ജിംനി ഇന്ത്യയിൽ എത്തുമ്പോൾ ജിപ്സി ആയേക്കും; അഞ്ച് ഡോർ മോഡൽ ഓട്ടോ എക്‌സ്‌പോയിൽ അവതരിക്കും
text_fieldsവാഹന കമ്പക്കാർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വാഹന മോഡലുകളിൽ ഒന്നാണ് മാരുതി ജിംനി. ആഗോള മാർക്കറ്റിൽ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞ വാഹനം ഇന്ത്യയിൽ നിന്നാണ് സുസുകി കയറ്റുമതി ചെയ്യുന്നത്. എന്നാൽ വാഹനം ഇന്ത്യയിൽ ഇനിയും അവതരിപ്പിച്ചിട്ടില്ല.
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് മാരുതി ജിംനി ഉടൻ ഇന്ത്യയിൽ എത്തും. മാരുതി സുസുകി ജിംനിയുടെ നീണ്ട വീൽബേസ് പതിപ്പ് ഇന്ത്യയിൽ വളരെക്കാലമായി പരീക്ഷണത്തിലാണ്. എന്നാൽ വാഹനത്തിന്റെ ഇന്ത്യയിലെ പേര് ജിപ്സി എന്നാകാനാണ് സാധ്യത. മാരുതിയുടെ പഴയ ഓഫ്റോഡറായ ജിപ്സിയുടെ ഓർമക്കായാണ് പേരുമാറ്റം. അഞ്ച് ഡോർ പതിപ്പായി എത്തുന്ന വാഹനം 2023 ജനുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കുമെന്നാണ് വിവരം.ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ഓഗസ്റ്റിൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ വൻതോതിൽ വിപണി മൂല്യമുള്ള ജിപ്‌സി ഹാർഡ്‌കോർ ഓഫ്-റോഡ് പ്രേമികൾക്കിടയിൽ ഏറെ ജനപ്രിയമാണ്. കർശനമായ മലിനീകരണ മാനദണ്ഡങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കിയതിനാലാണ് ഐതിഹാസിക മോഡലായ ജിപ്‌സി 2018-ൽ നിർത്തലാക്കുന്നത്. വീണ്ടും ഇതേ പേരിൽ ഒരു വാഹനം പുറത്തിറക്കിയാൽ മാരുതി സുസുകിക്ക് വലിയ മൈലേജാവും ലഭിക്കുക എന്നാണ് മാരുതി മാർക്കറ്റ് എക്സ്പർട്ടുകളുടെ വിലയിരുത്തൽ.
സിയാസ് സെഡാനിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനായിരിക്കും പുതിയ ജിംനിയുടെ ഹൃദയം. എഞ്ചിൻ 102 ബി.എച്ച്.പി കരുത്തിൽ പരമാവധി 130 എൻ.എം ടോർക് ഉത്പാദിപ്പിക്കും. മാരുതിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും നൽകിയേക്കും. അങ്ങനെക്‍വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും എമിഷൻ അളവ് കുറയ്ക്കുകയും ചെയ്യും.
ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിനായി 5-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാവും സമ്മാനിക്കുക. 5-ഡോർ ജിംനി കുറഞ്ഞ അനുപാതത്തിലുള്ള ഗിയറോടുകൂടിയ ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റത്തോടൊപ്പം ലഭ്യമാക്കും. ടു-വീൽ ഡ്രൈവ് ഹൈ (2H), ഫോർ-വീൽ ഡ്രൈവ് ഹൈ (4H) ഓപ്ഷനുകളും വാഹനത്തിൽ ഉണ്ടാകും.
മാരുതി ജിംനിക്ക് 3850 മില്ലീമീറ്റർ നീളവും 1645 മില്ലീമീറ്റർ വീതിയും 1730 മില്ലീമീറ്റർ ഉയരവും 2550 മില്ലീമീറ്റർ വീൽബേസും ഉണ്ടാകും. എസ്‌യുവിയുടെ ഔദ്യോഗിക വിശദാംശങ്ങൾ അടുത്ത മാസം വെളിപ്പെടുത്തുമെങ്കിലും 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോൾ തുടങ്ങിയ സവിശേഷതകളോടെ വരാനാണ് സാധ്യത.
2021 ജനുവരി മുതൽ ഹരിയാന പ്ലാന്റിൽ ജിംനി എസ്‌യുവിയുടെ ത്രീ-ഡോർ പതിപ്പ് നിർമിക്കുകയും ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ ലെഫ്റ്റ്, റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. അവിടെ തശന്നയാകും പുതിയ ഇന്ത്യൻ പതിപ്പും നിർമിക്കുക. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ എന്നിവരായിരിക്കും പ്രധാ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.