ക്ലാസിക് 350 പുത്തൻ ലുക്കിൽ വരുന്നു; വിപണി പിടിക്കാൻ റോയല്‍ എന്‍ഫീല്‍ഡ്
text_fieldsഇരുചക്രവാഹന വിപണിയിലെ ജനപ്രിയ മോഡലായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പുത്തൻ രൂപത്തിൽ എത്തുന്നു. വിദേശ കമ്പനികളുടെ കടന്നുവരവോടെ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മികച്ച മത്സരമാണു നടക്കുന്നത്. ബെന്‍ലി, ഹാര്‍ലി ഡേവിഡ്സണ്‍, ട്രയംഫ്, ബി.എം.ഡബ്ല്യു തുടങ്ങിയ വിദേശ കമ്പനികള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണു പരിഷ്കരിച്ച മോഡലുമായി റോയല്‍ എന്‍ഫീല്‍ഡും എത്തുന്നത്. തങ്ങളുടെ ഐക്കോണിക് ബ്രാന്‍ഡായ ക്ലാസിക് 350യില്‍ കൂടുതല്‍ മാറ്റത്തോടെ 350 ആഗസ്റ്റ് 12ന് അവതരിപ്പിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരും വിൽപനയുമുള്ള മോഡലാണ് എൻഫീൽഡിന്റെ ക്ലാസിക് 350. വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാറ്റുന്ന തരത്തിലുള്ള ഫീച്ചറുകളും കോസ്മെറ്റിക് പരിഷ്‌കാരങ്ങളുമാണ് വരുത്തുക. നിലവിലെ മോഡലിന്റെ അതേ ഡിസൈന്‍ നിലനിര്‍ത്തുമെങ്കിലും മറ്റു പല മാറ്റങ്ങളും വരുത്തുമെന്നാണ് പ്രതീക്ഷ. ഫ്യുവല്‍ ഗേജ്, ട്രിപ്പ് മീറ്ററുകള്‍, ട്രിപ്പ് എഫ്, ഇക്കോ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍ എന്നിവക്കായുള്ള ഡിജിറ്റല്‍ റീഡൗട്ടിനൊപ്പം ലളിതമായ അനലോഗ് സ്പീഡോമീറ്ററുമായാണ് ക്ലാസിക് 350 വരുന്നത്.
പൈലറ്റ് ലാമ്പുകളും ടെയില്‍ ലാമ്പും എല്‍.ഇ.ഡി യൂണിറ്റുകളിലേക്ക് നവീകരിക്കാൻ സാധ്യതയുണ്ട്. കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍ നല്‍കിയേക്കും. ഒന്നിലധികം വേരിയന്റുകളില്‍ ഇറങ്ങുന്ന വാഹനത്തിന്റെ ഹാര്‍ഡ്‌വെയറുകളിലും പ്രകടമായ മാറ്റങ്ങളുണ്ടാകും. നിറം, എ.ബി.എസ് സജ്ജീകരണം, ബ്രേക്കിങ് എന്നിവയുടെ കാര്യത്തില്‍ ഈ മാറ്റം ദൃശ്യമാകും. ആറ് വ്യത്യസ്ത ട്രിമ്മുകളിലാണ് നിലവിലുള്ള മോഡല്‍ ഇറങ്ങുന്നത്. ഫാക്ടറി ഫിറ്റഡ് അലോയ് വീലുകളുമായി കൂടുതല്‍ വേരിയന്റുകള്‍ കമ്പനി പുറത്തിറക്കിയേക്കും.
മൊബൈല്‍ ഫോൺ ചാര്‍ജ് ചെയ്യാനുള്ള യു.എസ്.ബി പോര്‍ട്ട്, ഹസാര്‍ഡ് സ്വിച്ച്, ഉയര്‍ന്ന വേരിയന്റുകളില്‍ ട്രിപ്പര്‍ നാവിഗേഷന്‍ പോഡ്, എൽ.ഇ.ഡി ലൈറ്റിങ് എന്നിവ ഉണ്ടാകും. അടിസ്ഥാനപരമായി മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഡ്യുവല്‍ റിയര്‍ ഷോക്കുകള്‍, ഓപ്ഷണല്‍ റിയര്‍ ഡ്രം ഉള്ള ഫ്രണ്ട് ഡിസ്‌ക്, സ്‌പോക്ക് വീലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിസ്‌ക് എന്നീ ഹാര്‍ഡ്വെയറുകളും നവീകരിച്ച മോഡലില്‍ ഉണ്ടാകും.
ജെ സിരീസ് 349 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ആയിരിക്കും ക്ലാസിക് 350ക്ക് തുടിപ്പേകുക. 20 ബി.എച്ച്.പി പവറും 27 എന്‍.എം പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള വാഹനത്തിന്റെ എന്‍ജിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി കൂട്ടിയിണക്കിയിരിക്കുന്നു. 13 ലിറ്ററായിരിക്കും ടാങ്ക് കപ്പാസിറ്റി. വാഹനത്തിന്റെ ഭാരം 195 കിലോഗ്രാം ആണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ക്ക് നിലവില്‍ 1.93 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുന്നതോടെ കമ്പനി മോഡലിന്റെ വില ഉയര്‍ത്തുമോ അതോ വര്‍ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് വില വര്‍ധിപ്പിക്കാതെയിരിക്കുമോ എന്നാണ് ഇരുചക്ര വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.