പുതിയ ബലേനോക്ക് എന്തൊരു മാറ്റം; തരംഗമായി ചിത്രങ്ങൾ
text_fields2015 ഒക്ടോബർ 24, മാരുതി സുസുകി ഇന്ത്യയെ സംബന്ധിച്ച് അതി നിർണായകമായൊരു ദിവസമാണ്. അന്നാണ് ബലേനോ എന്ന സൂപ്പർ സ്റ്റാറിനെ കമ്പനി രാജ്യത്ത് അവതരിപ്പിച്ചത്. സുസുക്കിയുടെ സ്വന്തം തട്ടകമായ ജപ്പാനിൽപ്പോലും ബലേനോ അവതരിപ്പിക്കപ്പെട്ടത് പിന്നീടാണ്. ഇന്ത്യയിൽ ബലേനോ വമ്പൻ ഹിറ്റായതും വിൽപ്പന ഗ്രാഫുകൾ ഉയർത്തിയതും പിന്നീടുള്ള ചരിത്രം. 2019ൽ ബലേനോ ചെറിയൊരു മുഖംമിനുക്കലിന് വിധേയമായിരുന്നു. അന്ന് കാര്യമായ മാറ്റമൊന്നും വാഹനത്തിൽ വരുത്തിയിരുന്നില്ല. 2022ൽ പുതിയ കെട്ടിലുംമട്ടിലും ബലേനോയെ നിരത്തിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
മാറ്റങ്ങൾ
പുതുക്കിയ ബലേനോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. 2022 മോഡൽ ബലേനോയ്ക്ക് അകത്തും പുറത്തും നിരവധി മാറ്റങ്ങളുണ്ട്. എന്നാൽ എഞ്ചിനിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തുടരുമെന്നാണ് സൂചന. പുതിയ വാഹനത്തിെൻറ മിക്കവാറും എല്ലാ ബോഡി പാനലുകളും പുനർരൂപകൽപ്പന ചെയ്തു. മുൻവശത്തുനിന്ന് നോക്കുമ്പോൾ, കാർ മുൻഗാമിയേക്കാൾ വീതിയുള്ളതായി തോന്നും. നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ ലോവർ-സ്പെക് മോഡലിലേതാണെന്നാണ് സൂചന. ഉയർന്ന വേരിയന്റുകളിൽ കാണുന്ന ക്രോം ബിറ്റുകൾക്ക് പകരം കൂടുതൽ കറുത്ത പ്ലാസ്റ്റിക്കാണ് ഇതിൽ ദൃശ്യമാകുന്നത്.
കാറിൽ ഫോഗ് ലാമ്പുകളോ പിൻ വിൻഡ്ഷീൽഡിന് വൈപ്പറോ വാഷറോ കാണാനില്ല. ഇതും ഉയർന്ന മോഡലുകളിൽ വരേണ്ട ഫീച്ചറുകളാണ്. ടെയിൽ ലൈറ്റിെൻറ ഡിസൈൻ മാറിയിട്ടുണ്ട്. എൽ-ആകൃതിയിലുള്ള റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകളാണ് പുതിയ വാഹനത്തിന്. വേരിയന്റ് അനുസരിച്ച് എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളും പ്രൊജക്ടർ ഹെഡ്ലാമ്പ് സജ്ജീകരണവും ലഭിക്കും. പുതുതായി രൂപകൽപ്പന ചെയ്‌ത ഗ്രില്ല് ചിരിക്കുന്ന മുഖം വാഹനത്തിന് നൽകും. ഫ്രണ്ട് ബമ്പറിന് കോൺട്രാസ്റ്റ് ബ്ലാക്ക് പ്ലാസ്റ്റിക് ഇൻസേർട്ടുകളുള്ള വിശാലമായ എയർഡാമും ഇരുവശത്തും ഫോഗ് ലാമ്പ് യൂനിറ്റുകൾക്കായി രണ്ട് പ്രത്യേക കമ്പാർട്ടുമെന്റുകളും ഉണ്ട്.
ഇന്റീരിയർ
ഏതാനും ആഴ്‌ചകൾക്കുമുമ്പ് പുറത്തുവന്ന ഇൻറീരിയർ ചിത്രങ്ങൾ അനുസരിച്ച് കാര്യമായ മാറ്റങ്ങൾ ഉള്ളിൽ കാണാനാകും. പൂർണമായും പുനർരൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡ് വാഹനത്തിന് നൽകിയിട്ടുണ്ട്. എസി വെന്റുകൾ ഇപ്പോൾ തിരശ്ചീനമായി വി ആകൃതിയിലാണുള്ളത്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ മധ്യത്തിലും സ്ഥാപിച്ചിരിക്കുന്നു.
നിലവിലെ 7.0-ഇഞ്ച് സ്മാർട്ട് പ്ലേ സിസ്റ്റത്തേക്കാൾ വലുതാണ് പുതിയ സംവിധാനം. ഇത് 8.0-ഇഞ്ചോ അതിൽ കൂടുതലോ വലിപ്പമുള്ളതാകുമെന്നാണ് സൂചന. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അപ്‌ഗ്രേഡുചെയ്യുമെന്നും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഫീച്ചർ ചെയ്യുമെന്നും വിവരമുണ്ട്. സ്വിഫ്റ്റിലേതിന് സമാനമായിരിക്കും സ്റ്റിയറിംഗ് വീൽ. എ.സി നിയന്ത്രണ സ്വിച്ചുകളും പുതിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അവ ഇഗ്നിസിലേതിന് സമാനമായി കാണപ്പെടും. ഇൻസ്ട്രുമെന്റ് ക്ലസ്റ്റൻ പൂർണമായും ഡിജിറ്റലാവാനും സാധ്യതയുണ്ട്
പുതിയ ബലേനോയിൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിൽ രണ്ട് 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. ഒന്ന് 83 എച്ച്‌പി ഉത്പാദിപ്പിക്കുന്നതും മറ്റൊന്ന് 12 വി മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 90 എച്ച്‌പി ഉത്പാദിപ്പിക്കുന്നതുമാണ്. ഇവ അതേപടി നിലനിർത്തുമെന്നാണ് സൂചന. കാറിന്റെ ഫുൾ-ഹൈബ്രിഡ് പതിപ്പിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ടാറ്റ, ഹ്യുണ്ടായ് എന്നിവയിൽ നിന്നുള്ള പുതിയ ഉൽപ്പന്നങ്ങൾ വന്നതോടെയാണ് ബലേനോ പരിഷ്കരിക്കാൻ മാരുതി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.