വർക് ഫ്രം ഹോമിലാണോ? പുറംവേദനയുണ്ടെങ്കിൽ ശ്രദ്ധിക്കണം
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ എല്ലാവരും വീടുകളിലേക്കൊതുങ്ങി. ഓഫിസ് ജോലികൾ വീട്ടിലിരുന്ന് ചെയ്യാൻ തുടങ്ങി. ഓഫിസ് കെട്ടിടത്തിലെത്തി ജോലി ചെയ്യുന്നതിനേക്കാൾ പലർക്കും ആശ്വാസമായി വർക് ഫ്രം ഹോം.
ഓഫിസിലാകുേമ്പാൾ കൃത്യസമയത്തിനായിരുന്ന ചായ, ഉച്ചഭക്ഷണ ഇടവേളകൾ, വീട്ടിലെത്തിയപ്പോൾ സൗകര്യത്തിന് അനുസരിച്ച് ക്രമീകരിച്ചു. കസേരയിൽ നിന്ന് എഴുന്നേൽക്കാതെ മണിക്കൂറുകളോളം ജോലിയിൽ മുഴുകി. എന്നാൽ, ഒരു വർഷത്തോളമായി തുടരുന്ന ഈ ശീലം പല ആരോഗ്യ പ്രശ്നങ്ങളും യുവജനങ്ങളിൽ വരുത്തിവെക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിൽ പ്രധാനം സുഷുമ്ന നാഡിക്ക് സംഭവിക്കുന്ന പരിക്കും. പലരിലും ചികിത്സിച്ച് മാറ്റാൻ സാധിക്കാത്ത പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുന്നുണ്ടെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഡോക്ടർമാർ.
പുറം വേദനയുമായെത്തുന്ന 20നും 40നും ഇടയിൽ പ്രായമുള്ള രോഗികളുടെ എണ്ണം മുൻവർഷത്തേക്കാൾ ഉയർന്നുവെന്നാണ് ഐ.പി.എസ്.സി വാഴ്സിറ്റിയിലെ ഡോക്ടറായ ഡോ. സ്വതി ഭട്ട് പറയുന്നത്.
'മണിക്കൂറുകൾ നീണ്ട ഇരിപ്പിലൂടെയുണ്ടാകുന്ന മർദത്തിലൂടെ സ്പൈനൽ കോഡിലെ ഡിസ്കിന് കേടുവരാം. മനുഷ്യ ശരീരത്തിന്റെ ചലനത്തെ സ്വാധീനിക്കുന്ന പ്രധാന ഭാഗമാണ് ഈ ഡിസ്കുകൾ. ഒരാൾ വളരെ കുറച്ചുമാത്രം ചലിച്ചാൽ അസ്ഥികൾ ഡിസ്കുകളെ സമ്മർദ്ദത്തിലാക്കുകയും കൂടുതൽ മർദം നൽകുകയും ചെയ്യും. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുേമ്പാൾ പലപ്പോഴും പോഷകാഹാരം കഴിക്കാനോ, വെള്ളം കുടിക്കാനോ തയാറാവില്ല. അതിനാൽ തന്നെ തകരാറായിരിക്കുന്ന ഡിസ്കുകളെ ഇത് വീണ്ടും അപകടത്തിലാക്കും. അവ നിർജലീകരണത്തെ തുടർന്ന് ദുർബലമാക്കുകയും ചെയ്യും' -സ്വാതി ഭട്ട് പറയുന്നു.
ശരീരത്തിന് വ്യായാമത്തിന്‍റെ കുറവുണ്ടാകുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. കൂടാതെ പോഷകാഹാര കുറവും ഇരിക്കുന്ന രീതിയുമെല്ലാം നടുവേദനയുടെ കാരണങ്ങളാകും. പലരും കസേര മാറ്റി നോക്കാറാണ് പതിവ്. എന്നാൽ അത് പരിഹാരമാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഒരാഴ്ചയിൽ കൂടുതൽ നടുവേദനയോ പുറംവേദനയോ അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും താമസിക്കാതെ ഡോക്ടർമാരെ കാണണമെന്നാണ് വിദഗ്ധരുടെ നിർദേശം. ചികിത്സ വൈകുന്തോറും ആരോഗ്യനില വഷളാകും.
വർക് ഫ്രം ഹോമിലുള്ളവർ ഓരോ മണിക്കൂറിലും നിർബന്ധമായും ഇരിപ്പിന്‍റെ രീതി മാറ്റണം. കിടക്കുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കണം. ഭക്ഷണം ഒഴിവാക്കാൻ പാടില്ല, കൂടാതെ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തുകയും വേണമെന്നും ഡോക്ടർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.