സ്വയരക്ഷക്ക് അടിയും തടയും പഠിച്ച് വനിത ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: ജോലിക്കിടയിലും ജീവനാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് അടിയും തടയും പഠിക്കാൻ തയാറായി വനിതാ ഡോക്ടർമാർ. ആരെയും ആക്രമിക്കാനല്ല, അപ്രതീക്ഷിത അടിപിടികളിലും ആക്രമണങ്ങളിലും സ്വയരക്ഷക്കുള്ള പ്രതിരോധ അടവുകൾ മനസ്സിലാക്കി ആത്മവിശ്വാസം വർധിപ്പിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരെയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കായി പരിശീലന പരിപാടി ആരംഭിച്ചത്.
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് കെ.ജി.എം.സി.ടി.എ പരിശീലന പരിപാടി ആരംഭിച്ചത്. കേരള പൊലീസിന്റെയും കേരള സ്പോർട്സ് കൗൺസിലിന്റെയും അംഗീകൃത സ്വയം പ്രതിരോധ കോച്ചായ വിനോദിന്റെ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെ 60ഓളം ഡോക്ടർമാർക്ക് ആദ്യ ദിനത്തിൽ പരിശീലനം നൽകി.
മെഡിക്കൽ കോളജിലെ എം.ഡി.ആർ.എൽ ഹാളിൽ ആരംഭിച്ച പരിശീലന പരിപാടി കെ.ജി.എം.സി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ മുഖ്യാതിഥിയായി. കെ.ജി.എം.സി.ടി.എ തിരുവനന്തപുരം പ്രസിഡൻറ് ഡോ. ആർ.സി ശ്രീകുമാർ, സെക്രട്ടറി ഡോ. കലേഷ് സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാംഘട്ടമായി പരിശീലന പദ്ധതി കേരളത്തിലെ എല്ലാ മെഡിക്കൽ കോളജിലേക്കും നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.