സംസ്ഥാനത്ത് പുതിയ 19 ഓട്ടോമാറ്റിക് വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിങ് സെന്റര്‍ കൂടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 19 സ്ഥലത്തുകൂടി ഓട്ടോമാറ്റിക് വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിങ് സെന്റര്‍ ആരംഭിക്കാന്‍ തീരുമാനമെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ണമായും ഓട്ടോമാറ്റിക് ആക്കണമെന്ന കേന്ദ്രനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രണ്ടാഴ്ചക്കകം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. ടെന്‍ഡറിനായുള്ള ഇന്റേണല്‍ കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞദിവസം ചേര്‍ന്നു. ടെന്‍ഡര്‍ നടപടികള്‍ക്കുള്ള നിബന്ധനകളെല്ലാം പൂര്‍ത്തിയാക്കിയാല്‍ എക്‌സ്റ്റേണല്‍ ടെക്‌നിക്കല്‍ കമ്മിറ്റിക്ക് അനുമതിക്കായി നല്‍കും. ഇപ്പോഴുള്ള സെന്ററുകളിലെ യന്ത്രങ്ങള്‍ നവീകരിക്കുന്നതിനും ചേര്‍ത്താണ് ടെന്‍ഡര്‍ വിളിക്കുക.
ഓരോ ജില്ലയിലും രണ്ട് സെന്ററുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് 19 എണ്ണം അനുവദിച്ചിരിക്കുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് 28 സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമാകും. ഒക്ടോബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ണമായും ഓട്ടോമാറ്റിക് ആക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സാങ്കേതികത്തകരാറുകള്‍ കാരണം അത് സാധിച്ചില്ലെന്നും സാധാരണ സമയം നീട്ടിനല്‍കാറുണ്ടെന്നും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
ടെന്‍ഡര്‍ എടുത്തുകഴിഞ്ഞാല്‍ ഒരു ഫിറ്റ്‌നസ് ടെസ്റ്റിങ് സെന്ററിനായി രണ്ടേക്കര്‍ വീതം ഭൂമി കണ്ടെത്തും. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച വിധത്തിലുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുക. ഇപ്പോഴുള്ള സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കെല്‍ട്രോണും മറ്റുചില കമ്പനികളും ടെന്‍ഡറില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് നിലവിലുള്ള ഒമ്പത് ഓട്ടോമാറ്റിക് വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിങ് സെന്ററുകളില്‍ ഒന്നും പ്രവര്‍ത്തനസജ്ജമല്ല. ഇവയില്‍ ആറെണ്ണം പ്രവര്‍ത്തിച്ചിരുന്നെങ്കിലും നടത്തിപ്പ് ചുമതലയുണ്ടായിരുന്ന കെല്‍ട്രോണിന് പ്രവര്‍ത്തനച്ചെലവിലേക്കും ശമ്പളത്തുകയായും നല്‍കാനുള്ള എട്ടരക്കോടി രൂപ നല്‍കാത്തതിനാല്‍ മാര്‍ച്ച് 31-ന് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. കുടിശ്ശികയായിട്ടുള്ള പണം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് പല തവണ മോട്ടോര്‍വാഹന വകുപ്പിനും സര്‍ക്കാരിനും കത്തയച്ചിട്ടും യാതൊരു നടപടിയും ഉണ്ടാവാത്തതിനാലാണ് പൂട്ടേണ്ടിവന്നതെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.