വെർനക്ക് പിന്നാലെ സൊനാറ്റയും മുഖം മിനുക്കുന്നു; എട്ടാം തലമുറ വാഹനം പ്രദർശിപ്പിച്ച് ഹ്യൂണ്ടായ്
text_fieldsകഴിഞ്ഞ ദിവസങ്ങളിലാണ് ഹ്യൂണ്ടായ് മോട്ടോഴ്സ് മിഡ് സൈസ് സെഡാനായ വെർനയുടെ പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയാണ് വാഹനത്തിന് ഉപഭോക്താക്കൾക്കിടയിൽ ലഭിച്ചത്. ഇതിന് പിന്നാലെ പ്രീമിയം സെഡാനായ സൊനാറ്റയുടെ പുതുതലമുറ വാഹനവും കമ്പനി പുറത്തിറക്കാനൊരുങ്ങുകയാണ്. പുത്തൻ സൊനാറ്റയുടെ ചിത്രങ്ങൾ ഹ്യൂണ്ടായ് പുറത്തുവിട്ടു.
2001-ലാണ് ഹ്യുണ്ടായ് ആദ്യ തലമുറ സൊനാറ്റ പുറത്തിറക്കുന്നത്. ഇന്ത്യയിൽ ക്ലച്ചുപിടിച്ചില്ലെങ്കിലും അന്താരാഷ്ട്ര വിപണികളിൽ കാർ തൻ്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു. പുതിയ സൊനാറ്റയും ഇന്ത്യയിൽ ഉടൻ എത്തില്ലെന്നാണ് സൂചന. അന്താരാഷ്ട്ര മാർക്കറ്റിലാകും വാഹനം വിൽപ്പനക്ക് കൊണ്ടുവരിക.
മാർച്ച് 30ന് ദക്ഷിണ കൊറിയയിൽ നടക്കുന്ന സിയോൾ ഓട്ടോ ഷോയിൽ പുത്തൻ സൊനാറ്റ അരങ്ങേറ്റം കുറിക്കും. വെർനയുടെ അതേ രൂപവും ഭാവവും ആണ് പുതിയ സൊനാറ്റക്കും. ക്യാബിനിനകത്തും പുറത്തും ഡിസൈനിൽ നിരവധി മാറ്റങ്ങളോടെ പുതിയ പ്രീമിയം സെഡാൻ നിരത്തിലെത്തുന്നത്. സൊനാറ്റയെ സ്റ്റാൻഡേർഡ് പതിപ്പിലും ഹൈബ്രിഡ് വേരിയന്റുകളിലും ആഗോള വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
ബോണറ്റിന് കുറുകെ നീളുന്ന എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ, പാരാമെട്രിക് ജൂവൽ തീം ഗ്രില്ല് തുടങ്ങിയ പ്രത്യേകതകളാണ് വാഹനത്തിന് മുന്നിൽ കാണുന്നത്. മുൻവശം വെർനയെ ഓർമിപ്പിക്കുമെങ്കിലും വശക്കാഴ്ച്ചയിലേക്ക് നീങ്ങുമ്പോൾ കാര്യങ്ങളാകെ മാറും. വലിയ രൂപം സൊണാറ്റയെ വെറെ തലത്തിലെത്തിക്കുന്നുണ്ട്. കർവി ലൈനുകളും പുതിയ അലോയ് വീൽ ഡിസൈനും പ്രീമിയം ഫീൽ നൽകുന്നുണ്ട്. പിൻഭാഗത്ത് ബൂട്ട് ലിഡിന്റെ കുറകെ എൽഇഡി ടെയിൽലൈറ്റ് സ്ട്രിപ്പ് നൽകിയിരിക്കുന്നു. അയോണിക് 5 ഇവിയിൽ നിന്നുള്ള പിക്‌സലേറ്റഡ് ഡിസൈൻ ഭാഷയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബ്രേക്ക് ലൈറ്റുകൾ നിർമിച്ചിരിക്കുന്നത്.
ഡാഷ്‌ബോർഡിൽ 12.3 ഇഞ്ച് ഡ്യുവൽ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരുക്കിയിരിക്കുന്നു. പുതിയ വെർനയ്‌ക്കുള്ളിൽ കാണുന്ന കർവി സ്‌ക്രീൻ ഡ്രൈവർക്ക് മെച്ചപ്പെട്ട വ്യൂവിങ് ആംഗിൾ നൽകാൻ സഹായിച്ചിട്ടുണ്ട്. വിപുലീകരിച്ച എയർ വെന്റുകൾ, പുതിയ സെൻട്രൽ ക്ലൈമറ്റ് കൺട്രോൾ പാനൽ, ത്രീ-സ്‌പോക്ക് സ്റ്റിയറിങ് വീൽ എന്നിവയും സെഡാന് ലഭിക്കും.
പുതിയ സൊനാറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഷിഫ്റ്റ്-ബൈ-വയർ സംവിധാനത്തോടെയാണ് വിപണിയിലെത്തുന്നത്. ഇത് പരമ്പരാഗത ഗിയർ നോബിനെ ഒഴിവാക്കാൻ സഹായിക്കുന്നു. ഗിയർ സെലക്ടർ ഇപ്പോൾ 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലിന് പിന്നിലായി ഇടംപിടിച്ചിരിക്കുന്നു. 152 bhp പവറിൽ 188 Nm ടോർക് സൃഷ്ടിക്കുന്ന 2.0 ലിറ്റർ സ്മാർട്ട്സ്ട്രീം GDi HEV എഞ്ചിനിലാണ് സൊനാറ്റ ഹൈബ്രിഡ് വരുന്നത്.
ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് സെഡാന് മൊത്തത്തിൽ 195 പവറിൽ 205 Nm ടോർക്കും ഉത്പാദിപ്പിക്കാവും. അതേസമയം കാറിൽ 20 കിലോമീറ്റർ മൈലേജാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. പുതിയ 2.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിന് നൽകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.