പാവങ്ങളുടെ സ്പോർട്സ് കാർ, ആൾട്രോസ് റേസർ ഉടൻ വരുമെന്ന് ടാറ്റ
text_fieldsലോകത്ത് ധാരാളമായി കാണപ്പെടുന്ന വാഹന വിഭാഗമാണ് ഹോട്ട് ഹാച്ച്. എന്നാൽ ഇന്ത്യയിൽ ഈ വിഭാഗത്തിൽവന്ന വാഹനങ്ങളൊന്നും അങ്ങിനെ ക്ലച്ച് പിടിച്ചിരുന്നില്ല. ഹോട്ട് ഹാച്ചെന്നാൽ കരുത്തുകൂടിയ ഹാച്ച് ബാക്കുകളാണ്. ബലേനോ ആർ.എസ്, ഐ 20 എൻ.ലൈൻ, പോളോ ജി.ടി തുടങ്ങി പല വാഹനങ്ങൾ അവതരിപ്പിക്കപ്പെട്ടെങ്കിലും ജനപ്രിയ മോഡലുകെളൊന്നും ഈ വിഭാഗത്തിൽ ഉണ്ടായിരുന്നില്ല.
നിലവിൽ 1.0L ടർബോ എഞ്ചിൻ ഉള്ള ഹ്യുണ്ടായി i20 എൻ ലൈൻ ആണ് ഹോട്ട് ഹാച്ചുകളുടെ രാജാവായി ഇന്ത്യൻ വിപണിയിൽ വിലസുന്നത്. ഈ വിഭാഗത്തിലേക്ക് പുതിയൊരു വാഹനം അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ആൾട്രോസ് ഹാച്ച്ബാക്കിന്റെ കരുത്തുകൂടിയ വകഭേദമാണ് ഇത്തവണ വിപണിയിൽ എത്തുന്നത്. ടർബോചാർജ്ഡ് 1.2 ലിറ്റർ എഞ്ചിൻ ഉളള വാഹനത്തിന് ആൾട്രോസ് റേസർ എന്നാണ് പേരിട്ടിരിക്കുന്നത്.
ടാറ്റയുടെ ഏറ്റവും ശക്തമായ ആൾട്രോസാണ് റേസർ. ആൾട്രോസിന്റെ ഐ-ടർബോ വേരിയന്റിനേക്കാൾ കരുത്തുകൂടിയ മോഡലാണ് റേസർ. ഐ ടർേബായുടെ കരുത്ത് 110 ബി.എച്ച്.പി ആണെങ്കിൽ റേസറിൽ ഇത് 120 ബി.എച്ച്.പി ആയിട്ടുണ്ട്. എഞ്ചിൻ ടൂണിങ് വ്യത്യാസപ്പെടുത്തിയാണ് കരുത്ത് വർധിപ്പിച്ചത്. ഐ ടർബോയേക്കാൾ ടോർക്കും വർധിച്ചിട്ടുണ്ട്. ഐ ടർബോയിൽ 140 എൻ.എം ആണ് ടോർക്. എന്നാലിത് റേസറിൽ എത്തുമ്പോൾ 170 ആയി വർധിക്കുന്നു.
പ്രധാന എതിരാളിയായ i20 N ലൈനിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത് 118 ബിഎച്ച്പിയും, 172 എൻഎം ടോർക്കുമാണ്. ഇതൊനൊപ്പം പിടിക്കാൻതക്ക ശക്തിയുള്ള വാഹനമാണ് റേസർ. എഞ്ചിൻ അപ്‌ഗ്രേഡിൽ മാത്രമായി മാറ്റങ്ങൾ ഒതുങ്ങുന്നില്ല എന്നതും പ്രത്യേകതയാണ്. ആൾട്രോസിലെ 5-സ്പീഡ് യൂനിറ്റ് മാറ്റി നെക്‌സോണിൽ പ്രവർത്തിക്കുന്ന 6-സ്പീഡ് ഗിയർബോക്സ് യൂനിറ്റിലേക്ക് റേസർ അപ്‌ഗ്രേഡുചെയ്‌തിട്ടുണ്ട്. വാഹനത്തിന് 10 സെക്കൻഡിൽ താഴെ സമയത്തിൽ 100 കി.മീ വേഗം ആർജിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
എഞ്ചിനൊപ്പം സ്റ്റൈലിങ്ങിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. കറുത്ത ബോണറ്റിനൊപ്പം സ്‌പോർട്ടി ഡ്യുവൽ ടോൺ കളർ സ്‌കീമുകളും വലിയ റൂഫ് സ്‌പോയിലറും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. റൂഫിന് കുറുകെ നീളുന്ന വെള്ള വരകളും പ്രത്യേകതയാണ്. ഇന്റീരിയറിന് കറുത്ത തീം ആണ്. ഹെഡ്‌റെസ്റ്റുകൾക്ക് റേസർ ലോഗോ ലഭിക്കും. നീല ആംബിയന്റ് ലൈറ്റിങ് ഇപ്പോൾ ചുവപ്പാണ്. ഇതോടൊപ്പം റെഡ് ആക്സന്റുകളും ഉള്ളിൽ നൽകിയിട്ടുണ്ട്.
ഈ അപ്‌ഡേറ്റുകൾക്കൊപ്പം, ടാറ്റ ആൾട്രോസ് റേസർ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കൊണ്ടുവരുന്നു. വെന്റിലേറ്റഡ് സീറ്റുകളും സൺറൂഫും ഇവയിൽ എടുത്തു പറയേണ്ടതാണ്. വലിയ 10 ഇഞ്ച് സ്‌ക്രീനും പുതിയ യൂസർ ഇന്റർഫേസും ഉള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ട്. ഓട്ടോ എക്സ്പോയിൽ പുറത്തിറക്കിയ മാരുതി സുസുകി ഫ്രോങ്‌ക്‌സിനും റേസർ എതിരാളിയാകാൻ സാധ്യതയുണ്ട്. 6 എയർബാഗുകൾ, 5 സ്റ്റാർ ക്രാഷ് സേഫ്റ്റി എന്നിവയാണ് സുരക്ഷക്കായുള്ളത്. ആൾട്രോസ് റേസറിന്റെ വില പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.