14 മാസത്തിനിടെ വിറ്റഴിച്ചത് 4000 യൂനിറ്റ്; ഹൈവോൾട്ടേജിൽ കുതിച്ച് നെക്സോൺ ഇ.വി
text_fieldsരാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളിലെ മുൻനിരക്കാരനായ ടാറ്റ നെക്സോൺ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. പുറത്തിറങ്ങി 14 മാസത്തിനിടെ ടാറ്റ വിറ്റഴിച്ചത് 4000 യൂനിറ്റുകളാണ്. 2020 ജനുവരി 28നാണ് നെക്സോൺ ഇ.വി വിപണിയിലെത്തുന്നത്. ആറ് മാസം കൊണ്ട് തന്നെ 1000 വാഹനങ്ങൾ വിൽക്കാനായി. ഡിസംബർ രണ്ട് ആയപ്പോഴേക്കും 2000 യൂനിറ്റുകൾ വിറ്റു.
ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 711 വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള ഇ.വിയും നെക്സോൺ തന്നെയാണ്. ഇലക്ട്രോണിക് വാഹനങ്ങളുടെ ശ്രേണിയിൽ ഇന്ത്യയിലെ മാർക്കറ്റ് ഷെയറിന്‍റെ 64 ശതമാനാവും ടാറ്റയുടെ കൈവശമാണ്. കൂടാതെ മാർച്ച് 23ന് ടാറ്റ നെക്സോൺ ഇ.വിയെ 2021 ഓട്ടോകാർ അവാർഡിൽ 'ഗ്രീൻ കാർ ഓഫ് ദ ഇയർ' ആയി തെരഞ്ഞെടുക്കുകയും ചെയ്തു.
എസ്.യു.വിക്ക് സമാനമായ രൂപകൽപ്പനക്കൊപ്പം വാഹനത്തിന്‍റെ വിലയും അടിസ്ഥാന സൗകര്യങ്ങളും ടാറ്റ നെക്സോണിനെ ജനപ്രിയമാക്കുന്നു. ഇന്ത്യയിൽ നിലവിലുള്ള മറ്റു ഇലക്ട്രിക് കാറുകളേക്കാൻ ഏഴ് ലക്ഷം രൂപ കുറവാണിതിന്. ഈയിടെ ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തതോടെ ഡ്രൈവിങ് അനുഭവം കൂടുതൽ സുഗമമാക്കാൻ സാധിച്ചു.
13.99 മുതൽ 16.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ വില. ഒറ്റചാർജിൽ 312 കിലോമീറ്ററാണ് എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച്. അതേസമയം, 200 കിലോമീറ്ററാണ് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്ന ശരാശരി റേഞ്ച്.
ഇലക്ട്രിക് വാഹനങ്ങൾ ജനപ്രിയമാകുന്നതിനാൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാനും ടാറ്റക്ക് പദ്ധതിയുണ്ട്. ടാറ്റ പവർ രാജ്യത്തെ പ്രമുഖമായ 65 നഗരങ്ങളിലും പ്രധാന ഇന്‍റർസിറ്റി റൂട്ടുകളിലും 400ലധികം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. 2021 ഡിസംബറോടെ ഇത് 700 വരെയാക്കി മാറ്റും.
കൂടാതെ ടാറ്റ പവറുമായി സഹകരിച്ച് ടാറ്റ മോട്ടോഴ്സ് ഓരോ നെക്സൺ ഇ.വി ഉപഭോക്താവിന്‍റെ വീട്ടിൽ ഹോം ചാർജർ സ്ഥാപിക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. നെക്സോണിനൊപ്പം തിഗോർ സെഡാനും വൈദ്യുത വിഭാഗത്തിൽ ടാറ്റ പുറത്തിറക്കുന്നുണ്ട്. എന്നാൽ, ഇവക്ക് അത്ര മികച്ച പരിഗണന വിപണിയിൽ ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.