മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ മികച്ച ഗവേഷണത്തിന് പുരസ്‌കാരം നൽകുമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളജുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനതല ഓഫീസ് ഡി.എം.ഇ.യില്‍ ആരംഭിക്കും. സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (എസ്.ബി.എം.ആര്‍) വിപുലീകരിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ ഈ മേഖലയിലെ സന്നദ്ധ സംഘടനകളുടെ സഹായം കൂടി പ്രയോജനപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
10 മെഡിക്കല്‍ കോളജുകളില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതി ആരംഭിക്കുന്നതാണ്. ഓരോ മെഡിക്കല്‍ കോളജിനും 10 ലക്ഷം രൂപ വെച്ച് ഒരു കോടി രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈയൊരു ലക്ഷ്യത്തിലെത്താന്‍ മെഡിക്കല്‍ കോളേജുകള്‍ നടപടി സ്വീകരിക്കേണ്ടതാണ്.
മെഡിക്കല്‍ കോളജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കുന്നതിനും മെഡിക്കല്‍ കോളജുകളുടെ റേറ്റിംഗ് ഉയര്‍ത്തുന്നതിനുമുള്ള ഗ്യാപ് അനാലിസിസ് നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. ഓരോ മെഡിക്കല്‍ കോളജിലും നടന്നു വരുന്ന നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കേണ്ടതാണ്. ഹൈഎന്‍ഡ് ഉപകരണങ്ങള്‍ യഥാസമയം റിപ്പയര്‍ ചെയ്യുന്നതിനും സര്‍വീസ് നടത്തുന്നതിനും സംസ്ഥാനതല നിരീക്ഷണം ഉണ്ടാകണം. ഉപകരണങ്ങള്‍ കോടായാല്‍ കാലതാമസം കൂടാതെ പ്രവര്‍ത്തന സജ്ജമാക്കി സേവനം നല്‍കുന്നതിന് ഓരോ മെഡിക്കല്‍ കോളജും പ്രത്യേക ശ്രദ്ധ നല്‍കണം.
മെഡിക്കല്‍ കോളജുകളില്‍ മെറ്റീരിയില്‍ കളക്ഷന്‍ ഫെസിലിറ്റി പദ്ധതിയിലൂടെ മാലിന്യ സംസ്‌കരണം ഫലപ്രദമായ രീതിയില്‍ നടത്തേണ്ടതാണ്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് രണ്ടാം ഘട്ടമായി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളില്‍ ആരംഭിക്കുന്നതിന് നിർദേശം നല്‍കിയിരുന്നു. ഇതിന്റെ പ്രവര്‍ത്തന പുരരോഗതിയും മന്ത്രി വിലയിരുത്തി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സ്‌പെഷ്യല്‍ ഓഫീസര്‍, എല്ലാ മെഡിക്കല്‍ കോളജുകളിലേയും പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.