1.70 ലക്ഷം രൂപക്ക് 300 സി.സി ബൈക്ക്! ഹോണ്ട ഈസ് ഹോണ്ട
text_fieldsഞെട്ടിക്കുന്ന വിലക്കുറവിൽ സി.ബി 300 എഫ് 2023 മോഡൽ അവതരിപ്പിച്ച് ഹോണ്ട മോട്ടർസൈക്കിൾസ് ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ. 1.70 ലക്ഷം രൂപ (എക്സ് ഷോറും) മാത്രമാണ് ഈ 300 സി.സി ബൈക്കിന്‍റെ വില. മുമ്പ് വിപണിയിലുണ്ടായിരുന്ന മോഡലിനേക്കാൾ ഏകദേശം 56000 രൂപയോളമാണ് വില കുറഞ്ഞിരിക്കുന്നത്. ഡീലക്സ് വകഭേദത്തിന് 2.26 ലക്ഷം രൂപയും ഡീലക്സ് പ്രോ വകഭേദത്തിന് 2.29 ലക്ഷം രൂപയുമായിരുന്നു മുമ്പ് വില. 300 സി.സി വിഭാഗത്തിൽ വില കൊണ്ട് സി.ബി 300 എഫ് വിപ്ലവം തീർക്കുമെന്ന് തീർച്ച.
ബി.എസ്6 ഫേസ് 2, 293 സി.സി സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 24 എച്ച്.പി പരമാവധി കരുത്തും 25.6 എൻ.എം ടോർക്കുമാണ് ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോടു കൂടിയ 6 സ്പീഡ് ഗിയർ ബോക്സാണുള്ളത്.
പുതിയ എൽ.ഇ.ഡി ലാമ്പുകളാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. സ്പ്ലിറ്റ് സീറ്റുകളാണ് നൽകിയിട്ടുള്ളത്.പുതിയ ഗ്രാബ് റെയിലും കാണാം. ലൈറ്റും ഡിസ് പ്ലെയും അഞ്ച് തലത്തിൽ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്ന പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലിൽ സ്‌പീഡോമീറ്റർ, ഓഡോമീറ്റർ, ടാക്കോമീറ്റർ, ഫ്യൂവൽ ഗേജ്, രണ്ട് ട്രിപ്പ് മീറ്ററുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സമയം തുടങ്ങിയ വിവരങ്ങൾ ലഭ്യമാവും. ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റവും (HSVCS) ഉണ്ട്.
ഗോൾഡൻ നിറത്തോടുകൂടിയ അപ്സൈഡ് ഡൗൺ ഫോർക്കു (യു.എസ്.ഡി) കൾ മുന്നിലും 5 സ്റ്റെപ് അഡ്ജസ്റ്റബിൾ മോണോ ഷോക്കുകൾ പിന്നിലുമുണ്ട്. ഡ്യുവൽ ചാനൽ എ.ബി.എസോടുകൂടിയ 276 എം.എം മുൻ ഡിസ്ക് ബ്രേക്കും 220 എം.എം പിൻ ഡിസ്ക് ബ്രേക്കും ആണ് സുരക്ഷ കൈകാര്യം ചെയ്യുന്നത്. ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോളും (HSTC) വാഹനത്തിനുണ്ട്. സ്പോർട്സ് റെഡ്, മാറ്റ് മാർവെൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് വാഹനം വിപണിയിലെത്തുക. ബിഗ് വിങ് ഡീലർഷിപ്പുകളിൽ വാഹനം ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.