കാറോട്ടമത്സരത്തിലെ റാണി ഇനി പരിശീലക പദവിയിലും; ട്രാക്കിലെ ആണാധിപത്യത്തെ വെല്ലുവിളിച്ച് സൗദി യുവതി
text_fieldsറിയാദ്: 'ഓട്ടോക്രോസ്സ്' കാറോട്ടമെന്ന കായിക മത്സരത്തെ നെഞ്ചിലിട്ട് ലാളിച്ച അഫ്‌നാൻ എന്ന സൗദി യുവതി ആൺചങ്കൂറ്റത്തെ വെല്ലുവിളിച്ചാണ് വർഷങ്ങൾക്ക് മുമ്പ് ട്രാക്കിലിറങ്ങിയത്. കാറോട്ടത്തിൽ പലതവണ കിരീടം ചൂടിയ ഈ മിടുക്കി ഇനി കാറോട്ട പരിശീലകയെന്ന പദവിയിലും തിളങ്ങും.
എതിരാളിയുടെ മിടിപ്പറിഞ്ഞ് ട്രാക്കിൽ പൊടിപാറിയ മത്സരം കാഴ്ചവെക്കുന്ന അഫ്‌നാൻ സൗദിയിലെ പല പ്രാദേശിക മത്സരങ്ങളിലും താരമായിട്ടുണ്ട്. ആരവങ്ങൾ ആർത്തിരമ്പുന്ന ഗാലറികൾ സൃഷ്‌ടിക്കുന്നത് അഫ്നാന് ഹോബിയാണ്. കാറോട്ടത്തിൽ മാത്രമല്ല അമേരിക്കയിലെ സ്വകാര്യ യൂനിവേഴ്‌സിറ്റിയിൽനിന്ന് ബയോമെഡിക്കൽ എൻജീനിയറിങ്ങിലും ബിരുദമുണ്ട് അഫ്നാന്.
ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഒരു പദ്ധതിയിൽ മെഡിക്കൽ എൻജിനീയറായി തൊഴിലെടുക്കുന്നതിനിടെയാണ് ഈ നേട്ടങ്ങളെല്ലാം. റൈസിങ് പ്രേമികളുടെ ഇഷ്‌ടതാരം കൂടിയാണ് ഈ പ്രതിഭ. ഇനിയുള്ള നാളുകളിൽ കാറോട്ടത്തിൽ അഭിനിവേശമുള്ളവരെ പ്രാപ്‌തരാക്കാൻ ലൈസൻസോടെ ട്രാക്കിലേക്ക് ഇറങ്ങുകയാണ് അഫ്‌നാൻ അൽ മാർഗലാനി. ഓട്ടോക്രോസ്സ് പരിശീലക ലൈസൻസ് സ്വന്തമാക്കുന്ന ആദ്യത്തെ സൗദി പെൺകുട്ടി എന്ന സവിശേഷത കൂടിയുണ്ട് അഫ്നാന്റെ ഈ നേട്ടത്തിന്.
സഹോദരൻ ഫഹദിന്റെ കറുകളോടും കാറോട്ടത്തോടുമുള്ള കമ്പമാണ് അഫ്നാനെ ട്രാക്കിലെത്തിച്ചത്. സഹോദരനുമായി ഡിജിറ്റൽ മത്സരങ്ങൾ നടത്തി സ്കോർ ചെയ്താണ് യഥാർഥ ട്രാക്കിലേക്കുള്ള കാൽവെപ്പ്. അപകടം പതിയിരിക്കുന്ന മത്സര ഇനമായതിനാൽ മാതാപിതാക്കൾക്ക് ഭയമായിരുന്നു. ആ ഭയം പക്ഷെ അഫ്‌നാനെ ഭരിച്ചിരുന്നില്ല. വീട്ടിലുള്ളവരെ മത്സരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി സമ്മതം നേടി.
ഇന്ന് അവർ മകളുടെ ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുകയും അവളുടെ അഭിവൃദ്ധിയിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ആഗ്രഹിച്ചാൽ എന്തും നേടാനാകുമെന്നും സ്വപ്നം കാണുന്ന മേഖലയെക്കുറിച്ച് പ്രാഥമിക ധാരണയും കഠിനശ്രമവും കൈമുതലുണ്ടെങ്കിൽ യാത്ര തുടരാമെന്നും ദൈവസഹായത്താൽ ലക്ഷ്യത്തിലെത്തുമെന്നും അഫ്‌നാൻ പറയുന്നു.
'പുരുഷന്മാർക്ക് മേധാവിത്വമുള്ള മേഖലയിലാണ് ഞാൻ കാലെടുത്ത് വെച്ചത്. തുടക്കത്തിൽ കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഇത് ഉൾക്കൊള്ളാൻ പ്രയാസമുണ്ടായിരുന്നു. ക്രമേണ ഇത് സാധ്യമാണെന്ന് അവർക്ക് ബോധ്യമായി. ഇന്ന് സാഹചര്യം അടിമുടി മാറി. കൂടുതൽ പെൺകുട്ടികൾ ചെറുപ്രായത്തിൽ തന്നെ ഈ കായികമേഖലയിലേക്ക് ചുവട് വെക്കുന്നുണ്ട്. ചിലവേറിയ വിനോദമാണിത്. അതിനാൽ സ്പോൺസർമാരെ കണ്ടെത്തലും പ്രധാന ഘടകമാണ്' -അഫ്‌നാൻ കൂട്ടിച്ചേർത്തു.
റിയാദ്, ജിദ്ദ, അൽഖോബാർ തുടങ്ങിയ സൗദി പ്രവിശ്യകളിൽ നടന്ന കാറോട്ട മത്സരങ്ങളിൽ സാന്നിധ്യമറിയിച്ചാണ് അഫ്നാൻ വലിയ മത്സരങ്ങളിൽ എത്തുന്നത്. പരിശീലന ലൈസൻസ് കിട്ടിയതോടെ ഒരു വലിയ സ്വപ്നമാണ് പൂവണിഞ്ഞത്. വാർത്ത പുറത്തുവന്നതോടെ ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ അഫ്നാന് അഭിനന്ദന പ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.