ഇന്ത്യയിൽ ഇലക്ട്രിക് കാറുകളോട് പ്രിയം കുറയുന്നതായി സര്‍വേ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണയിൽ ഉപയോക്താക്കാൾക്ക് ഇലക്ട്രിക് കാറുകളോട് പ്രിയം കുറയുന്നതായി സര്‍വേ റിപ്പോർട്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി പാര്‍ക്ക് പ്ലസ് നടത്തിയ സര്‍വേയിലാണ് വൈദ്യുത കാറുകളോട് പ്രിയം കുറയുന്നതായുള്ള കണ്ടെത്തൽ. ഇന്ത്യയിലെ വൈദ്യുത കാര്‍ ഉടമകളില്‍ വലിയൊരുവിഭാഗം ഡീസല്‍, പെട്രോള്‍ കാറുകളിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതായി സര്‍വേ പറയുന്നു.
ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ഇ.വി കാറുടമകളില്‍ 51 ശതമാനം പേരും തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് സര്‍വേയിൽ പറയുന്നു. പ്രധാന നഗരങ്ങളിലെ 500 ഇ.വി കാര്‍ ഉടമകള്‍ക്കിടയിലാണ് പാര്‍ക്ക് പ്ലസ് സര്‍വേ നടത്തിയത്. 88 ശതമാനം ആളുകളും ചാര്‍ജിങ് സ്റ്റേഷനുകളേക്കുറിച്ചുള്ള ആശങ്കയാണു പങ്കുവെച്ചത്. ഇവി കാറുകളുടെ നിലവിലെ റേഞ്ചും, ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാനാവുന്ന ദൂരവും ആശങ്കക്ക് ഇടയാക്കുന്നുണ്ട്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 33 ശതമാനം പേരും വാഹനത്തിന്‍റെ റീസെയില്‍ വില, ബാറ്ററിയുടെ ഉയര്‍ന്ന വില എന്നിവയെക്കുറിച്ചും ആശങ്കയുള്ളവരാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ 30 ശതമാനവും വരുന്നത് ബാറ്ററിക്കാണ്. കൂടാതെ ബാറ്ററിയുടെ നിലവാരം പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍ പരിമിതമാണെന്നതും ഉടമകള്‍ പറയുന്നു.
ചാര്‍ജിങ് സ്റ്റേഷനുകളുടെ അപര്യാപ്തതയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് മറ്റൊരു പ്രശ്‌നം. 20,000ത്തിലധികം ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും ഇത് പരിമിതമാണ്. ഇതില്‍തന്നെ പലതും പ്രവര്‍ത്തനക്ഷമമല്ല. ഗ്രാമങ്ങളിലേക്ക് എത്തുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. ഭൂരിഭാഗം വൈദ്യുത കാര്‍ ഉടമകളും പ്രതിദിന യാത്രകള്‍ 50 കിലോമീറ്ററിനുള്ളില്‍ ചുരുക്കാന്‍ ശ്രമിക്കുന്നതായും സര്‍വേയില്‍ പറയുന്നു. ദീര്‍ഘദൂരയാത്രകള്‍ക്ക് ഇ.വി തെരഞ്ഞെടുക്കാന്‍ വാഹന ഉടമകള്‍ തയ്യാറാകാത്തതും പോരായ്മയാണ്.
ഇലക്ട്രിക് വാഹനത്തിന്‍റെ അറ്റകുറ്റപണികളും വാഹനത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാത്തതും തലവേദനയാകുന്നുണ്ട്. പ്രാദേശിക വര്‍ക്ക്‌ഷോപ്പുകളുട അപര്യാപ്തതയും അറ്റകുറ്റപണികള്‍ക്കും മറ്റുമായി വലിയതുക ചെലവാകുന്നതും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. രാജ്യാന്തര വിപണിയിലും സമാന പ്രതിസന്ധിയുണ്ടെന്ന് സർവേ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.