ചലിക്കുന്ന കൊട്ടാരം വീണ്ടും മോടികൂട്ടിയെത്തുന്നു; പരിഷ്‍കരിച്ച വെൽഫെയറുമായി ടൊയോട്ട
text_fieldsടൊയോട്ട തങ്ങളുടെ പ്രീമിയം എം.പി.വി മോഡലുകളായി വെൽഫയർ, ആൽഫാർഡ് എന്നിവയുടെ പുതിയ തലമുറ പുറത്തിറക്കി. ജപ്പാനിലാണ് വാഹനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ജാപ്പനീസ് നിർമ്മാതാക്കൾ തങ്ങളുടെ ഹോം മാർക്കറ്റിൽ അവയുടെ വിലയും പ്രഖ്യാപിച്ചു. വെൽഫയറിന് 6.55 മില്യൺ യെൻ മുതൽ 8.92 മില്യൺ യെൻ (37.88 ലക്ഷം രൂപ മുതൽ 51.58 ലക്ഷം) വരെയാണ് വിലവരുന്നത്.
ടി.എൻ.ജി.എ-കെ പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. 2023 ടൊയോട്ട വെൽഫയറിന് 4,995 എം.എം നീളവും 1,850 എം.എം വീതിയും 3,000 എം.എം വീൽബേസുമാണ് വരുന്നത്. മുൻതലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, വീതിയും വീൽബേസും മാറ്റമില്ലാതെ നിലനിർത്തുമ്പോൾ വാഹനത്തിന് നീളം കൂടുതലുണ്ട്.
വാഹനത്തിന്റെ ഡിസൈനിലും ഒട്ടനവധി അപ്പ്ഡേറ്റുകൾ വരുത്തിയിട്ടുണ്ട്. പുതിയ വെൽഫയറിന് അപ്പ്ഡേറ്റഡ് ഗ്രില്ല് ലഭിക്കും. ഒന്നിന് താഴെ ഒന്നായി സെറ്റ് ചെയ്തിരിക്കുന്ന ആറ് ഹൊറിസോണ്ടൽ ക്രോം സ്ലാറ്റുകളാണ് ഗ്രില്ലിലെ പ്രത്യേകത. ബോക്‌സി പ്രൊഫൈൽ മാറ്റമില്ലാതെ തുടരുന്നുണ്ട്. പുതിയ ബമ്പറിന് ഡബ്ല്യു ആകൃതിയിലുള്ള സിൽവർ എലമെന്റും ലഭിക്കും. ഫോഗ് ലാമ്പ് ഹൗസിംഗിന്റെ അരികിൽ വരെ നീളുന്ന ഇവ വാഹനത്തിന് സ്‌പോർട്ടി ലുക്ക് നൽകുന്നുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുതിയ എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളും സ്ഥാനം പിടിക്കുന്നു കൂടാതെ ബോണറ്റും കൂടുതൽ മസ്കുലാർ ആണ്.
പഴയ മോഡലിനേക്കാൾ കൂടുതൽ ഫിസിക്കൽ ബട്ടണുകളാണ് ഇന്റീരിയറിൽ വരുന്നത്. സ്റ്റിയറിങ് വീൽ, ഡിജിറ്റൽ കൺസോൾ, ഇന്റഗ്രേറ്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതിയ ക്ലൈമറ്റ് കൺട്രോളുകൾ, ഗിയർ ലിവർ തുടങ്ങിയവയും ലഭ്യമാണ്. ഇരു എംപിവികളിലും യൂനിവേഴ്സൽ സ്റ്റെപ്പുകളുടെ സാന്നിധ്യമാണ് മറ്റൊരു പ്രധാന ആകർഷണം. എളുപ്പത്തിൽ അകത്ത് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി സ്ലൈഡിങ് ഡോറുകൾ തുറക്കുമ്പോൾ ഈ സ്റ്റെപ്പും താഴ്ന്ന് വരും.
രണ്ടാമത്തെയും മൂന്നാമത്തെയും വരിയിൽ ക്യാപ്റ്റൻ ചെയറുകൾക്കായി 2+2+2 സീറ്റിംഗ് സജ്ജീകരണമാണ് വെൽഫെയറിലുള്ളത്. പവർട്രെയിനുകളിൽ ഹൈബ്രിഡ് ഓപ്ഷനുകൾ ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ വെൽഫയർ അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.