ഹെക്ടർ മുഖംമിനുക്കുന്നു; ലെവൽ 2 എഡാസ് പ്രത്യേകത
text_fieldsഎം.ജി മോട്ടോർസ് പരിഷ്കരിച്ച ഹെക്ടർ എസ്.യു.വി പുറത്തിറക്കുന്നു. വാഹനം വരും ആഴ്ചകളിൽ വിൽപ്പനയ്‌ക്ക് എത്തുമെന്നാണ് സൂചന. വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പുതിയ ഡയമണ്ട് മെഷ് ഗ്രില്ലിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വലിയ ഗ്രില്ലിനോട് ചേർന്ന് ഡേടൈം റണ്ണിങ് ലാംപുമുണ്ട്.
14 ഇഞ്ച് പോർട്രേറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും വാഹനത്തിലെ പ്രധാന മാറ്റം. ഇത് ടെസ്‌ല മോഡൽ-എസിൽ വാഗ്ദാനം ചെയ്യുന്ന യൂനിറ്റിന് സമാനമാണ്. കൂടാതെ റീഡിസൈൻ ചെയ്ത ഡാഷ് ബോർഡും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇന്റീരിയറിലെ മാറ്റങ്ങളുമുണ്ടാകും. എം.ജി ഗ്ലോസ്റ്ററിലൂടെ അരങ്ങേറിയ എഡാസ് (അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം) എസ്‍യുവിയുടെ പ്രധാന മാറ്റം. ഹെക്ടറിന്റെ ഉയർന്ന വകഭേദത്തിലായിരിക്കും എഡാസ് ഫീച്ചറുകള്‍ എത്തുക.
ലംബമായി സ്ഥാപിച്ചിട്ടുള്ള എ.സി വെന്റുകൾ ഉപയോഗിച്ച് ഡാഷ്‌ബോർഡ് പൂർണമായും പരിഷ്കരിക്കും. വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ കീ, പേഴ്സണൽ എഐ അസിസ്റ്റന്റ് എന്നിവയും ലഭിക്കും. എമർജൻസി ബ്രേക്കിങ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷനുള്ള പാർക്കിങ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, റേഡർ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവയും എഡാസിൽ ഉണ്ടാകും.
എഞ്ചിനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. 170 പിഎസ് കരുത്തുള്ള 2 ലീറ്റർ ഡീസൽ എൻജിനും 143 പിഎസ് കരുത്തുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനും 143 പിഎസ് തന്നെ കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനും തന്നെയായിരിക്കും വാഹനത്തിന് കരുത്ത് പകരുക.
2022 ജൂലൈയിൽ 4,013 യൂനിറ്റുകൾ ആണ് എം.ജി വിറ്റത്. മുൻ വർഷം ഇതേ മാസത്തെ 4,225 യൂനിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 5.02 ശതമാനം ഇടിവാണ് സംഭവിച്ചത്. ഹെക്ടർ, ഹെക്ടർ പ്ലസ്, ആസ്റ്റർ, ഗ്ലോസ്റ്റർ, ഇസെഡ്എസ് ഇവി എന്നിങ്ങനെ അഞ്ച് മോഡലുകളാണ് എം.ജിക്ക് ഇന്ത്യയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.