. ഇത് പുളിപ്പായി അനുഭവപ്പെടുന്നു.

ദന്തമജ്ജ വീക്കം

പല്ലിന്റെ ഉള്‍ഭാഗത്തെ ദന്തമജ്ജ അഥവാ പള്‍പ്പ് വരെ ദന്തക്ഷയം വ്യാപിക്കുമ്പോഴാണ് ദന്തമജ്ജ വീക്കം (പള്‍പ്പിറ്റിസ്) ഉണ്ടാകുന്നത്. ദന്തക്ഷയം തുടക്കത്തില്‍ ഇനാമല്‍, പിന്നീട് ദന്തവസ്തു, തുടര്‍ന്ന് ദന്തമജ്ജ വരെ എത്തുന്നു. പല്ലിന്റെ ക്രൗണ്‍ ഭാഗത്താണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. വേരിന്റെ ഭാഗത്താവട്ടെ ദന്തവസ്തു നശിക്കുമ്പോള്‍ അടിയിലുള്ള സിമന്റ് എന്ന വസ്തു പുറത്തേക്ക് എത്തുന്നു. ഇവയില്‍ കാറ്റേല്‍ക്കുമ്പോഴോ തണുത്തതും ചൂടുള്ളതുമായ ഭക്ഷണം തട്ടുകയോ ചെയ്യുമ്പോള്‍ അസഹനീയമായ പുളിപ്പ് അനുഭവപ്പെടുന്നു. ദന്തക്ഷയത്തിന് തുടക്കത്തില്‍ത്തന്നെ ദന്തരോഗ വിദഗ്ധനെ കണ്ട് ശരിയായ ചികിത്സ തേടിയാല്‍ ദന്തമജ്ജ വീക്കത്തില്‍ എത്താതെ നോക്കാം.

മോണരോഗം

മോണരോഗവും പുളിപ്പുണ്ടാക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് മോണയുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനം. ഇതിനു പല കാരണങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ബ്രഷ് ചെയ്യുന്ന രീതിയാണ്. കടുപ്പമുള്ള ബ്രഷ് കൊണ്ട് ദീര്‍ഘനേരം ബ്രഷ് ചെയ്താല്‍ പല്ല് തേയുന്നതിനും അതിലൂടെ പുളിപ്പിനും കാരണമാവുന്നു. അതിനാല്‍, മൃദുവായ ബ്രഷ് ഉപയോഗിച്ച് ശരിയായ രീതില്‍ മൂന്നു മിനിട്ട് വീതം രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നതാണ് ഉചിതം.

കോള കുടിച്ചാല്‍

അച്ചാര്‍, നാരങ്ങവെള്ളം, സോഡ, കോള, മറ്റു കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗവും പല്ല് ദ്രവിക്കാനും, അതുവഴി പല്ല് പുളിപ്പിലേക്കും നയിക്കും. അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിച്ചാല്‍ അരമണിക്കൂര്‍ നേരം പല്ലു തേക്കുകയോ വായ് കഴുകുകയോ ചെയ്യരുത്. കാരണം, അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിക്കുമ്പോള്‍ പല്ല് ചെറുതായി ദ്രവിക്കും. പ്രതിപ്രവര്‍ത്തനത്തിലൂടെ ഇതിനെ ശരീരം സ്വയം ശരിയാക്കാന്‍ ശ്രമിക്കും. ഈ സമയം പല്ല് തേക്കുകയോ, വായ് കഴുകുകയോ ചെയ്താല്‍ അത് ഈ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും.

ദുശ്ശീലങ്ങള്‍

ചില ദുശ്ശീലങ്ങളും പ്രശ്‌നമാണ്. മുറുക്ക്, പുകവലി, ഉറക്കത്തില്‍ പല്ലിറുമ്മുന്നശീലം തുടങ്ങിയവയും പല്ലില്‍ തേയ്മാനം ഉണ്ടാക്കും. ഇത് ഭാവിയില്‍ പുളിപ്പിന് കാരണമായേക്കാം.

ഗര്‍ഭകാലത്തെ ഛർദി

ഗര്‍ഭിണികളിലെ ഛർദിയും വില്ലനാവും. ഛർദിക്കുമ്പോള്‍ അമ്ലാംശം മുന്‍പല്ലുകളുടെ ഉള്‍ഭാഗത്ത് അടിയും. അമ്ലാംശം സ്ഥിരമായി അടിയുമ്പോള്‍ അത് പല്ല് ദ്രവിക്കുന്നതിനു കാരണമാകുകയും ചെയ്യും.

അറിയേണ്ടത്

•ദന്തശുചിത്വം ഉറപ്പുവരുത്തുക.

•ദിവസവും രണ്ടു നേരം, മൂന്നു മിനിറ്റ് വീതം പല്ലുതേക്കണം.

•മൃദുവായ ബ്രഷ് ഉപയോഗിക്കണം.

•തേയ്മാന സാധ്യത കുറഞ്ഞ ജെല്‍ അല്ലാത്ത, വെള്ള നിറത്തിലോ പിങ്ക് നിറത്തിലോ ഉള്ള ക്രീം പേസ്റ്റുകള്‍ തിരഞ്ഞെടുക്കണം. ചുവപ്പ്, നീല, പച്ച നിറങ്ങളിലെ വെട്ടിത്തിളങ്ങുന്ന പേസ്റ്റുകള്‍ ഒഴിവാക്കുക.

•അമര്‍ത്തി ബ്രഷ് ചെയ്യരുത്.

•പുകവലി, പല്ലിന്റെ ഇടയില്‍ പല്ലുകുത്തിയോ, മറ്റു വസ്തുക്കളോ തിരുകിക്കയറ്റല്‍, പല്ലുകൊണ്ട് പൗഡര്‍ ടിന്‍, ബോട്ടിലുകളുടെ അടപ്പുകള്‍, സേഫ്റ്റി പിന്‍ തുടങ്ങിയവ കടിച്ചുതുറക്കുക തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.

•ഗര്‍ഭകാലത്ത് ദന്തശുചിത്വം ഉറപ്പുവരുത്തുക. മോണരോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കുകയും വേണം.

•അമിത മാനസികസമ്മർദം, ഉത്കണ്ഠ, വിഷാദം, ഭയം എന്നിവ ഒഴിവാക്കുക. ഇത് വയറിലെ അമ്ലാംശം കൂട്ടി അള്‍സറുകള്‍ക്കും ആമാശയ ഭിത്തിയില്‍ വിള്ളലുണ്ടാക്കുകയും ആമാശയരസം വായിലേക്കെത്തുന്ന റിഫ്ലക്‌സ് ഈസോഫാഗിയല്‍ രോഗത്തിനും കാരണമാകും. ഗ്യാസ്ട്രബ്ൾ ഉള്ളവര്‍ അതിനുള്ള ചികിത്സയും തേടണം.

•അമ്ലാംശമുള്ള പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ ഉപയോഗം മിതപ്പെടുത്തുക.

•രോഗകാരണവും രോഗതീവ്രതയും അനുസരിച്ച് ദന്തരോഗ വിദഗ്ധന്‍ അനുയോജ്യമായ ചികിത്സ നിർദേശിക്കും.

ചികിത്സാരീതികൾ

1. പുളിപ്പ് കുറക്കാൻ സഹായിക്കുന്ന ഡീസെൻസിെറ്റെസിങ് ടൂത്ത് പേസ്റ്റുകൾ (ഇവയിൽ നൊവാമിൻ, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ ഘടകങ്ങൾ ഉണ്ടാവും).

2. തേയ്മാനം വന്ന ഭാഗത്ത് പല്ലിന്റെ നിറത്തിലുള്ള ഫില്ലിങ് ചെയ്യുക.

3. ചില സന്ദർഭങ്ങളിൽ റൂട്ട് കനാൽ ചികിത്സ ചെയ്യുക.

4. മോണ കീഴ്പോട്ടിറങ്ങിയവരിൽ മോണയിൽ ചെയ്യുന്ന മ്യൂക്കോജിഞ്ചൈവൽ ശസ്ത്രക്രിയ.

5. ലേസർ ഉപയോഗിച്ചുള്ള ചികിത്സാരീതി

6. വൈദ്യുതതരംഗങ്ങൾ പ്രത്യേകതരം രാസപദാർഥത്തിലൂടെ കടത്തിവിട്ട് ദന്തവസ്തുവിനുള്ളിലെ ചെറുകുഴലുകളെ അടച്ചെടുക്കുന്ന അയണ്ടോഫോറസിസ് ചികിത്സാരീതിയും ലഭ്യമാണ്. ഇത് വളരെയേറെ ഫലപ്രദമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthTooth SensitivityEverything you need to know
News Summary - Tooth Sensitivity: Everything you need to know
Next Story