ജീവിതം ചിട്ടപ്പെടുത്തി പ്രമേഹത്തെ പ്രതിരോധിക്കാം
text_fieldsപുകയിലജന്യരോഗങ്ങളും രക്തസമ്മർദവും കഴിഞ്ഞാൽ അകാല മരണത്തിന് വഴിവെക്കുന്ന പ്രധാന കാരണമാണ് പ്രമേഹം. പ്രമേഹ രോഗബാധിതരിൽ പകുതി പേർക്കും രോഗം ഉണ്ടെന്ന വിവരം അറിയാതെ പോകുന്നതാണ് പ്രശ്നമാകുന്നത്. അന്ധത, വൃക്കയുടെ തകരാറുകൾ, പ്രമേഹം മൂലം കാൽ മുറിക്കേണ്ടി വരുന്ന അവസ്ഥ തുടങ്ങി പ്രമേഹത്തെക്കുറിച്ച് പേടിപ്പിക്കുന്ന വിവരങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാകുമെന്നതിനാൽ അത് എങ്ങനെ പ്രതിരോധിക്കാം എന്ന കാര്യം ഇന്ന് ചർച്ചചെയ്യാം. പ്രമേഹ സാധ്യത നിർണയിക്കുന്നത് പ്രായം, അമിതവണ്ണം, വ്യായാമം, കുടുംബപശ്ചാത്തലം എന്നിവ അടിസ്ഥാനമാക്കിയാണ്. 50 വയസ്സ് കഴിഞ്ഞ വ്യായാമമില്ലാത്ത അമിതവണ്ണക്കാരിൽ പ്രമേഹ സാധ്യത വളരെ കൂടുതലാണ്. പ്രമേഹം നേരേത്ത കണ്ടെത്തുകവഴി ചികിത്സ എളുപ്പമാക്കാം. ജീവിത ശൈലിയിൽ വരുത്തുന്ന ഭേദഗതികൾ ആണ് ചികിത്സയിൽ സുപ്രധാനം. ചിട്ടയായ വ്യായാമം, പുകവലിയും മദ്യപാനവും ഒഴിവാക്കൽ, അമിതഭാരം കുറക്കൽ എന്നിവയിൽ വിട്ടുവീഴ്ച അരുത്.
വ്യായാമം ദിവസവും അര മണിക്കൂറെങ്കിലും സ്ഥിരമാക്കണം. വേഗതയിലുള്ള നടത്തം, നീന്തൽ, ഫുട്ബാൾ, വോളിബാൾ, ബാഡ്മിൻറൺ പോലുള്ള കളികൾ, എയ്റോബിക്സ്, നൃത്തം എന്നിവയെല്ലാം ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതോടൊപ്പം കൊളസ്ട്രോൾ, രക്തസമ്മർദം, മാനസിക സമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും വ്യായാമത്തിന് പ്രാധാന്യമുണ്ട്. ചിട്ടയായ വ്യായാമത്തിനു പുറമെ ഭക്ഷണ ക്രമീകരണംകൂടി വരുത്തിയാൽ 58 ശതമാനം പ്രമേഹവും നിയന്ത്രിക്കാനാകും.
ഭക്ഷണ രീതി: ട്രാൻസ് ഫാറ്റി ആസിഡുകൾ അടങ്ങിയ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പഴുത്ത മാങ്ങയും ചക്കയും, കൈതച്ചക്ക, വാഴപ്പഴം, വത്തക്ക എന്നിവ ഒഴിവാക്കണം. പച്ചച്ചക്ക ഒരു പരിധിവരെ നല്ലതാണ്. ആപ്പിൾ, ഓറഞ്ച്, മുസമ്പി, ആപ്രിക്കോട്ട്, കിവി എന്നിവ കഴിക്കാം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാവിലെ മൂന്ന് ഇഡലി, അല്ലെങ്കിൽ രണ്ട് ചപ്പാത്തി ശീലമാക്കാം. ഉപ്പുമാവും, ഗോതമ്പു പൊറോട്ടയും നല്ലതാണ്. എളുപ്പമല്ലെന്നറിയാം, എങ്കിലും മൈദ വിഭവങ്ങൾ ഒഴിവാക്കണം. ഉച്ചക്ക് മട്ട അരികൊണ്ടുള്ള ചോറ് കുറച്ച് കഴിക്കാം. മത്സ്യാഹാരം ഇഷ്ടപ്പെടുന്നവർക്ക് മത്തി, അയല എന്നിവ കറിവെച്ച് കഴിക്കുന്നത് നല്ലതാണ്. പൊരിച്ച മത്സ്യം ഒഴിവാക്കാം. മത്തൻ, ഇളവൻ, കുമ്പളം തുടങ്ങിയ നാരുകൾ അടങ്ങിയ പച്ചക്കറികൾ കറിയായോ ഉപ്പേരിയായോ ഉപയോഗപ്പെടുത്തുന്നത് കൂടുതൽ ഗുണം ചെയ്യും. വെള്ളരി, കാബേജ്, കക്കിരി, പയർ, തൈര്, ബദാം, ഓട്സ്, മുത്താറി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശരീരഭാരം കുറക്കുന്നതിനും ശ്രദ്ധ വേണം.
കൊളസ്ട്രോൾ കൂടുതലാണെങ്കിൽ കണവ, ചെമ്മീൻ, മുട്ടയുടെ മഞ്ഞക്കരു, കാരക്ക എന്നിവ ഒഴിവാക്കേണ്ടതുണ്ട്. പ്രമേഹ രോഗികൾക്ക് ഹൃദ്രോഗ സാധ്യത മറ്റുള്ളവരേക്കാൾ നാലു മടങ്ങാണ്. ഹൃദയ പേശികൾക്ക് രക്തം നൽകുന്ന കൊറോണറി രക്തക്കുഴലുകളിൽ കോളസ്ട്രോൾ അടിഞ്ഞുകൂടുന്നതാണ് ഹൃദ്രോഗത്തിെൻറ പ്രധാന കാരണം. രക്തക്കുഴൽ സങ്കോചം നിമിത്തം ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പ്രമേഹ രോഗികളിൽ കൂടുതലാണ്.
രക്തത്തിൽ കൊളസ്ട്രോൾ അധികമുള്ള പ്രമേഹരോഗികൾ പ്രമേഹ മരുന്നുകൾക്കൊപ്പം കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള മരുന്നുകളും കഴിക്കുന്നത് രോഗ സങ്കീർണത നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. എൽ.ഡി.എൽ കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ ഇറച്ചി ഒഴിവാക്കുന്നതാണ് നല്ലത്. നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ കൂടുന്നതിന് നടത്തം പോലുള്ള വ്യായാമങ്ങൾ, സൈക്ലിങ്, നൃത്തം, നീന്തൽ എന്നിവ ഗുണം ചെയ്യും. പ്രമേഹ രോഗികളിൽ എൽ.ഡി.എൽ കൊളസ്ട്രോളിെൻറ അളവ് 70 മില്ലി ഗ്രാമിൽ അധികമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധവേണം. ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ജാഗ്രത വേണം.
പ്രമേഹ രോഗികൾ വൃക്കരോഗബാധിതരാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഉറങ്ങുന്നതിനു മുമ്പ് രണ്ട് ഗ്ലാസ് ഫിൽട്ടർ ചെയ്ത വെള്ളം കുടിക്കുന്നത് പ്രധാനമാണ്. ആൻറി ഓക്സിഡൻറുകളുടെ നല്ല സ്രോതസ്സുകളായ ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് ഏറെ ഗുണകരമാണ്.
ആൻറി ഓക്സിഡൻറുകൾ ഹൃദ്രോഗെത്തയും കാൻസറിനെയും ചെറുക്കുന്നതിനു പുറമെ പ്രതിരോധശക്തിയും വർധിപ്പിക്കുന്നു. ഗ്രീൻ ടീ, ലൈക്കോപീൻ അടങ്ങിയ പേരക്ക, തക്കാളി, വൈറ്റമിൻ സി അടങ്ങിയ ബ്രോക്കോളി, വൈറ്റമിൻ ഇ അടങ്ങിയ സൺഫ്ലവർ സീഡ്സ്, വാൽനട്ട്, വെളുത്തുള്ളി, കറിവെച്ച മത്തി, അയല, അക്കാന്തോസൈനിൻ അടങ്ങിയ മാംഗോസ്റ്റീൻ എന്നിവ ഇതിൽ പ്രധാനമാണ്. സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ, ഒലീവ് ഓയിൽ എന്നിവയാണ് ഭക്ഷണം പാകംചെയ്യാൻ നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.