തുടക്കക്കാരായ ഇരുചക്രവാഹന റൈഡർമാർ അറിഞ്ഞിരിക്കേണ്ട ചില നല്ല ശീലങ്ങൾ
text_fieldsഒരു ഇരുചക്രവാഹനം സ്വന്തമാക്കുക, സുഹൃത്തുക്കളുമൊത്ത് കാണാക്കാഴ്ചകൾ തേടി സഞ്ചരിക്കുക... ഏതൊരാളുടെയും സ്വപ്നമാണിത്. ആസ്വദനത്തോടൊപ്പം തന്നെ ഉത്തരവാദിത്തവും ഡ്രൈവിങ്ങിൽ പ്രധാനമാണ്. തുടക്കത്തിന്‍റെ ആവേശത്തിൽ ഇറങ്ങിത്തിരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കും ചുറ്റുമുള്ലവർക്കും സുരക്ഷിതരാവാം. ഓരോ പുതിയ റൈഡർമാർക്കുമുള്ള ചില നുറുങ്ങുകൾ ചുവടെയുണ്ട്. ഉപദേശമല്ല, ഓർമ്മപ്പെടുത്തലാണ്...
നിയമങ്ങൾ പാലിക്കുക, ശരിയായി സൂചിപ്പിക്കുക
ഓരോ പുതിയ റൈഡറും മനസ്സിൽ സൂക്ഷിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് ട്രാഫിക് നിയമങ്ങൾ പാലിക്കുക എന്നത്. മറ്റ് ചില വാഹനങ്ങൾ സിഗ്നലുകൾ തെറ്റിച്ച് പോവുന്നത് കണ്ടേക്കാം. എന്നാൽ, നമ്മൾ നിയമങ്ങൾ കർശനമായും പാലിച്ചിരിക്കണം.
മറ്റുള്ളവരെ ബോധവാന്മാരാക്കുകയും വേണം. അതോടൊപ്പം തന്നെ പ്രധാനമാണ് നമ്മൾ എന്താണോ ചെയ്യാൻ പോകുന്നത് എന്നതിനെ കുറിച്ച് മറ്റ് വാഹനങ്ങൾക്ക് സൂചന നൽകുന്നതും. ഇൻഡിക്കേറ്ററുകൾ ശരിയായും കൃത്യസമയത്തും ഉപയോഗിക്കണം. പ്രത്യേകിച്ച് പാതകൾ മാറുമ്പോൾ.
മതിയായ അകലം പാലിക്കൽ
മിക്ക പുതിയ റൈഡർമാരും ചെയ്യുന്ന ഒരു തെറ്റാണ് അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങ്. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോൾ ആ വാഹനത്തിന്‍റെ വലിപ്പം അളക്കുന്നതിൽ പരാജയപ്പെടുന്നത് അപകടത്തിന് കാരണമാവുന്നു. ബൈക്കിന്റെ പിൻ ഭാഗം മറികടക്കുന്ന വാഹനത്തിൽ ഇടിക്കുകയും ഇത് വലിയ ദുരന്തമാവുകയും ചെയ്യും.
മതിയായ അകലം പാലിക്കാതെയുള്ള ഓവർടേക്കിങ്ങ് ഇരു വാഹനങ്ങളെ സംബന്ധിച്ചും അപകടകരമാണ്. പിന്നിൽ പോവുമ്പോഴും മറികടക്കുമ്പോഴും മതിയായ അകലം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മുന്നിലുള്ള വാഹനം പെട്ടെന്ന് നിർത്തുകയാണെങ്കിൽ പിന്നിലുള്ള ഇടി ഒഴിവാക്കാൻ സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ശരിയായി ദൃശ്യമായിരിക്കുക
ഇപ്പോഴുള്ള മിക്ക ഇരുചക്രവാഹനങ്ങളിലും ഡി.ആർ.എല്ലുകൾ (ഡേ ടൈം റണ്ണിങ്ങ് ലാബ്) കടന്നുവരുന്നുണ്ട്. പകൽ സമയത്തുപോലും വാഹനങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു. യു.എസ്.എയിലെ നാഷനൽ ഹൈവേ ട്രാഫിക് ആൻഡ് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ നടത്തിയ ഗവേഷണത്തിൽ, മോട്ടോർ സൈക്കിളുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ 75 ശതമാനവും എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മോട്ടോർ സൈക്കിളുകൾ കാണാത്തതുകൊണ്ടാണെന്ന് കണ്ടെത്തി.
അതിനാൽ, നിങ്ങളുടെ ഹെഡ് ലൈറ്റുകൾ ശരിയായി ഉപയോഗിക്കുക. പ്രത്യേകിച്ച് വാഹനങ്ങളെ മറികടക്കുമ്പോൾ ഉപയോഗിക്കേണ്ട പാസ് ബൈ സ്വിച്ച്. അതേപോലെ നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചും ശരിയായ ബോധമുണ്ടാവണം. ബൈക്കുകളിലെ സൈഡ് വ്യൂ മിററുകൾ ഇതിൽ വളരെ പ്രധാനമാണ്. പുറകിൽ നിന്ന് വരുന്ന വാഹനങ്ങളെക്കുറിച്ച് അറിയാൻ ഇവ അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളിൽ അവ ശരിയായ രീതിയിൽ സെറ്റ് ചെയ്യുകയും വൃത്തിയാക്കുകയും ചെയ്യണം.
റൈഡിങ്ങ് കിറ്റുകൾ ഉപയോഗിക്കുക
സംരക്ഷണ പാഡുകളുള്ള ജാക്കറ്റ്, ഡി.ഒ.ടി സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റ്, കാൽമുട്ട് സംരക്ഷണ പാഡ്, കണങ്കാൽ സംരക്ഷണ ബൂട്ട് എന്നിവ പോലുള്ള അടിസ്ഥാന സംവിധാനങ്ങൾ കരുതുക.
റിഫ്ലക്ടീവ് ടേപ്പുള്ള നിരവധി ബൈക്ക് ജാക്കറ്റുകളും വിപണിയിൽ ലഭ്യമാണ്.
മുൻകൂട്ടി തയ്യാറെടുക്കുക
ദീർഘദൂര യാത്രകൾക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് വ്യക്തമായ ആസൂത്രണം ആവശ്യമാണ്. സഞ്ചരിക്കുന്ന ദൂരം, പോകുന്ന റൂട്ട്, കാലാവസ്ഥ, അടിസ്ഥാന റിപ്പെയർ ഉപകരണങ്ങൾ എന്നിവ ആസൂത്രണത്തിൽ പ്രധാനമാണ്. അംഗീകൃത സർവ്വീസ് സെന്‍ററുകളിൽ നിന്നോ പുറത്തുനിന്നോ വാഹനത്തിന്‍റെ പരിശോധനയും നടത്തണം.
ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും വാഹനമോടിക്കാൻ ശ്രദ്ധിക്കൂ, മോട്ടോർസൈക്കിളിലൂടെ ഒരു ലോകം മുഴുവൻ കീഴടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.