ആദ്യ സഫാരി 'ഉരുണ്ടിറങ്ങി'; ഇനി ബുക്കിങ്ങിനായി കാത്തിരിപ്പ്
text_fieldsടാറ്റയുടെ പതാകവാഹകൻ എസ്.യു.വി സഫാരിയുടെ നിർമാണമാരംഭിച്ചു. പുനെയിലെ ഫാക്ടറിയിൽനിന്നാണ് ആദ്യ സഫാരി പുറത്തെത്തിയത്. ആദ്യ റോൾഔട്ട് വാഹനത്തിന്‍റെ ചിത്രം ടാറ്റ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഹാർബർ ബ്ലൂ നിറത്തിലുള്ള സഫാരിയാണിത്. പുതിയ എസ്‌യുവിയുടെ ബുക്കിങ് ഉടൻ ആരംഭിക്കുമെന്ന് ടാറ്റ അധികൃതർ അറിയിച്ചു. ടാറ്റ ഹാരിയറിന്‍റെ ഏഴ് സീറ്റുകളുള്ള പതിപ്പാണ് പുതിയ സഫാരി.
ഓട്ടോ എക്‌സ്‌പോ 2020ൽ ഗ്രാവിറ്റാസ് എന്ന പേരിൽ ടാറ്റ പരിചയപ്പെടുത്തിയരുന്ന വാഹനമാണ് ഇപ്പോൾ സഫാരിയെന്ന പേരിൽ വിപണിയിലെത്തുന്നത്. 170 എച്ച്പി ഡീസൽ എഞ്ചിൻ മാനുവൽ, ഓട്ടോ ട്രാൻസ്മിഷനുകളിൽ ലഭ്യമാകും. വാഹനത്തിന്‍റെ ഗ്രിൽ പുതിയതാണ്. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകളും ഡോർ ഹാൻഡിലുകളും ക്രോമിയത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. അലോയ്കൾ ഹാരിയറിന് സമാനമാണ്. പുതിയ സഫാരിക്ക് പനോരമിക് സൺറൂഫും ലഭിക്കുന്നു.
ഡിസൈനും മെക്കാനിക്കൽ പ്രത്യേകതകളും അഞ്ച് സീറ്റുകളുള്ള ഹാരിയറുമായി പങ്കിടുന്ന എസ്.യു.വി കൂടിയാണിത്. വാഹനത്തിന്‍റെ വില ഉടൻ പ്രഖ്യാപിക്കില്ലെന്നാണ് ടാറ്റ പറയുന്നത്. മൂന്ന്നിര സീറ്റുകളുള്ള സഫാരിക്ക് ഹാരിയറിനേക്കാൾ ഉയരമുണ്ട്.ഹാരിയർ പോലെ മാനുവൽ, ഓട്ടോ ഓപ്ഷനുകളുള്ള 170 എച്ച്പി ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്. ഹാരിയറും സഫാരിയും ടാറ്റയുടെ ഒമേഗ പ്ലാറ്റ്ഫോമാണ് പങ്കിടുന്നത്. മൂന്നാം നിര സീറ്റുകളെ ഉൾക്കൊള്ളുന്നതിന് ഹാരിയറിന്‍റെ നീളത്തിൽ നിന്ന് 63 മില്ലീമീറ്ററും ഉയരത്തിൽ 80 മില്ലീമീറ്ററും സഫാരിക്ക് ടാറ്റ വർധിപ്പിച്ചിട്ടുണ്ട്. 4,661 മില്ലീമീറ്റർ നീളവും 1,894 മില്ലീമീറ്റർ വീതിയും 1,786 മില്ലീമീറ്റർ ഉയരവും 2,741 മില്ലീമീറ്ററും വീൽബേസുമാണ് പുതിയ വാഹനത്തിനുള്ളത്.
രൂപത്തിൽ ഏകദേശം ഒരുപോലെയാണ് ഇരുവാഹനങ്ങളും. സഫാരിയും ഹാരിയറും തമ്മിലുള്ള മുൻവശത്തെ സ്റ്റൈലിംഗ് വ്യത്യാസങ്ങൾ സൂക്ഷ്മമാണ്. എന്നാൽ ബി പില്ലർ മുതൽ സഫാരി വ്യത്യസ്തമാണ്. ഇന്‍റീരിയറും മറ്റ് സവിശേഷതകളുടെ ലിസ്റ്റും സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ ഏറ്റവും ഉയർന്ന എസ്‌യുവി എന്ന നിലയിൽ സഫാരിക്ക് ഹാരിയറിനേക്കാൾ വില കൂടുതലുണ്ടാകും. ഹാരിയറിന്‍റെ വില 13.84-20.30 ലക്ഷം രൂപയാണ്. ഏറ്റവും കുറഞ്ഞ മോഡൽ സഫാരിക്ക് 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.